തിരുവനന്തപുരം: റോഡപകടങ്ങളിൽപ്പെടുന്നവർക്ക് എത്രയും വേഗം അടിയന്തരചികിത്സ ലഭ്യമാക്കാൻ സംസ്ഥാനത്ത് സൗജന്യ ആംബുലൻസ് ശൃംഖല സജ്ജമായി. 108 ലേക്ക് വിളിച്ചോ മൊബൈൽ ആപ്പ് ഉപയോഗിച്ചോ ആംബുലൻസ് സേവനം തേടാം. ആദ്യഘട്ടത്തിൽ 101 ആംബുലൻസുകളാണ് നിരത്തിലിറങ്ങുന്നത്.

ഏറ്റവുമധികം അപകടം നടക്കുന്നതായി സംസ്ഥാന ക്രൈം റെക്കോർഡ്സ് ബ്യൂറോ ജിഐഎസ് മാപ്പിങ് വഴി കണ്ടെത്തിയ 315 കേന്ദ്രങ്ങളിലാണ് ആംബുലൻസ് സേവനം കേന്ദ്രീകരിക്കുന്നത്. 24 മണിക്കൂറും സേവനം ലഭ്യമാകും. ദേശീയപാതകളിൽ ഓരോ 30 കിലോമീറ്റർ ഇടവിട്ട് ആംബുലൻസ് വിന്യസിക്കും.

സർക്കാർ – സ്വകാര്യ ആശുപത്രികളുടെ സേവനം ഉറപ്പുവരുത്തിക്കൊണ്ടാകും ശൃംഖലയുടെ പ്രവർത്തനം. പ്രത്യേക പരിശീലനം നേടിയ പൈലറ്റും എമർജൻസി മെഡിക്കൽ ടെക്നീഷ്യനും അടങ്ങുന്ന ജീവനക്കാർ ഓരോ ആബുലൻസിലും ഉണ്ടാകും. പരിശീലനം ലഭിച്ച 70 എമർജൻസി റെസ്‌പോൺസ് ഓഫീസർമാരും 24 മണിക്കൂറും പ്രവർത്തിക്കുന്ന കോൾ സെന്ററിൽ കർമ്മനിരതരാകും.

Also Read: കുത്തൊഴുക്കിലും ജീവൻ പണയം വച്ച് ആംബുലൻസിന് വഴികാട്ടിയായി ബാലൻ, വീഡിയോ

അപകടത്തിന് ശേഷമുണ്ടാകുന്ന നടപടികളിലെ കുരുക്കുകൾ ഇനി രക്ഷാപ്രവർത്തകർക്ക് നേരിടേണ്ടി വരില്ലെന്നും രക്ഷാപ്രവർത്തകർക്ക് ഒപ്പമാണ് സർക്കാരെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അപകടങ്ങൾ കുറയ്ക്കാനും അപകടത്തിൽപ്പെടുന്നവർക്ക് പ്രാഥമിക ശുശ്രൂഷ ഉറപ്പുവരുത്താനുമുള്ള ബോധവൽക്കരണ പരിപാടികളും സംഘടിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.