തിരുവനന്തപുരം: നിയമവിരുദ്ധമായ കരാറിന്റെ അടിസ്ഥാനത്തിൽ ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സുമായി കച്ചവടത്തിനിറങ്ങിയാൽ മിസോറാം ലോട്ടറി ഡയറക്ടർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കേണ്ടി വരുമെന്ന് കേരളം. കഴിഞ്ഞ ദിവസം പത്രങ്ങളിൽ പ്രസിദ്ധീകരിച്ച പരസ്യത്തിലെ അവകാശവാദങ്ങൾക്കു നൽകിയ രേഖാമൂലമുള്ള മറുപടിയിലാണ് കേരള നികുതി വകുപ്പു സെക്രട്ടറിയുടെ മുന്നറിയിപ്പ്.
നിയമവിരുദ്ധമായ ലോട്ടറി നടത്തിപ്പിന് രണ്ടുവർഷം വരെ കഠിനതടവും പിഴയുമാണ് ശിക്ഷ. ലോട്ടറി വിറ്റു വരവ് മുഴുവൻ സംസ്ഥാന ഖജനാവിൽ ഒടുക്കണമെന്ന നിബന്ധന പാലിക്കാതെയാണ് മിസോറാം ലോട്ടറി വകുപ്പ് ടീസ്റ്റാ ഡിസ്ട്രിബ്യൂട്ടേഴ്സുമായി കരാറിലേർപ്പെട്ടിരിക്കുന്നതെന്ന് നികുതി വകുപ്പ് ആരോപിക്കുന്നു.. ഇതിനുപകരം ആവിഷ്കരിച്ച മിനിമം ഗ്യാരണ്ടി റവന്യൂ എന്ന വ്യവസ്ഥ നിയമവിരുദ്ധമാണെന്നാണ് സിഎജിയുടെ റിപ്പോർട്ട്. സിഎജി നിയമവിരുദ്ധമെന്ന് വിശേഷിപ്പിച്ച വ്യവസ്ഥയുള്ള കരാറുമായി സംസ്ഥാനത്ത് ലോട്ടറി വിൽക്കാൻ അനുവദിക്കില്ലെന്ന കർശന നിലപാടിലാണ് കേരളം.
മിസോറാം ലോട്ടറി ടിക്കറ്റിന്റെ അച്ചടി സംബന്ധിച്ച് ഗുരുതരമായ കണ്ടെത്തലുകളാണ് സിഎജി റിപ്പോർട്ടിലുള്ളത്. ബാർ കോഡ് പോലുള്ള യാതൊരു വിധ സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെയാണ് ടിക്കറ്റുകൾ അച്ചടിച്ചിരിക്കുന്നത്. മിസോറാം ലോട്ടറി ഡയറക്ടറേറ്റിന്റെ വിലാസമോ ഫോൺ നമ്പരോ വെബ് വിലാസമോ ഒന്നുംതന്നെ ടിക്കറ്റുകളിൽ അച്ചടിച്ചിട്ടില്ല. അച്ചടിക്കുള്ള പ്രസുകളെ തിരഞ്ഞെടുത്തതിലും ക്രമക്കേടുകളുണ്ടെന്ന് സിഎജി ആരോപിക്കുന്നു.
റിപ്പോർട്ടു തയ്യാറാക്കുന്നതിന്റെ ഭാഗമായി 2016 മാർച്ചിൽ ഫരീദാബാദിലെ പ്രസിൽ സിഎജി സംഘം പരിശോധന നടത്തിയിരുന്നു. നാഗാലാന്റ്, അരുണാചൽ പ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളുടെയെല്ലാം ലോട്ടറി ടിക്കറ്റുകൾ ഇതേ പ്രസിലാണ് അച്ചടിക്കുന്നത്. ടിക്കറ്റിന്റെ ഡിസൈനും വലിപ്പവും മറ്റുമെല്ലാം പ്രസുകാരും വിതരണക്കാരും ചേർന്നാണ് തീരുമാനിക്കുന്നതെന്നും മിസോറാം സർക്കാരിന് പങ്കൊന്നുമില്ലെന്നും സിഎജി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ഇക്കാര്യങ്ങളെല്ലാം വിശദമായി രേഖപ്പെടുത്തിയ കത്താണ് മിസോറാം ചീഫ് സെക്രട്ടറിയ്ക്ക് കേരള നികുതി വകുപ്പ് അയച്ചത്. ലോട്ടറി നിയമത്തിലെ പത്താം വകുപ്പു പ്രകാരം 2011 ആഗസ്റ്റ് എട്ടിന് കേന്ദ്രസർക്കാർ പുറത്തിറക്കിയ സർക്കുലർ പ്രകാരം ആതിഥേയ സംസ്ഥാനങ്ങൾക്കുള്ള അധികാരം കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമ പ്രകാരമാണ് അന്യസംസ്ഥാന ലോട്ടറികളുടെ നടത്തിപ്പ് എന്നുറപ്പു വരുത്താൻ ഈ സർക്കുലർ ആതിഥേയ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്.
ഈ സാഹചര്യത്തിൽ മിസോറാം സർക്കാർ നൽകിയ പത്രപ്പരസ്യത്തിലെ അവകാശവാദങ്ങൾ ദൗർഭാഗ്യകരവും ന്യായീകരണമില്ലാത്തതും നിയമവിരുദ്ധവും തെറ്റിദ്ധാരണ പരത്തുന്നതുമാണെന്നും കേരളം നൽകിയ കത്തിൽ പറയുന്നു.