തിരുവനന്തപുരം: സാന്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സഹായിക്കാൻ 130 കോടി രൂപ ധനവകുപ്പ് അനുവദിച്ചു. ജീവനക്കാരുടെ ശമ്പളവും പെൻഷനും വിതരണം ചെയ്യുന്നതിനായാണ് ധനവകുപ്പ് ഈ സഹായം നൽകുന്നത്. 3 മാസമായി പെൻഷൻ വിതരണം പ്രതിസന്ധിയിലായതോടെ ജീവനക്കാർ സെക്രട്ടറിയേറ്റിന് മുന്നിൽ സമരം നടത്തുകയാണ്.

ഇന്നും നാളെയുമായിട്ട് ജീവനക്കാർക്ക് ശമ്പളവും പെൻഷനും വിതരണം ചെയ്യുമെന്ന് ഗതാഗതമന്ത്രി തോമസ് ചാണ്ടി പറഞ്ഞു. ഇന്നു തന്നെ 130 കോടി രൂപ കെഎസ്ആർടിസിക്ക് നൽകുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് അറിയിച്ചതായി പറഞ്ഞു. കെഎസ്ആര്‍ടിസി അടിമുടി പുനഃസംഘടിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. തൊഴിലാളികളെ വിശ്വാസത്തിലെടുത്ത് തീരുമാനം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് പണം അടിയന്തരമായി നല്‍കുന്നത്. ഇന്നു തന്നെ പണം നല്‍കണമെന്നാണ് ധനസെക്രട്ടറിയ്ക്കു നല്‍കിയ നിര്‍ദ്ദേശം.

പ്രതിമാസം ജീവനക്കാർക്ക് ശമ്പളവും, പെൻഷനും വിതരണം ചെയ്യാൻ 140 കോടിരൂപയാണ് കെഎസ്ആർടിസിക്ക് ആവശ്യമുള്ളത്. സാമ്പത്തിക പ്രതിസന്ധിയിലായ കെഎസ്ആർടിസിയെ സഹായിക്കാൻ പ്രതിമാസം 30 കോടി രൂപ ധനവകുപ്പ് നൽകിയിരുന്നു. എന്നാൽ ജീവനക്കാരുടെ പ്രതിഷേധം ശക്തമായതോടെയാണ് ധനമന്ത്രി അടിയന്തരമായി ഇടപെട്ടത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ