കൊച്ചി: വിഴിഞ്ഞം തുറമുഖ നിർമാണ കരാറിലെ അഴിമതി വിജിലൻസ് അന്വേഷിക്കുമെന്ന് സർക്കാർ ഹൈക്കോടതിയിൽ. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും തുറമുഖ മന്ത്രിയായിരുന്ന കെ ബാബുവിനെതിരെ അന്വേഷണം ആവശ്യപ്പെടുന്ന പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാർ വിശദീകരണം നൽകിയത്. അഴിമതി നിരോധന നിയമത്തിലെ 17 എ വകുപ്പ് പ്രകാരം അന്വേഷണത്തിന് അനുമതി നൽകിയതായി സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

കരാർ പരിശോധിക്കാൻ നിയോഗിച്ച ജസ്റ്റിസ് സിഎൻ രാമചന്ദ്രൻ നായർ കമ്മിഷൻ റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണത്തിന് ഉത്തരവിട്ടതെന്ന് സർക്കാർ ബോധിപ്പിച്ചു.

Read More Kerala News: ഡോളർ കടത്ത്: ശിവശങ്കർ നാലാം പ്രതി, അറസ്റ്റ് രേഖപ്പെടുത്തി

യുഡിഎഫ് സർക്കാരിന്റെ കാലത്ത് തുറമുഖ കരാർ അദാനിക്ക് നൽകിയതിൽ വൻ അഴിമതിയും കോഴയും ഉണ്ടെന്നും സംസ്ഥാനത്തിന് ഭീമമായ നഷ്ടമുണ്ടായെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് കൊല്ലം സ്വദേശി എംകെ സലീം സമർപ്പിച്ച
പൊതുതാൽപ്പര്യ ഹർജിയിലാണ് സർക്കാർ നടപടി. കരാറിലെ നിർദേശങ്ങൾക്ക് വിരുദ്ധമായി വൻ ഇളവുകൾ അനുവദിച്ചത് അദാനിക്ക് സാമ്പത്തീക നേട്ടമുണ്ടാക്കിയെന്ന ആരോപണം പരിഗണിച്ച അന്നത്തെ ചീഫ് ജസ്റ്റീസ് നവനീതി പ്രസാദ് സിംഗ് സംസ്ഥാനം അദാനിക്ക്
തീറെഴുതിയെന്ന ഗുരുതര പരാമർശം നടത്തിയതോടെയാണ് സർക്കാർ ജസ്റ്റീസ് സി എൻ രാമചന്ദ്രൻ നായർ അധ്യക്ഷനായി സമിതിയെ നിയോഗിച്ചത്.

കരാർ പ്രകാരം ആദ്യ പത്തു വർഷം തന്നെ സർക്കാരിന്ഇരുപത്തിമൂവായിരം കോടിയുടെ നഷ്ടമുണ്ടാവുമെന്നായിരുന്നു സിഎജി റിപോർട്. തുറമുഖത്ത് പുലിമുട്ടും മത്സ്യ ബന്ധന തുറമുഖവും നിർമിക്കുന്നതിന് 747 കോടിയാണ് കൺസൽട്ടന്റ് നിർദേശിച്ചത്. എന്നാൽ തുക 1463 കോടിയാക്കി ഉയർത്തി നിർമാണം അദാനിക്ക് നേരിട്ട് നൽകുകയായിരുന്നുവെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. ഒറ്റ ടെൻഡർ മാത്രമുള്ള പദ്ധതിയിൽ തുക വർധിപ്പിച്ചു നൽകിയത് സർക്കാർ തലത്തിൽ വേണ്ടത്ര പരിശോധനയോ വിലയിരുത്തലോ നടത്താതെയാണന്നും കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു.

Read More Kerala News: സർക്കാരിനെ അടിക്കാൻ മാർഗമില്ലാത്തതുകൊണ്ട് തന്നെ ആക്രമിക്കുന്നു, തലകുനിക്കില്ല: ശ്രീരാമകൃഷ്‌ണൻ

പൊതു-സ്വകാര്യ പങ്കാളിത്തത്തോടെയുള്ള പദ്ധതികളുടെ കാലാവധി രാജ്യത്ത് 30 വർഷം ആണന്നിരിക്കെ 40 വർഷമായി നീട്ടി നൽകിയത് അദാനിക്ക് നേട്ടമുണ്ടാക്കിയതായും കമ്മീഷൻ വിലയിരുത്തി.

കേസ് പരിഗണിച്ച ജസ്റ്റീസുമാരായ എഎം ഷെഫീഖും പി.ഗോപിനാഥുമടങ്ങുന്ന ഡിവിഷൻ ബഞ്ച് സർക്കാർ തീരുമാനം രേഖപ്പെടുത്തി ഹർജി തീർപ്പാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.