ആലപ്പുഴ: മുന്‍ മന്ത്രിയും കുട്ടനാട് എംഎല്‍എയുമായ തോമസ് ചാണ്ടിയുടെ റിസോര്‍ട്ടിന് പിഴ ചുമത്തിയുള്ള ആലപ്പുഴ നഗരസഭയുടെ തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തള്ളി. എംഎല്‍എയുടെ ലേക്ക് പാലസ് റിസോര്‍ട്ടില്‍ നിന്ന് പിഴയും നികുതിയും ഈടാക്കുന്നത് തടഞ്ഞു. റിസോര്‍ട്ടിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നികുതി ഈടാക്കാന്‍ അഡിഷണല്‍ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയും ചെയ്തു.
Read Also: സുപ്രീംകോടതിയിലും തോമസ് ചാണ്ടിക്ക് തിരിച്ചടി
അനധികൃത നിർമാണങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് ആലപ്പുഴ നഗരസഭ റിസോർട്ടിന് 1.17 കോടി രൂപയാണ് നികുതിയിട്ടത്. തുടര്‍ന്ന് എംഎൽഎയുടെ കമ്പനിയുടെ അപ്പീലിൽ സര്‍ക്കാര്‍ പിഴത്തുക 34 ലക്ഷം ആയി വെട്ടിക്കുറച്ചു. എന്നാൽ സർക്കാർ തീരുമാനം അംഗീകരിക്കാനാവില്ലെന്നും നഗരസഭയുടെ അധികാരത്തിലുള്ള കൈകടത്തലാണെന്നും നഗരസഭ കൗണ്‍സില്‍ നിലപാടെടുത്തു.
എന്നാൽ, ഇതിനു പിന്നാലെയാണ് നഗരസഭയുടെ തീരുമാനത്തിനെതിരെ സർക്കാർ രംഗത്തെത്തിയത്. നഗരസഭയുടെ തീരുമാനം അസാധുവാക്കി സർക്കാർ ഉത്തരവിറക്കി. സർക്കാർ നിർദേശിച്ച പിഴയിടാക്കാനുള്ള നടപടി സ്വീകരിക്കണമെന്ന് ഉത്തരവില്‍ പറയുന്നു.
അനധികൃത നിർമ്മാണത്തിന്റെ പേരിൽ തോമസ് ചാണ്ടിക്കെതിരെ നേരത്തെ വിമർശനം ഉയർന്നിരുന്നു. പിണറായി സർക്കാരിൽ ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി ഇതേ തുടർന്നാണ് മന്ത്രിസഭയിൽ നിന്ന് തന്നെ രാജിവയ്ക്കേണ്ടി വന്നത്.