തിരുവനന്തപുരം: സംസ്ഥാനത്ത് ഭൂപരിഷ്കരണ നിയമത്തിൽ വരുത്തേണ്ട മാറ്റങ്ങൾ സംബന്ധിച്ച് കരട് രേഖയ്ക്ക് രൂപം നൽകി. തോട്ടഭൂമി വിൽക്കുന്നതടക്കം ഇനി മുതൽ നിയമവിരുദ്ധമാകും. ഭൂമി വിറ്റാൽ അത് സർക്കാർ വസ്തുവാകുമെന്ന വ്യവസ്ഥയാണ് പുതിയ ഭേദഗതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.

1963 ലേതിന് സമാനമായല്ലെങ്കിലും ഏതാണ്ട് അത്രത്തോളം തന്നെ പ്രാധാന്യമർഹിക്കുന്നതാണ് പുതിയ നിയമ ഭേദഗതി. അന്ന് തോട്ടഭൂമി തുണ്ടുകളാക്കി മുറിച്ചുവിറ്റാൽ വിറ്റയാളുടെ ആസ്തികളിൽ നിന്ന് ഇത്ര തന്നെ ഭൂമി കണ്ടുകെട്ടാൻ സർക്കാർ നിയമം ഉണ്ടാക്കിയിരുന്നു. എന്നാൽ ഇത് വഴി ഒരു തുണ്ട് ഭൂമി പോലും കണ്ടെത്താനായില്ലെന്ന് റിപ്പോർട്ടുകളുണ്ട്.

വിറ്റയാളിന്റെ പക്കൽ ഇത്രയും ഭൂമി ഇല്ലാത്ത സാഹചര്യത്തിൽ ഈ നിയമം നടപ്പിലാക്കാനാവില്ലെന്ന നില വന്നിരുന്നു. ഈ പിഴവിലൂടെ നിരവധി പേർ ഭൂപരിഷ്കരണ നിയമത്തെ നിസാരമായി മറികടന്നു. ഈ സാഹചര്യത്തിലാണ് നിയമം ഭേദഗതി ചെയ്യാനുള്ള നിർദ്ദേശം മന്ത്രി ഇ.ചന്ദ്രശേഖരൻ മുന്നോട്ട് വച്ചത്.

നിലവിൽ ഒരാൾക്ക് കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറാണ്. എന്നാൽ തോട്ടഭൂമി ഇതിന് പുറമേ കൈവശം വയ്ക്കാം. അതിന് പരിധിയുമില്ല. ഈ അവസരം മുതലെടുത്ത് ഭൂവുടമകൾ തോട്ടഭൂമി തുണ്ടുകളാക്കി മറിച്ചുവിറ്റ് പണം ഉണ്ടാക്കുന്നതായി റവന്യു വകുപ്പിന്റെ റിപ്പോർട്ടുണ്ട്.

ഈ റിപ്പോർട്ട് അടിസ്ഥാനപ്പെടുത്തിയാണ് നടപടി. വില്ലേജ് ഓഫീസറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപടിയെടുക്കാൻ സാധിക്കുന്ന നിലയിലാണ് നിയമനിർമ്മാണത്തിനൊരുങ്ങുന്നത്.

തോട്ടഭൂമിയായി കണക്കാക്കുന്നതിനുള്ള നിബന്ധനകളിൽ വ്യക്തത കൊണ്ടുവരാനും ഇത് ദീർഘനാൾ തരിശായി ഇടാൻ ആവില്ലെന്നും വ്യക്തമാക്കിയാവും നിയമം ഭേദഗതി ചെയ്യുക.

 

 

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ