തിരുവനന്തപുരം: പ്രവാസികളെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുമ്പോൾ അവർക്കായി എന്തും ചെയ്യാൻ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ നാട് പ്രവാസികൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും എപ്പോൾ വേണമെങ്കിലും തിരിച്ചുവരാനുള്ള അവകാശം അവർക്കുണ്ടെന്നും മുഖ്യമന്ത്രി ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു. പ്രവാസികളെ തിരിച്ചുകൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകർ ചോദ്യങ്ങൾ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ മറുപടി.

“എത്ര പ്രവാസികൾ മടങ്ങിയെത്തിയാലും അവർക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സർക്കാർ ഒരുക്കും. അവര്‍ ഇപ്പോള്‍ ഒരു സ്ഥലത്ത് ആയിപ്പോയതുകൊണ്ട് അവര്‍ക്ക് ഇങ്ങോട്ട് വരാന്‍ അവകാശമില്ലെന്ന് ആരും കരുതരുത്. നമ്മൾ ബസില്‍ കയറിയ ശേഷം പിന്നെ ആരും കയറരുതെന്ന് പറയുന്നത് പോലെ ആകരുത്. ജീവിത മാര്‍ഗം തേടി ഈ നാട്ടില്‍ നിന്ന് പുറത്തുപോയവരാണ്. അവര്‍ക്ക് എപ്പോഴും ഇങ്ങോട്ട് മടങ്ങിവരാനുള്ള അവകാശമുണ്ട്. എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. അതിനെല്ലാം ഉള്ള സജ്ജീകരണങ്ങളും ഒരുക്കും. പ്രവാസികൾക്ക് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഇവിടെ ഒരുക്കും.” മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, ഗള്‍ഫില്‍ കോവിഡ് ഇതര കാരണങ്ങളാല്‍ മരണമടയുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ വേണ്ട നടപടി സ്വീകരിക്കുന്നതിന് ബന്ധപ്പെട്ട എംബസികള്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ ചരക്ക് വിമാനങ്ങളില്‍ മൃതദേഹം കൊണ്ടുവരുന്നതിന് നടപടി സ്വീകരിക്കാന്‍ എംബസികളോട് ആവശ്യപ്പെടണമെന്നാണ് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചത്.

ഇതുസംബന്ധിച്ച് ഗള്‍ഫ് മേഖലയിലെ മലയാളി സംഘടനകളില്‍ നിന്ന് നിരവധി പരാതികള്‍ വരുന്നുണ്ട്. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ എംബസിയുടെ ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് വേണം. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റ് വേണമെന്നാണ് എംബസികളുടെ നിലപാട്. നേരത്തെ കോവിഡ് ബാധിച്ചല്ലാതെയുള്ള മരണങ്ങളില്‍ മൃതദേഹം നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റില്ലാതെ തന്നെ നാട്ടിലെത്തിച്ചിരുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Read Also: സ്‌പ്രിൻക്ലർ ഉത്തരവ്: സർക്കാർ മുന്നോട്ട് തന്നെയെന്ന് മുഖ്യമന്ത്രി, 99 ശതമാനം കാര്യങ്ങൾക്കും പരിഹാരമായെന്ന് ചെന്നിത്തല

സംസ്ഥാനത്ത് ഇന്ന് മൂന്ന് പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മൂന്ന് പേരും കാസർഗോഡ് സ്വദേശികളാണ്. സമ്പർക്കം മൂലമാണ് ഇവർക്ക് രോഗം സ്ഥിരീകരിച്ചത്. കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന 15 പേരുടെ ഫലം ഇന്നു നെഗറ്റീവ് ആയി. സംസ്ഥാനത്ത് കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുള്ളവരുടെ എണ്ണം 116 ആയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നത്തെ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കാസർഗോഡ് 5, പത്തനംതിട്ട, മലപ്പുറം, കണ്ണൂർ മൂന്ന് വീതം, കൊല്ലം ഒന്ന് എന്നിങ്ങനെയാണു രോഗം മാറിയവരുടെ കണക്ക്. ഇതുവരെ 450 പേർക്കാണു രോഗം ബാധിച്ചത്. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21,725 പേർ നിരീക്ഷണത്തിലുണ്ട്. 21,243 പേർ വീടുകളിലാണ്. 452 പേർ ആശുപത്രിയിൽ. ഇന്നു മാത്രം 144 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.

Read Also: Kerala Weather: നാളെ കേരളത്തിലെ മുഴുവൻ ജില്ലകളിലും നേരിയ മഴ

റമദാൻ മാസം തുടങ്ങുന്നതുകൊണ്ടാണ് ആറു മണിക്കു നടത്താറുള്ള വാർത്താ സമ്മേളനം അഞ്ച് മണിയിലേക്കു മാറ്റിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ഇതിനുശേഷവും കുറച്ചുകൂടി നേരത്തേ വാര്‍ത്താസമ്മേളനം നടത്തണമെന്ന ആവശ്യവുമായി സ്ത്രീകൾ അടക്കം ഫോൺ വിളിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. അതിനാൽ വാർത്താ സമ്മേളനത്തിന്റെ സമയം കുറച്ചുകൂടി കുറയ്ക്കാം എന്നാണു തോന്നുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതിര്‍ത്തികളില്‍ കര്‍ശന പരിശോധന

അതിര്‍ത്തികളില്‍ കര്‍ശന ജാഗ്രത പുലര്‍ത്താന്‍ നിര്‍ദ്ദേശം നല്‍കിയതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കര്‍ണാടകത്തിലെ കുടകില്‍ നിന്ന് കണ്ണൂരിലെ കാട്ടിലൂടെ എത്തിയ എട്ടു പേരെ കൊറോണ കെയര്‍ സെന്ററിലേക്ക് മാറ്റി. ഈ ആഴ്ച 57 പേര്‍ കുടകില്‍ നിന്ന് നടന്ന് അതിര്‍ത്തി കടന്നെത്തി. ഇവരെയെല്ലാം ഇരിട്ടിയിലെ രണ്ട് കൊറോണ കെയര്‍ സെന്ററുകളിലായി പാര്‍പ്പിച്ചിരിക്കുകയാണ്. കോവിഡ് ഇതര രോഗമുള്ളവര്‍ക്ക് ജീവന്‍രക്ഷാ മരുന്നുകള്‍ ലഭ്യമാക്കുന്നതിന് തദ്ദേശസ്ഥാപനങ്ങള്‍ വഴി നടപടിയെടുക്കും.

ലോക്ക്ഡൗണില്‍ വരുമാനം നിലച്ച നിര്‍ധനരായ ഡയാലിസിസ്, അവയവമാറ്റം, അര്‍ബുദ രോഗികള്‍ക്ക് ഇന്‍സുലില്‍ ഉള്‍പ്പെടെ ആവശ്യമായ മരുന്നുകള്‍ എത്തിക്കുന്നതിന് കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന് കാലതാമസം ഉണ്ടായാല്‍ കാരുണ്യ നീതി സ്റ്റോറുകളില്‍ നിന്ന് വാങ്ങാന്‍ അനുമതി നല്‍കി. അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിക്ക് 41 കോടി രൂപ അനുവദിച്ചു.

82 നഗരസഭകള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. അസംഘടിത തൊഴിലാളി സാമൂഹ്യ സുരക്ഷാ ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ 15 കോടി രൂപ കൂടി അനുവദിച്ചു. ഇതോടെ ആകെ 27.5 കോടി രൂപ അനുവദിച്ചിട്ടുണ്ട്. കേരള തയ്യല്‍ തൊഴിലാളി ക്ഷേമബോര്‍ഡ് അംഗങ്ങള്‍ക്ക് സഹായം ലഭ്യമാക്കുന്നതിന് 9.70 കോടി രൂപ അനുവദിച്ചു.

മൂന്നാറില്‍ റേഷന്‍ വിതരണത്തില്‍ ക്രമക്കേട് നടത്തിയ ത്യാഗരാജന്‍ എന്നയാളെ അറസ്റ്റ് ചെയ്തു. കടയുടെ അംഗീകാരം റദ്ദാക്കി. വാഹനത്തില്‍ കടത്തിയ 67 ചാക്ക് റേഷന്‍ ധാന്യം പിടികൂടി. അനധികൃതമായി കടത്തിയ ഗോതമ്പും പച്ചരിയും പിടിച്ചെടുത്തു. വ്യവസായ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖല സ്ഥാപനങ്ങളുടെ 307 ഏക്കര്‍ സ്ഥലത്ത് പച്ചക്കറി, കിഴങ്ങ്, വാഴ കൃഷി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.