തിരുവനന്തപുരം: കോട്ടയത്ത് കൊല ചെയ്യപ്പെട്ട കെവിൻ പി.ജോസഫിന്റെ വീട് സന്ദർശിക്കാൻ ഇപ്പോൾ തീരുമാനമില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ സംഭവത്തിൽ കുറ്റക്കാരെ പിടികൂടുകയാണ് സർക്കാരിന്റെ ചുമതല. അത് ചെയ്യുന്നുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.

കെവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ എസ്ഐ മനഃപൂർവ്വം വീഴ്‌ച വരുത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോട്ടയത്ത് തന്റെ പരിപാടി വൈകുന്നേരമായിരുന്നുവെന്നും പരാതി ലഭിച്ചത് രാവിലെയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.

തന്റെ സുരക്ഷ തീരുമാനിക്കുന്നത് താനല്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഇക്കാര്യം തീരുമാനിക്കുന്നത് മറ്റ് ചിലരാണ്. താൻ ആഭ്യന്തര മന്ത്രിസ്ഥാനം ഒഴിയണമെന്ന പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന വിടുവായത്തമാണ്.  ചെന്നിത്തലയ്ക്ക് താനിരിക്കുന്ന സ്ഥാനം ഇതുവരെ പിടികിട്ടിയിട്ടില്ല.  അതിനുളള മറുപടി തന്നെക്കൊണ്ട് പറയിക്കരുത്,” പിണറായി പറഞ്ഞു.

കെവിന്റെ മരണവുമായി ബന്ധപ്പെട്ട് മാധ്യമപ്രവർത്തകയുടെ ചോദ്യത്തിന് രൂക്ഷമായ ഭാഷയിൽ വിമർശിച്ചതിന് പിന്നിൽ ആ ചോദ്യത്തിന് പിന്നിലെ താത്പര്യമായിരുന്നു കാരണം എന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഒറ്റപ്പെട്ട സംഭവങ്ങളിൽ നാടിനെ മോശമാക്കി കാണിക്കാനാണ് ചില മാധ്യമങ്ങളുടെ ശ്രമം. ഇത് മാധ്യമധർമ്മമല്ല. മാധ്യമങ്ങൾ പറഞ്ഞതല്ല വസ്തുത,” പിണറായി വിജയൻ പറഞ്ഞു.

“ചില മാധ്യമങ്ങൾ നാടിനെ അപമാനിക്കാനാണ് ശ്രമിക്കുന്നത്. സംസ്ഥാനത്ത് 60000 പൊലീസുകാരുണ്ട്. അവരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ചില ഒറ്റപ്പെട്ട വീഴ്‌ചകൾ തനിക്കെതിരെ ഉയർത്താനാണ് അവരുടെ ശ്രമം,” പിണറായി പറഞ്ഞു. കെവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ വാർത്ത നൽകിയ രീതിയെ വിമർശിച്ച് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ഇന്ധനവില കുറച്ചു. പെട്രോളിനും ഡീസലിനും ഒരു രൂപയാണ് കുറച്ചത്. ഇത് കേന്ദ്രത്തിനുളള സന്ദേശമാണെന്ന് മന്ത്രിസഭ യോഗ തീരുമാനങ്ങൾ അറിയിച്ച് മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്തിന് സാമ്പത്തിക പരിമിതി ഉണ്ട്.  ജൂൺ ഒന്ന് മുതൽ സംസ്ഥാനത്തിന്റെ നികുതിയിൽ പെട്രോളിനും ഡീസലിനും ഒരു രൂപ കുറയ്ക്കും. ഇത് വഴി 509 കോടിയുടെ കുറവ് വരും. ഇത് കേന്ദ്രത്തിനുളള സന്ദേശമാണ്. ആ നികുതി കുറയ്ക്കാൻ കേന്ദ്രം തയ്യാറാകണം.  നിങ്ങളെന്ത് ചെയ്തുവെന്ന് ചോദിച്ചാൽ മറുപടി എന്ന നിലയിലാണ് ഈ നടപടി.

സമീപകാലത്തുണ്ടായ കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെടുന്നവർക്ക് ധനസഹായം നൽകാൻ മന്ത്രിസഭ യോഗം തീരുമാനിച്ചു. കടലിന്റെ തൊട്ടടുത്ത് താമസിക്കുന്നവർക്ക് വീട് മാറ്റിസ്ഥാപിക്കാൻ 10 ലക്ഷം രൂപ നൽകും. വീട് നഷ്ടപ്പെട്ടവർക്ക് 25000 രൂപ ആദ്യം നൽകും.

ഇവർക്ക് വീട് മാറ്റിവയ്ക്കാൻ സ്ഥലം കണ്ടെത്തുന്ന മുറയ്ക്ക് അഞ്ച് ലക്ഷവും വീട് നിർമ്മിക്കാൻ നാല് ലക്ഷവും നൽകും. വീട് ഭാഗികമായി തകരുന്നവർക്ക് റവന്യൂ വകുപ്പ് വഴി സഹായം ലഭിക്കും.

കടൽക്ഷോഭത്തെ തുടർന്ന് കടലിൽ പോകാൻ സാധിക്കാത്തവർക്ക് ഒരു മാസത്തെ സൗജന്യ റേഷൻ നൽകാൻ തീരുമാനിച്ചു. കേരളത്തിന്റെ എല്ലാ ഭാഗത്തും കടലാക്രമണം രൂക്ഷമാണ്. ഈ സാഹചര്യത്തിൽ എല്ലായിടത്തും കടൽഭിത്തി നിർമ്മിക്കും.  തീരഭിത്തി നിർമ്മാണത്തിന് ജിയോ ട്യൂബും ഉപയോഗിക്കാൻ തീരുമാനിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.