തിരുവനന്തപുരം: സംസ്ഥാനത്ത് കർഷകർക്കും ഇനി മുതൽ പെൻഷനും മറ്റു ആനുകൂല്യങ്ങളുമാകും. കര്‍ഷക ക്ഷേമനിധി ബോര്‍ഡ് ബില്‍ നിയമസഭ പാസാക്കിയതോടെയാണ് പെൻഷൻ ആനുകൂല്യങ്ങൾ കർഷകരിലേക്കുമെത്തുന്നത്. ഇന്ത്യയിൽ തന്നെ ഇതാദ്യമായാണ് കർഷകർക്ക് പെൻഷൻ ലഭ്യമാക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനങ്ങളിൽ ഒന്നായിരുന്നു ഇത്. പദ്ധതി നടപ്പാകുന്നതോടെ ആയിരകണക്കിന് കർഷകർക്ക് പ്രതിമാസ പെൻഷൻ ലഭിക്കും.

കാര്‍ഷികവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുഴുവന്‍ കര്‍ഷകര്‍ക്കും സാമ്പത്തികസുരക്ഷയ്ക്കും ക്ഷേമത്തിനുമായാണ് ബോർഡ് രൂപീകരിക്കുന്നത്. കേരളത്തിന്റെ കാർഷികമേഖലയുടെ മുഖച്ഛായ മാറ്റുന്നതാണ് ഈ നിയമനിർമാണമെന്ന് കൃഷിമന്ത്രി വി.എസ്.സുനിൽകുമാർ പറഞ്ഞു. കര്‍ഷകര്‍ക്ക് സാമൂഹ്യമാന്യതയും സാമ്പത്തിക പുരോഗതിയും ഉറപ്പുവരുത്തുന്നതിനും വരുംതലമുറയെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിക്കുന്നതിനും ഈ നിയമം സഹായകമാകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അഞ്ച് സെന്റിലേയും 15 ഏക്കറിൽ താഴേയും സ്വന്തമോ പാട്ടത്തിനെടുത്തതോ ആയ ഭൂമിയുള്ള കൃഷിക്കാർക്കെല്ലാം പെൻഷൻ ലഭിക്കും. 18 വയസ്സ് പൂർത്തിയായ എല്ലാ കൃഷിക്കാർക്കും പദ്ധതിയിൽ അംഗങ്ങളാകാം. പ്രതിമാസം കുറഞ്ഞത് 100 രൂപ കർഷകർ അംശദായം അടയ്ക്കണം. സർക്കാർ വിഹിതമായി 250 രൂപ വരെ അടയ്ക്കും. അ‍ഞ്ചു വർഷത്തിൽ കുറയാതെ അംശദായം അടച്ചവർക്ക് 60 വയസ്സ് തികയുമ്പോൾ അംശദായത്തിന്റേയും വർഷത്തിന്റേയും അടിസ്ഥാനത്തിൽ ഉയർന്ന പെൻഷൻ ലഭിക്കും.

ഉദ്യാനം, ഔഷധക്കൃഷി, നഴ്സറി, വിളകളും ഇടവിളകളും, ഫലവൃക്ഷങ്ങൾ, പച്ചക്കറി, പുല്ല്, തീറ്റപ്പുല്ല്, മത്സ്യം, അലങ്കാര മത്സ്യം, ചിപ്പി, തേനീച്ച, പട്ടുനൂൽപ്പുഴു, കോഴി, താറാവ്, കാട, ആട്, മുയൽ, കന്നുകാലി, പന്നി വളർത്തൽ തുടങ്ങി വിവിധ കാർഷിക മേഖലകളിൽ ഏർപ്പെട്ടിരിക്കുന്നവർ നിയമത്തിന്റെ പരിധിയിൽ വരും. അതേസമയം റബര്‍, കാപ്പി, തേയില, ഏലം തോട്ടവിളകൾക്ക് ഭൂപരിധി ഏഴര ഏക്കര്‍ ആയി നിശ്ചയിച്ചിട്ടുണ്ട്.

25 വർഷ അംശദായം അടച്ചവർക്ക് ഒറ്റത്തവണ നിശ്ചിത തുക ലഭിക്കും. അംഗങ്ങളായ എല്ലാ കര്‍ഷകരും ഇന്‍ഷുറന്‍സ് പരിരക്ഷ നല്‍കുന്നതോടൊപ്പം സ്ഥിരമായി അവശതയനുഭവിക്കുന്നവർക്ക് സഹായവും ലഭ്യമാക്കും. സ്ത്രീകളായ അംഗങ്ങളുടെയോ പെണ്‍ മക്കളുടെയോ വിവാഹത്തിനും പ്രസവശുശ്രൂഷയ്ക്കും വിദ്യാഭ്യാസത്തിനും സഹായം ഉറപ്പാക്കും. ഇതിന് പുറമെ കൃഷിയിൽ ഏർപ്പെട്ടിരിക്കെ അംഗങ്ങൾക്കോ കുടുംബാംഗങ്ങൾക്കോ അപകടം, മരണം, വന്യജീവി ആക്രമണം, വിഷബാധ എന്നിവയുണ്ടായാൽ അതിനും ക്ഷേമനിധി ബോർഡ് നഷ്ടപരിഹാരം നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.