തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികൾ പൂർണമായും മരവിപ്പിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് റവന്യൂ വകുപ്പ് പുറത്തിറക്കി. ഭൂമി ഏറ്റെടുക്കാൻ നിയോഗിച്ച മുഴുവൻ ഉദ്യോഗസ്ഥരെയും തിരിച്ചു വിളിച്ചു. 11 ജില്ലകളിലായി 205 ഉദ്യോഗസ്ഥരെയാണ് ഭൂമിയേറ്റെടുക്കൽ നടപടികൾക്ക് നിയോഗിച്ചത്. ഇവരെ എല്ലാവരെയും അടിയന്തരമായി തിരിച്ചു വിളിച്ചിട്ടുണ്ട്.
റെയിവേ ബോർഡിൽനിന്നുള്ള അനുമതി ലഭിച്ചശേഷം മാത്രം മതി തുടർനടപടികളെന്നാണ് റവന്യൂ വകുപ്പിന്റെ ഉത്തരവിലുള്ളത്. സാമൂഹികാഘാത പഠനം തല്ക്കാലം നടത്തേണ്ടതില്ലെന്നും ഉത്തരവിലുണ്ട്. സിൽവർ ലൈൻ പദ്ധതിക്ക് കേന്ദ്രാനുമതി ലഭിക്കാത്ത സാഹചര്യത്തില്‍ പഠനവുമായി മുന്നോട്ടു പോകാനാകാത്ത സാഹചര്യമായിരുന്നു.
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയെന്നാണ് സിൽവർ ലൈൻ പദ്ധതിയെ സംസ്ഥാൻ സർക്കാർ വിശേഷിപ്പിച്ചത്. എന്നാൽ പദ്ധതിക്കായുള്ള ഭൂമിയേറ്റെടുക്കൽ നടപടികൾ തുടങ്ങിയതോടെ വ്യാപക എതിർപ്പുകൾ ഉയർന്നു. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും പ്രതിഷേധം ഉണ്ടായിട്ടും പദ്ധതി നടപ്പാക്കുന്നതിൽനിന്ന് പിന്നോട്ടില്ലെന്ന നിലപാടിലായിരുന്നു സർക്കാർ. എന്നാൽ സിൽവർ ലൈൻ പദ്ധതിക്കെതിരായ പ്രതിഷേധം സര്‍ക്കാരിന്റെയും മുന്നണിയുടേയും പ്രതിച്ഛായയെ ബാധിച്ചെന്ന വിലയിരുത്തലും കേന്ദ്രാനുമതി ലഭിക്കാത്തതും കണക്കിലെടുത്താണ് പദ്ധതി പ്രവര്‍ത്തനങ്ങൾ താൽക്കാലികമായി നിര്‍ത്തിവയ്ക്കാൻ സർക്കാർ തീരുമാനിച്ചത്.