തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റ് വിതരണം തുടരുന്നു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റാണ് വിതരണം ചെയ്യുന്നത്. ഇന്നലെയാണ് റേഷൻ കടകൾ മുഖേന കിറ്റ് വിതരണം ആരംഭിച്ചത്.

രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്.

Read Also: മുഖ്യമന്ത്രി ഇന്ന് രാജമലയിൽ; ദുരിതബാധിത മേഖലകൾ സന്ദർശിക്കും

പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിനുണ്ടായ ബുദ്ധിമുട്ടുകള്‍ തരണം ചെയ്‌താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ പുരോഗമിക്കുന്നതെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഏകദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് ഓണക്കിറ്റിൽ ഉണ്ടാകുക. സപ്ലൈകോ വിവിധ കേന്ദ്രങ്ങളിൽ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

കിറ്റിലെ വിഭവങ്ങൾ

11 ഇനങ്ങൾ ഉൾപ്പെട്ട 500 രൂപ വിലയുള്ള കിറ്റാണ് നൽകുന്നത്‌. പഞ്ചസാര (ഒരു കിലോ), ചെറുപയർ/വൻപയർ (അരക്കിലോ), ശർക്കര (1 കിലോ), മുളക്പൊടി (100 ഗ്രാം), മല്ലിപ്പൊടി (100 ഗ്രാം), മഞ്ഞൾപൊടി (100 ഗ്രാം), സാമ്പാർപൊടി (100 ഗ്രാം), വെളിച്ചെണ്ണ (500 മി.ലി.), പപ്പടം (ഒരു പാക്കറ്റ്), സേമിയ/പാലട (ഒരു പാക്കറ്റ്), ഗോതമ്പ് നുറുക്ക് (1 കിലോ)

കിറ്റ് വിതരണം ഇങ്ങനെ:

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്.

ഓഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും.

ഓഗസ്റ്റ് 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും.

ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഓഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേയ്‌ക്ക് നടത്തും.

റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്‌തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.

ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ഓഗസ്റ്റ് 13-ാം തീയതി മുതല്‍ ആരംഭിക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.