കൊച്ചി: കാലവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ഡാമുകളുടെ കാര്യത്തിൽ എല്ലാ മുൻകരുതലുകളും എടുത്തിട്ടുണ്ടെന്ന് സർക്കാരും വൈദ്യുതി ബോർഡും ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് സർക്കാർ വിശദമായ സത്യവാങ്മൂലം സമർപ്പിച്ചത്.

ഡാമുകളിലെ ജലനിരപ്പ് സൂഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്നും സാഹചര്യങ്ങൾ വിലയിരുത്തി അടിയന്തരഘട്ടങ്ങളിൽ വെള്ളം ഒഴുക്കിവിടാൻ ജില്ലാ ഭരണകൂടങ്ങൾക്ക് നിർദേശം നൽകയിട്ടുണ്ടെന്നും സർക്കാർ വ്യക്തമാക്കി. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഇതിനോടകം വൈദ്യുതി വകുപ്പിന്റെയും ജലസേചന വകുപ്പിന്റെയും ചില ഡാമുകൾ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

Also Read: സംസ്ഥാനത്ത് ശക്തമായ മഴ തുടരും; എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

കേന്ദ്ര കലാവസ്ഥാ വകുപ്പിന്റെ പ്രവചനങ്ങളും ജലക്കമ്മിഷന്റെയും ഡാം സുരക്ഷാ അതോറിറ്റിയുടേയും മാർഗ നിർദേശങ്ങളും കണക്കിലെടുത്താണ് ഡാം കൈകാര്യത്തിനുള്ള മാർഗനിർദേശങ്ങൾ തയ്യാറാക്കിയിട്ടുള്ളത്. ജുൺ ഒന്നിലെ കണക്കനുസരിച്ച് വൈദ്യുതി ബോർഡിന് കീഴിലുള്ള ഡാമുകളിൽ മൊത്തം സംഭരണ ശേഷിയുടെ 23 ശതമാനം വെള്ളമാണുള്ളത്. ജലസേചന വകുപ്പിന് കീഴിലുള്ള ഡാമുകളിൽ 31 ശതമാനം ജലമാണുള്ളത്.

Also Read: കോവിഡ്: കോഴിക്കോട് മെഡിക്കൽ കോളേജിലെ എൺപതോളം ആരോഗ്യ പ്രവർത്തകർ നിരീക്ഷണത്തിൽ

ഡാമുകളിലെ പ്രതിദിന ജലനിരപ്പ് വിലയിരുത്താൻ മേയ് മാസത്തിൽ ചേർന്ന അവലോകന യോഗം ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പ്രതിവാര അവലോകനങ്ങൾ നടക്കുന്നുണ്ട്. തമിഴ്നാടിന്റെ നിയന്ത്രണത്തിലുള്ള ഡാമുകളുടെ കർവ് റൂളും മുല്ലപ്പെരിയാറിൽ നിന്ന് വെള്ളമെടുക്കുന്നതിന്റെ സമയക്രമവും കേരളം ആവശ്യപ്പെട്ടിട്ടും തമിഴ്നാട് നൽകിയിട്ടില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനായി കോടതി മാറ്റി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.