തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാറിനെ നിയമിക്കണമെന്നു സുപ്രീംകോടതി വിധി വന്നിട്ട് മൂന്നു ദിവസം കഴിഞ്ഞു. പക്ഷേ സർക്കാർ ഇതുവരെ സെൻകുമാറിനു നിയമനം നൽകിയിട്ടില്ല. തന്നെ സംസ്ഥാന പൊലീസ് മേധാവിയായി നിയമിക്കണമെന്നു ആവശ്യപ്പെട്ട് സെൻകുമാർ കഴിഞ്ഞദിവസം ചീഫ് സെക്രട്ടറിക്കു കത്തു നൽകിയിരുന്നു.

അതേസമയം, സുപ്രീംകോടതി വിധിയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പു ലഭിച്ചിട്ടില്ലെന്നും ഉത്തരവിന്റെ നിയമവശം പരിശോധിച്ചു വരികയാണെന്നുമാണു മുഖ്യമന്ത്രിയുടെ ഓഫിസ് പറയുന്നത്. കോടതി വിധി നടപ്പാക്കുമോ അതോ വിധിക്കെതിരെ റിവിഷൻ ഹർജി നൽകുമോ എന്ന കാര്യവും സർക്കാർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കിയിരുന്നു. എത്രയും പെട്ടെന്ന് സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിയമിക്കണമെന്നും കോടതി നിർദേശം നൽകി. പിണറായി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയത്. പകരം ലോക്‌നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചു. ഇതിനെതിരെ ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി വിധി. മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറഞ്ഞത്.

സെൻകുമാറിനെ മാറ്റിയ സർക്കാർ നടപടി അന്യായവും ഏകപക്ഷീയവുമാണെന്ന് കോടതി പറഞ്ഞു. ജിഷ, പുറ്റിങ്ങൽ കേസുകളിൽ സെൻകുമാറിനെ മാത്രം കുറ്റപ്പെടുത്താനാകില്ല. പുറ്റിങ്ങൽ ദുരന്തത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സെൻകുമാറിനെ സർക്കാർ കുടുക്കാൻ ശ്രമിച്ചുവെന്നും കോടതി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.