തിരുവനന്തപുരം: സംസ്ഥാനത്ത് മാധ്യമങ്ങൾക്ക് കടുത്ത നിയന്ത്രണവുമായി ഇടതു സർക്കാർ. പൊതു ഇടങ്ങളിലോ സ്വകാര്യ സ്ഥലങ്ങളിലോ ഇനി മാധ്യമപ്രവർത്തകർക്ക് മന്ത്രിമാരുടെയോ മുഖ്യമന്ത്രിയുടെയോ മറ്റ് പ്രശസ്ത വ്യക്തികളുടെയോ പ്രതികരണം നേരിട്ട് എടുക്കാനാവില്ല.

പബ്ലിക് റിലേഷൻസ് ഡിപ്പാർട്മെന്റ് വഴി മുൻകൂർ അനുമതി വാങ്ങി മാത്രമേ മന്ത്രിമാരുടെയും മുഖ്യമന്ത്രിയുടെയും പ്രതികരണങ്ങൾ നേരിട്ട് മാധ്യമപ്രവർത്തകർക്ക് എടുക്കാനാവൂ. ഉത്തരവ് വിവാദമായതോടെ ഇത് തിരുത്താൻ മുഖ്യമന്ത്രി നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട്.

ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസാണ് നിയന്ത്രണങ്ങൾ സംബന്ധിച്ച് ഉത്തരവിറക്കിയത്. അറിയിപ്പുകൾ സമയബന്ധിതമായി മാധ്യമങ്ങൾക്ക് നൽകുന്നതിന് മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കും. പിആർഡിയുടെയോ മുഖ്യമന്ത്രിയുടെ ഓഫീസിലെ മാധ്യമവിഭാഗത്തിന്റെ ചുമതലയുളള ഉദ്യോഗസ്ഥനെയോ ഇതിന്റെ അഡ്‌മിനാക്കും.

പബ്ലിക് റിലേഷന്‍ ഡിപാര്‍ട്ട്മെന്റിന്റെയോ മുഖ്യമന്ത്രിയുടെ ഓഫീസിന്റെയോ മുൻകൂർ അനുമതി വാങ്ങണം. മെച്ചപ്പെട്ട കോർഡിനേഷൻ ഉറപ്പാക്കാനാണ് ഇതെന്നാണ്  സർക്കാർ വാദം. ഉത്തരവ് പ്രകാരം മന്ത്രിമാരുടെ ഓഫീസിൽ നിന്ന് മാധ്യമങ്ങളെ പിആർഡി വഴിയല്ലാതെ ബന്ധപ്പെടാൻ പാടില്ല.

പിആർഡിയിലെ വിവിധ സെക്ഷനുകളിലേക്ക് ഇനി മുതൽ അക്രഡിറ്റേഷനോ എൻട്രി പാസോ ഉളള മാധ്യമപ്രവർത്തകർക്ക് മാത്രമേ പ്രവേശിക്കാനാവൂ. അല്ലാത്തവർ സെക്രട്ടേറിയേറ്റിലെ സന്ദർശന സമയത്ത് വേണം ഇവിടെ വരാൻ.

മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിലെ യോഗങ്ങൾ, ചേംബറിലെ ഫോട്ടോ-വീഡിയോ മീറ്റിങ്ങുകൾ എന്നിവ സംബന്ധിച്ച അറിയിപ്പ് പിആർഡിയെ അറിയിക്കണം. മാധ്യമപ്രവർത്തകരുടെ പ്രവേശനം സംബന്ധിച്ച ആശങ്ക ഇതിലൂടെ പരിഹരിക്കാനാവുമെന്നാണ് വിലയിരുത്തൽ.

മുഖ്യമന്ത്രിയുടെ പ്രത്യേക അഭിമുഖം വേണ്ടവർ പിആർഡിയെ മുൻകൂറായി അറിയിച്ച് അനുമതി തേടണം.  മുഖ്യമന്ത്രിയോ മന്ത്രിമാരോ പങ്കെടുക്കുന്ന പൊതുപരിപാടികളിലെ മാധ്യമപ്രവർത്തകരുടെ പങ്കാളിത്തം സംബന്ധിച്ച് പബ്ലിക് റിലേഷൻസ് വകുപ്പിനെ അറിയിക്കണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും മാധ്യമങ്ങളോട് ഈ വേദികൾക്ക് അടുത്ത് വച്ച് സംസാരിക്കണമെങ്കിൽ അക്കാര്യം പിആർഡി മുൻകൂട്ടി അനുമതി തേടി സജ്ജീകരിക്കണം.

പൊതുപരിപാടികൾക്കോ, സർക്കാർ പരിപാടികൾക്കോ, സർക്കാരിതര പരിപാടികൾക്കോ എത്തുന്ന മുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും പ്രതികരണം മാധ്യമപ്രവർത്തകർ നിർബന്ധപൂർവ്വം എടുക്കുന്നത് സഞ്ചാര സ്വാതന്ത്ര്യം തടയാലാണെന്ന വാദം ഉത്തരവിൽ പറയുന്നു. മാധ്യമങ്ങളോട് പ്രതികരിക്കാൻ മന്ത്രിമാരോ മുഖ്യമന്ത്രിയോ തയ്യാറാണെങ്കിൽ ഇക്കാര്യം പിആർഡി അധികൃതർ ചോദിച്ചറിഞ്ഞ് മാധ്യമപ്രവർത്തകരെ അറിയിക്കണം.

മാധ്യമങ്ങളുമായി സംസാരിക്കുന്നുണ്ടെങ്കിൽ ഇതിന് വേണ്ട സജ്ജീകരണം പിആർഡി തന്നെ നേരിട്ട് ഒരുക്കണം. പ്രത്യേക മുറിയിലോ മറ്റോ ഈ സജ്ജീകരണം ആകാമെന്നും സർക്കാർ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.

മീഡിയ കോർണർ തുടങ്ങണം

മാധ്യമ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്ന പ്രധാന ആവശ്യമാണ് മീഡിയ കോർണർ. വിദേശ രാജ്യങ്ങളിലടക്കം കണ്ടുവരുന്ന മീഡിയ കോർണർ സംസ്കാരം കേരളത്തിലും വളർത്തിയെടുക്കണം എന്ന് സർക്കാർ ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.

സംസ്ഥാനത്തെ വിമാനത്താവളങ്ങൾ, റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ വക ഗസ്റ്റ് ഹൗസുകൾ, പിഡബ്ല്യുഡി റസ്റ്റ് ഹൗസ് തുടങ്ങിയ ഇടങ്ങളിൽ പ്രധാന വ്യക്തികളുടെ പ്രതികരണം തേടുന്നതിന് മീഡിയ കോർണറുകൾ ആരംഭിക്കുന്നതിന്റെ പ്രായോഗികത മനസ്സിലാക്കി സൗകര്യം ഒരുക്കണമെന്ന് പിആർഡിക്ക് നിർദേശം നൽകിയിട്ടുണ്ട്.

മാധ്യമ നിയന്ത്രണമല്ല: ഇപി ജയരാജൻ

സംസ്ഥാനത്ത് യാതൊരു വിധത്തിലുളള മാധ്യമ നിയന്ത്രണവും ഏർപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്ന് മന്ത്രി ഇ.പി.ജയരാജൻ പറഞ്ഞു. മാധ്യമപ്രവർത്തകർക്ക് സൗകര്യം ഒരുക്കാനാണ് സർക്കാരിന്റെ ശ്രമം എന്നും അദ്ദേഹം പറഞ്ഞു.

“മാധ്യമപ്രവർത്തകർക്ക് യാതൊരു നിയന്ത്രണവും ഏർപ്പെടുത്താൻ സർക്കാർ ഉദ്ദേശിക്കുന്നില്ല. മാധ്യമപ്രവർത്തകർക്ക് വാർത്ത തടസ്സമില്ലാതെ റിപ്പോർട്ട് ചെയ്യാൻ ചില ക്രമീകരണങ്ങൾ  ഒരുക്കുക മാത്രമാണ് സര്‍ക്കാര്‍ ചെയ്തത്,” മന്ത്രി പറഞ്ഞു.

സ്വരം കടുപ്പിച്ച് കെയുഡബ്ല്യുജെ

മാധ്യമപ്രവർത്തകർക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സംഭവത്തിൽ മുഖ്യമന്ത്രിക്ക് കെയുഡബ്ല്യുജെ കത്തയച്ചു. കേരളം ഇന്ത്യയിലെ ഒരു വ്യത്യസ്ത പ്രദേശമായി നിൽക്കുന്നുണ്ടെങ്കിൽ അത് മാധ്യമങ്ങളുടെ ജാഗ്രതയും മാധ്യമസ്വാതന്ത്ര്യവും മൂലമാണെന്ന് കെയുഡബ്ല്യുജെ കത്തിൽ പറഞ്ഞു.

“പിആർഡിയെ ഉപയോഗിച്ച് അനാവശ്യ വിലങ്ങുകൾ ഉണ്ടാക്കാനുളള നീക്കം ശരിയല്ല. പിആർഡി ഓഫീസിൽ പോലും മാധ്യമപ്രവർത്തകർക്ക് സ്വതന്ത്രമായ ഇടപെടൽ അനുവദിക്കരുതെന്നത് അപലപനീയമാണ്. പിആർഡിയെ മാധ്യമപ്രവർത്തകരുടെ മേലധികാരികളെ പോലെ ഇരുത്തി നിയന്ത്രിക്കാൻ ശ്രമിക്കുന്നതാണ് ഉത്തരവിലെ നിർദ്ദേശങ്ങൾ പലതും,” എന്ന് കെയുഡബ്ല്യുജെ പറഞ്ഞു.

“കഴിഞ്ഞ ഒരു വർഷമായി ആർക്കും പുതിയ അക്രഡിറ്റേഷൻ നൽകിയിട്ടില്ല. ഈ സാഹചര്യത്തിൽ അക്രഡിറ്റേഷൻ ഇല്ലാത്തവരെ പിആർഡി ഓഫീസിൽ കയറാൻ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല.”

“പൊതുസ്ഥലത്ത് മാധ്യമപ്രവർത്തകർ ഭരണാധികാരികളെ സമീപിച്ചുകൂടാ എന്നത് ജനാധിപത്യ വിരുദ്ധമാണ്. സുരക്ഷാ മുൻകരുതലുകളോട് നന്നായി സഹകരിച്ചാണ് മാധ്യമപ്രവർത്തകർ പ്രവർത്തിക്കുന്നത്. നിയന്ത്രണങ്ങളല്ല വിലക്കാണ് ഇതിലൂടെ ഉണ്ടാകാൻ പോകുന്നത്,” എന്നും ഉത്തരവ് പിൻവലിക്കണം എന്ന ആവശ്യം ഉന്നയിക്കുന്ന കത്തിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.