കൊച്ചി: മണ്ഡലകാലത്തിന് മുന്നോടിയായി ശബരിമലയിൽ തീർത്ഥാടകർക്കായി ഏർപ്പെടുത്തിയിരിക്കുന്ന സൗകര്യങ്ങളെക്കുറിച്ച് സര്‍ക്കാര്‍ ഇന്ന് ഹൈക്കോടതിയില്‍ വിശദീകരണം നല്‍കിയേക്കും. ചെയിന്‍ സര്‍വീസിന് ആവശ്യമായ അഞ്ഞൂറോളം ബസുകളും അവയ്ക്കുള്ള പാര്‍ക്കിങ് സ്ഥലവും ഉണ്ടോ എന്ന് അറിയിക്കാന്‍ കോടതി കഴിഞ്ഞ ദിവസം സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.

പ്രളയത്തെ തുടർന്ന് പമ്പയിൽ കനത്ത നഷ്ടം ഉണ്ടായ സാഹചര്യത്തിൽ നിലയ്ക്കൽ ബേസ് ക്യാംപ് ആക്കാനാണ് ദേവസ്വം തീരുമാനിച്ചിരിക്കുന്നത്. നിലയ്ക്കലിൽ നിന്നും തീർത്ഥാടകരെ പമ്പയിലേക്ക് എത്തിക്കുന്നതിന് സുഗമമായ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് സർക്കാർ വിശദീകരണം നൽകണം. ശബരിമലയിലേക്ക് എത്തുന്ന തീർത്ഥാടകരിൽ നിന്ന് കെഎസ്ആർടിസി അമിത ചാർജ് ഈടാക്കുന്നതിനെതിരെയാണ് ഹൈക്കോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ടത്.

അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള നയിക്കുന്ന എന്‍ഡിഎയുടെ ശബരിമല സംരക്ഷണ യാത്ര ഇന്ന് സമാപിക്കും. ഈ മാസം 10ന് പന്തളത്ത് നിന്നാണ് യാത്ര തുടങ്ങിയത്. തെക്കന്‍ ജില്ലകളിലെ വിവിധ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയശേഷമാണ് യാത്ര തിരുവനന്തപുരത്ത് എത്തിയത്.

ഇന്ന് രാവിലെ 10.30 ന് പട്ടത്ത് നിന്നാരംഭിക്കുന്ന യാത്ര സെക്രട്ടേറിയറ്റ് നടയില്‍ സമാപിക്കും. ബിജെപി അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മുരളീധര്‍ റാവുവും കര്‍ണാടകയില്‍ നിന്നുള്ള ആറ് എംഎല്‍എമാരും സമാപനയാത്രയില്‍ പങ്കെടുക്കും.

എന്നാൽ പ്രതിഷേധം ഇനിയും തുടരാനാണ് എൻഡിഎ ശ്രമം. പ്രതിഷേധത്തിന്റെ രണ്ടാംഘട്ടമായി, ബുധനാഴ്ച വൈകിട്ട് പത്തനംതിട്ടയില്‍ വിശ്വാസി സംഗമം നടക്കും. വിശ്വാസികൾക്കൊപ്പം ബിജെപി എന്നുമുണ്ടാകുമെന്ന പ്രതിജ്ഞയാണ് വിശ്വാസി സംഗമത്തിലെ പ്രധാന പരിപാടി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ