തിരുവനന്തപുരം: ജിഷ്ണു പ്രണോയി മരണവുമായി ബന്ധപ്പെട്ട കേസന്വേഷണത്തിൽ നിർണ്ണായക തീരുമാനവുമായി സംസ്ഥാന സർക്കാർ അന്വേഷണം സിബിഐക്ക് വിട്ട് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. കഴിഞ്ഞ ദിവസം ഈ ആവശ്യം ഉന്നയിച്ച് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മുഖ്യമന്ത്രിയെ കണ്ടിരുന്നു.
അശോകനുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ജിഷ്ണു കേസ് സിബിഐക്ക് വിടാനാണ് സംസ്ഥാനത്തിനും താത്പര്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിരുന്നു. ഏറെ വിവാദമായ കേസിൽ പൊലീസ് വീഴ്ച ഉണ്ടെന്ന് കടുത്ത ആക്ഷേപം നേരിട്ടിരുന്നു. സംസ്ഥാന സർക്കാർ ആദ്യ വർഷം ഏറ്റവും കൂടുതൽ പഴി കേട്ടതും ജിഷ്ണു കേസിലാണ്.
സംഭവത്തിൽ പ്രതികളെ പിടികൂടുന്നതിൽ പൊലീസ് പരാജയപ്പെട്ടതോടെയാണ് ജിഷ്ണുവിന്റെ അമ്മ മഹിജയും അച്ഛൻ അശോകനുമടക്കം നിരവധി പേർ തിരുവനന്തപുരത്ത് ഡിജിപി ഓഫീസിലേക്ക് പോയത്. ഇവരെ പൊലീസ് തടഞ്ഞതും വലിച്ചിഴച്ചതും വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.
വിവാദങ്ങൾ കെട്ടടങ്ങിയ ശേഷം ഇന്നാണ് ജിഷ്ണുവിന്റെ അച്ഛൻ അശോകൻ മുഖ്യമന്ത്രിയെ കണ്ടത്. കേസിൽ സിബിഐ അന്വേഷണം വേണമെന്ന അശോകന്റെ ആവശ്യം സംസ്ഥാന സർക്കാർ പരിഗണിക്കാമെന്നാണ് അറിയിച്ചിരിക്കുന്നത്.
അതേസമയം കേസുമായി ബന്ധപ്പെട്ട് പാന്പാടി നെഹ്റു കോളേജിലെ രണ്ട് മുറികളിൽ നിന്ന് കണ്ടെത്തിയ രക്തക്കറയില്‍ നിന്ന് ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറൻസിക് വിഭാഗം പറഞ്ഞിരുന്നു. സംഭവം നടന്ന് ഒന്നര മാസം പിന്നിട്ടപ്പോഴാണ് ഫോറൻസിക് വിഭാഗം നെഹ്റു കോളേജ് ഓഫീസ് കെട്ടിടത്തിനകത്തെ വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് രക്തക്കറ കണ്ടെത്തിയത്.
ആവശ്യത്തിനുള്ള അളവില്‍ രക്തസാമ്പിള്‍ ലഭിക്കാത്തതും പഴക്കവും കാരണം ഡിഎന്‍എ വേര്‍തിരിക്കാനാവില്ലെന്ന് ഫോറന്‍സിക് വിഭാഗം അന്വേഷണസംഘത്തെ അറിയിച്ചു. രക്തക്കറ ജിഷ്ണു കേസിലെ നിര്‍ണായക വഴിത്തിരിവാകുമെന്ന് കരുതിയിരുന്നു.
ജിഷ്ണു പ്രണോയിയെ മർദ്ദിച്ചത് കോളേജിലെ ഇടിമുറിയെന്ന് പറയപ്പെടുന്ന വൈസ് പ്രിൻസിപ്പലിന്റെ ഓഫീസിൽ നിന്നാണെന്ന് നേരത്തേ ആക്ഷേപമുയർന്നിരുന്നു. പിന്നീട് ഹോസ്റ്റൽ മുറിയോട് ചേർന്ന ശുചിമുറിയിലാണ് ജിഷ്ണുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈസ് പ്രിൻസിപ്പലിന്റെ മുറിയിൽ നിന്ന് ജിഷ്ണുവിനെ എങ്ങോട്ടേയ്‌ക്കാണ് കൊണ്ടുപോയതെന്ന് ഇപ്പോഴും വ്യക്തമല്ല.
ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട് ലോക്കൽ പൊലീസ് ആദ്യ നടത്തിയ പരിശോധനകൾ തൃപ്തികരമല്ലെന്ന ആക്ഷേപം ബന്ധുക്കൾ തുടക്കം മുതലേ ഉന്നയിച്ചിരുന്നു.
നേരത്തേ കോപ്പിയടിച്ചെന്ന പരാതിയിൽ പരീക്ഷാ മുറിയിൽ നിന്നും അദ്ധ്യാപകൻ ഇറക്കിക്കൊണ്ടുപോയ ജിഷ്ണുവിനെ പിന്നീട് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നുണ്ടായ പ്രതിഷേധങ്ങൾ സംസ്ഥാനത്തെ ഭൂരിഭാഗം കലാലയങ്ങളെയും പിടിച്ചു കുലുക്കിയിരുന്നു.