/indian-express-malayalam/media/media_files/TETFRyDBSFswPT5pJ12s.jpg)
ഫൊട്ടോ: എക്സ്/ പിണറായി വിജയൻ
തിരുവനന്തപുരം: നവകേരള സദസ്സിന് ആർഭാടമായി നടത്താൻ തദ്ദേശ സ്ഥാപനങ്ങൾക്ക് സർക്കാർ നിർദ്ദേശം. തദ്ദേശവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. ഇതിനായി വേണ്ടത്ര പണം ചെലവഴിക്കാൻ സഹകരണ സംഘങ്ങൾക്ക് സഹകരണ രജിസ്ട്രാറും നിർദ്ദേശം നൽകി. നവകേരള സദസ്സിന് സംഘാടകർ ആവശ്യപ്പെടുന്ന തുക തദ്ദേശസ്ഥാപനങ്ങൾ നൽകണം.
ഗ്രാമ പഞ്ചായത്തുകൾക്ക് 50,000 രൂപ വരെ തനത് ഫണ്ടിൽ നിന്ന് ചെലവഴിക്കാം. മുനിസിപ്പാലിറ്റികൾക്കും ബ്ലോക്ക് പഞ്ചായത്തുകൾക്കും ഒരു ലക്ഷം രൂപ വരെ ചെലവഴിക്കാം. കോർപ്പറേഷനുകൾക്ക് രണ്ട് ലക്ഷം രൂപ വരേയും, ജില്ലാ പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷം രൂപ വരേയും ചെലവഴിക്കാമെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, നവകേരള സദസ്സിലെ പങ്കാളിത്തം സമൂഹത്തിന്റെ പരിച്ഛേദമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
"സദസ്സ് ആരംഭിക്കുന്നതിന് മുമ്പും ശേഷവും കലാപരിപാടികൾ സംഘടിപ്പിക്കാം. യോഗം നടക്കുന്ന വേദിയോട് ചേർന്ന് പൊതുജനങ്ങൾക്ക് പരാതികൾ സമർപ്പിക്കാനുള്ള സൌകര്യം സജ്ജീകരിക്കണം. പരാതികൾക്ക് രശീതി നൽകി പരമാവധി നാല് ആഴ്ചകൾക്കുള്ളിൽ തീർപ്പാക്കണം. സംസ്ഥാന തലത്തിൽ പരിഗണിക്കേണ്ട പരാതികൾ 45 ദിവസത്തിനകം തീർപ്പാക്കും. ജില്ലാ തലത്തിലും സംസ്ഥാന തലത്തിലുമുള്ള പരാതികളുടെ തീർപ്പാക്കൽ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ വകുപ്പ് മേധാവികൾ നൽകണം," മുഖ്യമന്ത്രി വിശദീകരിച്ചു.
രണ്ടര വർഷം പിന്നിടുന്ന രണ്ടാം പിണറായി സർക്കാരിനെ കുറിച്ചുള്ള ജനങ്ങളുടെ അഭിപ്രായങ്ങൾ തേടാനും, പരാതി സ്വീകരിക്കാനും വിപുലമായ സംവിധാനമാണ് ഒരുക്കുന്നത്. നവകേരള സദസ്സ് നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നടത്തുക. 140 നിയോജക മണ്ഡലങ്ങളിലും മന്ത്രിസഭയൊന്നാകെ എത്തുന്നുവെന്നാണ് പ്രധാന സവിശേഷത. മണ്ഡലതല യോഗത്തിന് മൂന്ന് മണിക്കൂർ മുമ്പ് പരാതികൾ സ്വീകരിച്ച് തുടങ്ങും. കേരളം നേരിടുന്ന കേന്ദ്ര അവഗണനയെക്കുറിച്ചും പ്രതിസന്ധിയെക്കുറിച്ചും ജനങ്ങളോട് നേരിട്ട് ചർച്ച ചെയ്യാനാണ് നവകേരള സദസ്സ് നടത്തുന്നതെന്ന് സിപിഎം നേതാവ് അഡ്വ. അനിൽ കുമാർ വ്യക്തമാക്കി.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.