തിരുവനന്തപുരം: വിവാദമായ സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേലുള്ള തുടര്‍ നടപടികളിൽ സംബന്ധിച്ച് ജസ്റ്റിസ് അരിജിത്ത് പസായത്ത് സര്‍ക്കാരിന് നിയമോപദേശം നല്‍കി. റിപ്പോര്‍ട്ട് വ്യാഴാഴ്ച നിയമസഭയുടെ മേശപ്പുറത്ത് വെക്കാനായി പ്രത്യേക നിയമസഭാ സമ്മേളനം ചേരാനിരിക്കെയാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിട്ടുള്ളത്. ഇക്കാര്യം അരജിത് പസായത്ത് സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാല്‍ ഉള്ളടക്കം എന്താണെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്‍മേല്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയ്ക്കും യുഡിഎഫ് നേതാക്കള്‍ക്കുമെതിരെ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ചും, സരിതയുടെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ബലാംത്സംഗക്കേസുമായി മുന്നോട്ട് പോകുന്ന വിഷയങ്ങളിലുമാണ് സര്‍ക്കാരിന് നിയമോപദേശം ലഭിച്ചിരിക്കുന്നത്.
സോളാര്‍ അഴിമതിയെക്കുറിച്ച് അന്വേഷിച്ച റിട്ടയേഡ് ജസ്റ്റിസ് ജി ശിവരാജന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്‍മേല്‍ അഡ്വക്കേറ്റ് ജനറല്‍, പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ എന്നിവരുടെ നിയമോപദേശം ലഭിച്ച ശേഷം റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ സമര്‍പ്പിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനായിരുന്നു നേരത്തെ തീരുമാനമുണ്ടായിരുന്നത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യുന്നതിനെകുറിച്ച് ജസ്റ്റിസ് അരിജിത് പസായത്തില്‍ നിന്ന് കൂടി ഉപദേശം സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിക്കുകയായിരുന്നു.