ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. നിയമം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയിൽ സൂട്ട് സമർപ്പിച്ചു. നിയമം വിവേചനപരവും ഭരണഘടനാ വിരുദ്ധവുമാണെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജനങ്ങളെ ഭിന്നിപ്പിക്കുന്നതാണ് നിയമമെന്നും ഹർജിയിൽ സർക്കാർ വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ എത്തുന്ന ആദ്യ സംസ്ഥാനമാണ് കേരളം.

ആർട്ടിക്കിൾ 131 പ്രകാരമാണ് സൂട്ട് ഫയൽ ചെയ്തിരിക്കുന്നത്. നിയമം ഭരണഘടനയുടെ 14, 21, 25 അനുച്ഛേദങ്ങൾ ലംഘിക്കുന്നതാണെന്ന് ഹർജിയിൽ പറയുന്നു.

തുടക്കം മുതലേ നിയമത്തിനെതിരെ രംഗത്തു വന്ന സംസ്ഥാനങ്ങളിൽ ഏറ്റവും മുൻപന്തിയിലായിരുന്നു കേരളം. പൗരത്വനിയമഭേദഗതിക്കെതിരായ പ്രമേയവും കേരള നിയമസഭ പാസാക്കിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അവതരിപ്പിച്ച പ്രമേയത്തെ ഭരണ പ്രതിപക്ഷ അംഗങ്ങൾ പിന്തുണച്ചപ്പോൾ ബിജെപിയുടെ ഏക എംഎൽഎ ഒ.രാജഗോപാൽ മാത്രമാണ് എതിർത്തത്.

Read More: കേരളത്തെ നോക്കൂ; പൗരത്വ നിയമത്തിനെതിരെ തമിഴ്‌നാട്ടിലും പ്രമേയം പാസാക്കണമെന്ന് സ്റ്റാലിന്‍

രാജ്യത്താദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഒരു നിയമസഭ പ്രമേയം ചർച്ച ചെയ്യുന്നതും പാസാക്കുന്നതും. നിയമഭേദഗതി പിൻവലിക്കണമെന്ന് പ്രമേയത്തിലൂടെ കേരള നിയമസഭ ആവശ്യപ്പെട്ടു.

കേന്ദ്രസര്‍ക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടിരുന്നു. പൗരത്വ ഭേദഗതി മത വിവേചനത്തിന് ഇടയാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അവതരിപ്പിച്ച പ്രമേയത്തിൽ പറഞ്ഞു. രാജ്യമെങ്ങും ആശങ്കയാണ്. പ്രവാസികൾക്കിടയിലും ആശങ്ക ശക്തമാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ തുടരവെ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് സർവകക്ഷി യോഗം ചേർന്നിരുന്നു. പൗരത്വ ഭേദഗതി നിയമം ജനങ്ങള്‍ക്കിടയിൽ കടുത്ത ആശങ്ക സൃഷ്ടിച്ച പശ്ചാത്തലത്തിലായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചത്‌. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും മത -സാമൂഹ്യ സംഘടനാ നേതാക്കളും യോഗത്തിൽ പങ്കെടുത്തിരുന്നു.

Read More: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രമേയം പാസാക്കി കേരള നിയമസഭ

ഭരണഘടനാ സംരക്ഷണ സമിതിക്ക് രൂപം നൽകാനുള്ള ആലോചനകളും സർക്കാർ നടത്തുന്നുണ്ട്. നവോത്ഥാന സംരക്ഷണ സമിതിയുടെ മാതൃകയില്‍ ഭരണഘടന സംരക്ഷണ സമിതി ആരംഭിക്കാനാണ് നീക്കം.

പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള നിയമസഭ പ്രമേയം പാസാക്കിയതിനെ സ്വാഗതം ചെയ്ത് ഡിഎംകെ അധ്യക്ഷന്‍ എം.കെ.സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. കേരളം പ്രമേയം പാസാക്കിയ മാതൃകയില്‍ മറ്റ് സംസ്ഥാനങ്ങളും പ്രമേയം കൊണ്ടുവരണമെന്ന് സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.