കട്ടപ്പന: ഇടുക്കി ജില്ലയിൽ ഉപാധിരഹിത പട്ടയമേള ഇന്ന് നടക്കും. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പ​ട്ട​യ വി​ത​ര​ണം ഉദ്ഘാടനം ചെയ്യും. പതിനായിരം പട്ടയങ്ങളാണ് ഇടുക്കിയിൽ വിതരണം ചെയാൻ തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 5490 പട്ടയങ്ങളാണ് ഇന്ന് വിതരണം ചെയ്യുക.1993 ചട്ടപ്രകാരം 3480 പട്ടയങ്ങളും, 1964 ചട്ടപ്രകാരം 2010 പട്ടയങ്ങളുമാണ് തയാറായിട്ടുള്ളത്. മ​ന്ത്രി​മാ​രാ​യ ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ൻ, എം.​എം മ​ണി, കെ. ​രാ​ജു, മാത്യു ടി തോമസ്, തോമസ് ചാണ്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവർ പട്ടയമേളയിൽ പങ്കെടുക്കും.

1977 ജനുവരി ഒന്നിന് മുമ്പ് ഭൂമിയില്‍ താമസമാക്കിയവരും കൈവശക്കാരും പിന്തുടര്‍ച്ചയായി കൈമാറിയവരുമായ കര്‍ഷകര്‍ക്കാണ് പട്ടയം നല്‍കുന്നത്. ഇതനുസരിച്ച് മുരിക്കാശേരി 418, നെടുങ്കണ്ടം 1500, രാജകുമാരി 158, കട്ടപ്പന 1277, ഇടുക്കി 670, കരിമണ്ണൂര്‍, തൊടുപുഴ 1200, പീരുമേട് 1039, ദേവികുളം 8 എന്നീ ക്രമത്തിലാണ് പട്ടയം നല്‍കാന്‍ തീരുമാനിച്ചിട്ടുള്ളത്.

പട്ടയ വിതരണത്തിന്റെ ഉദ്ഘാടനശേഷവും അര്‍ഹരായ മുഴുവന്‍ കര്‍ഷകര്‍ക്കും പട്ടയം നല്‍കുന്നതിനുള്ള നടപടി താലൂക്ക് തലത്തില്‍ തുടരും. ഉപാധിരഹിത പട്ടയം എന്ന എല്‍ഡിഎഫ് വാഗ്ദാനം നിറവേറ്റാനാണ് സര്‍ക്കാര്‍ ശ്രമം നടത്തുന്നതെന്ന് റവന്യൂ വകുപ്പ് അറിയിച്ചിരുന്നു.

അതേസമയം പട്ടയമേള ജനവഞ്ചനയെന്ന് ആരോപിച്ച് മേളയിൽനിന്നു യുഡിഎഫ് അംഗങ്ങൾ വിട്ടുനിൽകും. പട്ടയം ആവശ്യപ്പെട്ട മേഖലകളെ ഒഴിവാക്കിയതിൽ പ്രതിഷേധിച്ചാണ് യുഡിഎഫ് വിട്ടുനിൽക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ