കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം; ജസ്റ്റിസ് വി.കെ. മോഹനന്‍ കമ്മിഷന്‍ അധ്യക്ഷന്‍

ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്

തിരുവനന്തപുരം: എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് (ഇ.ഡി) ഉള്‍പ്പെടെയുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് വി.കെ. മോഹനനാണ് കമ്മിഷന്‍ അധ്യക്ഷന്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനമുണ്ടായത്.

ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രൈം ബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. ഡോളര്‍, സ്വര്‍ണക്കടത്ത് ഉള്‍പ്പെടയുള്ള വിഷയങ്ങളിലെ അന്വേഷണ വഴിതെറ്റല്‍ പരിശോധിക്കാനാണ് കമ്മിഷനെ നിയോഗിക്കുന്നത്.

സ്വര്‍ണക്കടത്ത് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങി അഞ്ച് പ്രധാന കാര്യങ്ങളായിരിക്കും കമ്മിഷന്റെ പരിഗണനയ്ക്കു വിടുക. നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മാതൃകാ പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ കമ്മിഷനെ നിയോഗിക്കുന്നതില്‍ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതി തേടും.

സ്വര്‍ണക്കടത്ത് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യപ്രകാരമാണ് കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുവെന്ന നിലപാട് മുഖ്യമന്ത്രി പിണറായി വിജയന്‍ പരസ്യമായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വഴിതെറ്റുന്നുവെന്നും ഇത് വികസനപദ്ധതികള്‍ തടസപ്പെടുത്തുന്നുവെന്നുമാണു സംസ്ഥാനസര്‍ക്കാരിന്റെ പിന്നീടുള്ള നിലപാട്.

Also Read: രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടി

മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ സമ്മദം ചെലുത്തുന്നുവെന്ന് പ്രതികള്‍ വെളിപ്പെടുത്തിയിരുന്നു. ഓഗസ്റ്റില്‍ സ്വപ്‌ന സുരേഷിനെ ചോദ്യം ചെയ്ത ഇ.ഡി. അന്വേഷണ സംഘം, മുഖ്യമന്ത്രിയുടെ പേര് പറയാന്‍ നിര്‍ബന്ധിക്കുന്നത് സമീപമുണ്ടായിരുന്ന താന്‍ നേരിട്ടു കേട്ടുവെന്നു പൊലീസ് ഉദ്യോഗസ്ഥ മൊഴിനല്‍കിയിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കിക്കാന്‍ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയോയെന്നും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരൊക്കെയെന്നും കമ്മിഷന്‍ പരിശോധിക്കും. സ്വപ്നയുടെ ശബ്ദരേഖയുമായി ബന്ധപ്പെട്ട ഗൂഢാലോചനയും കമ്മിഷന്‍ പരിഗണിക്കും.

അതേസമയം, ഇ.ഡിക്കെതിരായ ജുഡീഷ്യല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ അത്ഭുതമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ പ്രതികരിച്ചു. കേന്ദ്ര ഏജന്‍സികളെ ഓലപ്പാമ്പ് കാണിച്ച് വിരട്ടാമെന്ന് വിചാരിക്കേണ്ട. വിരമിച്ച ജഡ്ജിക്ക് കുറച്ചുകാലത്തേക്ക് പൊതുഖജനാവില്‍നിന്ന് ശമ്പളം നല്‍കുക എന്നതല്ലാതെ ഇതുകൊണ്ട് യാതൊരു പ്രയോജനവുമില്ലെന്നും അദ്ദേഹം കോഴിക്കോട്ട് പറഞ്ഞു.

മുഖ്യമന്ത്രിക്കെതിരെയും മറ്റു മന്ത്രിമാര്‍ക്കെതിരെയും മൊഴി നല്‍കാന്‍ സ്വപ്ന സുരേഷിനെ ഇ.ഡി. ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തിയെന്ന രണ്ട് വനിതാ പൊലീസുകാരുടെ മൊഴിയിലാണ് നേരത്തെ ക്രൈംബ്രാഞ്ച് നേരത്തെ കേസെടുത്തിരുന്നത്. കേസ് സ്‌റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി കഴിഞ്ഞദിവസം ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ കോടതി സ്‌റ്റേ അനുവദിച്ചില്ല. കേസില്‍ നിലപാടറിയിക്കാന്‍ സര്‍ക്കാര്‍ കൂടുതല്‍ സമയം തേടി. ഈ സാഹചര്യത്തില്‍ നടപടി ഉണ്ടാവുമെന്ന ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്ന് അഭിപ്രായപ്പെട്ട കോടതി കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയിരിക്കുകയാണ്.

മജിസ്ട്രേറ്റിനു നല്‍കിയ രഹസ്യമൊഴിയിലാണ് സ്വപ്ന സുരേഷ് പ്രമുഖരുടെ പേരുകള്‍ പറഞ്ഞത്, അല്ലാതെ ഉദ്യോഗസ്ഥര്‍ക്കു നല്‍കിയ മൊഴിയില്‍ അല്ലെന്നാണു ഇ.ഡി കോടതിയില്‍ വാദിച്ചത്. സ്വപ്ന സുരേഷിനൊപ്പം വനിതാ പൊലീസുകാര്‍ ഉണ്ടായിരുന്നില്ല. വനിതാ പൊലീസുകാരുടെ സാന്നിധ്യം ഇല്ലാത്തതിനാല്‍ സ്വപ്ന മജിസ്ട്രേറ്റിനു പരാതി നല്‍കിയിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള കേസ് നിലനില്‍ക്കില്ലെന്ന് ഇ.ഡി. വാദിച്ചു.

ഹര്‍ജിക്കൊപ്പം മൊഴികളും വാട്സാപ്പ് ചാറ്റുകളുടെ പകര്‍പ്പും ഉള്‍പ്പെടുത്തിയതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. നേരത്തെ മുദ്ര വച്ച കവറില്‍ നല്‍കിയ വിശദാംശങ്ങള്‍ ഈ ഹര്‍ജിക്കൊപ്പം നല്‍കിയത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. തെളിവുകളായാണ് വാട്സാപ്പ് സന്ദേശങ്ങളടക്കം കോടതിക്ക് കൈമാറിയതെന്നാണു സോളിസിറ്റര്‍ ജനറല്‍ കോടതിയെ ബോധിപ്പിച്ചത്.

 

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government decides to conduct judicial enquiry against central investigation agencies

Next Story
രാജ്യസഭാ തെരഞ്ഞെടുപ്പ് മരവിപ്പിച്ച നടപടി: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതി വിശദീകരണം തേടിHigh Court of Kerala, കേരള ഹൈക്കോടതി ,iemalayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express