തിരുവനന്തപുരം: സംസ്ഥാനത്തെ കേസുകൾ അന്വേഷിക്കാൻ സിബിഐക്കു നൽകിയ പൊതുസമ്മത പത്രം പിൻവലിക്കും. മന്ത്രിസഭാ യോഗത്തിലാണു തീരുമാനം. നിലവിൽ സിബിഐ അന്വേഷിക്കുന്ന കേസുകളെ തീരുമാനം ബാധിക്കില്ല. അതേസമയം, ഇനി കേസുകളെടുക്കാൻ സംസ്ഥാന സർക്കാരിന്റെ അനുമതി വേണം. അല്ലെങ്കിൽ കോടതി അനുമതി വേണം.

സിബിഐ ഉൾപ്പെടെയുള്ള അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നുവെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയത്. കേന്ദ്ര അന്വേഷ ഏജൻസികളുടെ പ്രവര്‍ത്തനത്തിൽ പക്ഷപാതിത്വമുണ്ടെന്നും രാഷ്ട്രീയ പ്രേരിതമാണെന്നുമുഉള്ള  ആരോപണങ്ങൾ സർക്കാരും ഇടതുമുന്നണിയും ഉയർത്തിയിരുന്നു.

ലൈഫ് മിഷനുമായി ബന്ധപ്പെട്ട് സർക്കാരറിയാതെ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് സിബിഐക്കു നേരത്തെ  നൽകിയ പൊതുസമ്മത പത്രം പിൻവലിക്കുന്നത്. ലൈഫ് മിഷന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനില്‍ അക്കര എം.എല്‍.എയുടെ പരാതിയില്‍ സർക്കാർ അറിയാതെ അന്വേഷണം ആരംഭിച്ച സിബിഐ,  ലൈഫ് മിഷന്‍ സിഇഒ ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നു. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. തുടർന്ന്, സിഇഒയ്‌ക്കെതിരായ നടപടികള്‍ ഒക്ടോബര്‍ 13നു ഹൈക്കോടതി രണ്ടു മാസത്തേക്കു സ്റ്റേ ചെയ്തു. കേസ് നേരത്തെ കേൾക്കണമെന്ന സിബിഐയുടെ ഹര്‍ജി കോടതി തള്ളിയിരുന്നു. .

Read More: സിപിഎം ആദർശം പ്രസംഗിച്ച് അധോലോക പ്രവർത്തനം നടത്തുന്ന പാർട്ടി; ആഞ്ഞടിച്ച് ചെന്നിത്തല

പൊതുസമ്മതം പിന്‍വലിക്കാനുള്ള തീരുമാനം എക്‌സിക്യൂട്ടീവ് ഓര്‍ഡറായി പുറത്തിറക്കും. നിലവിലെ കേസുകളിൽ ചട്ടങ്ങള്‍ പാലിച്ച് അന്വേഷണം തുടരാം. ഡല്‍ഹി സ്‌പെഷല്‍ പൊലീസ് എക്സ്റ്റാബ്ലിഷ്‌മെന്റ് നിയമം അനുസരിച്ചാണ് സിബിഐ കേസെടുക്കുന്നത്. അന്വേഷണത്തിന് അതതു സംസ്ഥാന സര്‍ക്കാരുകളുടെ അനുമതി വേണം. സംസ്ഥാനത്ത് അന്വേഷണം നടത്താന്‍ 2017-ലാണ് സിബിഐക്ക്  സര്‍ക്കാര്‍ പൊതുസമ്മതം നല്‍കിയത്.

മഹാരാഷ്ട്ര, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ പോലെ സിബിഐയെ വിലക്കണമെന്ന് സിപിഎമ്മും സിപിഐയും പരസ്യമായി ആവശ്യപ്പെട്ടിരുന്നു

കേസുകൾ അന്വേഷിക്കാൻ സിബിഐക്കു നൽകിയ പൊതു സമ്മതം പല സംസ്ഥാനങ്ങളും പിൻവലിച്ചിട്ടുണ്ടെന്ന് നിയമമന്ത്രി എ കെ ബാലൻ നേരത്തേ പറഞ്ഞിരുന്നു. “ഏജൻസിക്ക് വിശ്വാസ്യത ഉണ്ടായിരുന്ന ദിവസങ്ങളിൽ സംസ്ഥാനങ്ങൾ സിബിഐക്ക് പൊതു സമ്മതം നൽകിയിരുന്നു. ഇപ്പോൾ, അവർക്ക് അധികാരപരിധിയില്ലാത്ത പ്രശ്‌നങ്ങളിൽ സിബിഐ ഇടപെടുകയാണ്,” എന്നായിരുന്നു എകെ ബാലൻ പറഞ്ഞത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.