തിരുവനന്തപുരം: കുട്ടികള്‍ക്ക് രോഗപ്രതിരോധത്തിനായി നല്‍കിക്കൊണ്ടിരിക്കുന്ന കുത്തിവയ്പ്പ് പുനരാരംഭിക്കാന്‍ ആരോഗ്യ വകുപ്പ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി. കോവിഡ് 19 കാരണം നിര്‍ത്തിവച്ച ഇമ്മ്യൂണൈസേഷന്‍ അടുത്തയാഴ്ച മുതല്‍ പുനരാരംഭിക്കാനും നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു.

കുട്ടികള്‍ക്കും അമ്മമാര്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗപ്പകര്‍ച്ച ഉണ്ടാകാത്ത വിധം മുന്‍കരുതലുകള്‍ എടുത്തുവേണം ഇമ്മ്യൂണൈസേഷന്‍ നല്‍കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും വാക്‌സിനേഷന്‍ അടുത്ത ബുധനാഴ്ച മുതല്‍ തുടങ്ങും. മറ്റാശുപത്രികളില്‍ ഇമ്മ്യൂണൈസേഷന്‍ എടുക്കുന്ന ദിവസങ്ങളില്‍ തന്നെ ഇതും തുടരും. ഇമ്മ്യൂണൈസേഷന്‍ എടുക്കാന്‍ വൈകിയ കൂടുതല്‍ കുട്ടികളുള്ള സ്ഥലങ്ങളില്‍ ദിവസവും സമയവും കൂട്ടണം.

Read Also: കോവിഡ്-19: ഇന്ത്യയിൽ രോഗികളുടെ എണ്ണം 13,000 കടന്നു, 437 മരണം

അങ്കണവാടി, ആശ വര്‍ക്കര്‍മാര്‍, ജെപിഎച്ചമാര്‍ എന്നിവര്‍ ചേര്‍ന്ന് ഇവരുടെ ലൈന്‍ ലിസ്റ്റെടുത്ത് മുന്‍കൂര്‍ അപ്പോയ്‌മെന്റ് നല്‍കി തിരക്ക് കുറയ്ക്കണം. സാമൂഹിക അകലം പാലിച്ച് മാത്രമേ ഇമ്മ്യൂണൈസേഷന്‍ നല്‍കാവൂ. ഒരേ സമയം ആ സ്ഥലത്ത് അഞ്ച് പേരെ മാത്രമേ അനുവദിക്കാവൂ. ഓരോരുത്തരേയും അകലം ഒരു മീറ്റര്‍ ഉറപ്പുവരുത്തണം. ഇമ്മ്യൂണൈസേഷന്‍ നല്‍കുന്ന സ്ഥലം ഒ.പി.യില്‍ നിന്നും കുറച്ച് അകലെയായിരിക്കണം. കുട്ടിയെ കൊണ്ടുവരുന്ന അമ്മയും ആരോഗ്യ പ്രവര്‍ത്തകരും മാസ്‌ക് ഉപയോഗിക്കണം. ഇമ്മ്യൂണൈസേഷന്‍ നല്‍കുന്ന ആരോഗ്യ പ്രവര്‍ത്തക ത്രീ ലെയര്‍ മാസ്‌കും ഗ്ലൗസും ഉപയോഗിക്കണം.

ഡോക്ടര്‍ ഇക്ബാല്‍ ചെയര്‍മാനായ കോവിഡ്-19 വിദഗ്ദ്ധരുടെ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരമാണ് കുട്ടികള്‍ക്കുള്ള കുത്തിവയ്പ്പ് പുനരാരംഭിക്കുന്നത്. എത്രയും വേഗം പ്രതിരോധ കുത്തിവയ്പ്പ് ആരംഭിക്കണമെന്ന് കമ്മിറ്റി തീരുമാനിച്ചിരുന്നു.

Read Also: മലയാളിയ്ക്ക് ആശ്വാസം പകര്‍ന്ന ആറു മണി കൂടിക്കാഴ്ചയ്ക്ക് വിരാമമാകുമ്പോള്‍

ലോക്ക്ഡൗണ്‍ നീട്ടിയ സാഹര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് കുട്ടികളില്‍ എടുക്കാതിരുന്നാല്‍ ലോക്ക്ഡൗണിനുശേഷം ഈ കുത്തിവയ്പ്പ് എടുത്തിട്ടില്ലാത്ത ധാരാളം കുട്ടികള്‍ സമൂഹത്തിലുണ്ടാകാന്‍ സാധ്യതയുള്ളതിനാലാണ് കുത്തിവയ്പ്പ് പുനരാരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതെന്ന് ഇതുസംബന്ധിച്ച ഉത്തരവില്‍ പറയുന്നു. ഇത് വാക്‌സിന്‍ മൂലം നിയന്ത്രിക്കാവുന്ന രോഗങ്ങളുടെ വര്‍ദ്ധനവിനും കാരണമാകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.