സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് 10 ശതമാനം സംവരണം; മന്ത്രിസഭായോഗ തീരുമാനങ്ങൾ

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തും

corona virus, കൊറോണ വൈറസ്, lockdown, സാലറി ചലഞ്ച്, salary challenge, govt employees, ie malayalam, ഐഇ മലയാളം

തിരുവനന്തപുരം:പൊതുവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നിയമനങ്ങളില്‍ 10 ശതമാനം സംവരണം നടപ്പാക്കാന്‍ മന്ത്രിസഭാ തീരുമാനം. ഇതിനായി കേരള സ്റ്റേറ്റ് ആന്‍ഡ് സബോര്‍ഡിനേറ്റ് സര്‍വീസസ് റൂള്‍സിലെ സംവരണ ചട്ടങ്ങളില്‍ ഭേദഗതി വരുത്തും. വിജ്ഞാപനം പുറപ്പെടുവിക്കുന്ന തയെതി മുതല്‍ തീരുമാനത്തിന് പ്രാബല്യമുണ്ടാകും. സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമ ഭേദഗതി കൊണ്ടുവരും.  സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിച്ചുവയ്‌ക്കുന്നതു തുടരേണ്ടെന്നും മന്ത്രിസഭായോഗം തീരുമാനിച്ചു.

നിലവില്‍ പട്ടികജാതി-പട്ടികവര്‍ഗക്കാര്‍ക്കും പിന്നാക്ക സമുദായങ്ങള്‍ക്കുമായി 50 ശതമാനം സംവരണമാണ് നല്‍കുന്നത്. പുതുതായി നടപ്പാക്കുന്ന 10 ശതമാനം സംവരണം, നിലവിലുള്ള സംവരണ വിഭാഗങ്ങളെ ബാധിക്കില്ല. പൊതുവിഭാഗത്തില്‍ നിന്നാണ് സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്കുള്ള സാമ്പത്തിക സംവരണം ഏര്‍പ്പെടുത്തുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം ഇടതുമുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്‌ദാനങ്ങളിലൊന്നായിരുന്നു.

Read Also: ലക്ഷ്യം വോട്ട് ബാങ്കോ? സർക്കാർ ജീവനക്കാരുടെ ശമ്പള പരിഷ്‌കരണത്തിനെതിരെ ഹൈക്കോടതി

സമൂഹമാധ്യമങ്ങളിലൂടെയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ നിയമഭേദഗതി

സമൂഹമാധ്യമങ്ങള്‍ വഴിയുള്ള കുറ്റകൃത്യങ്ങള്‍ തടയാന്‍ പൊലീസ് ആക്ടില്‍ ഭേദഗതി വരുത്തും. ഭേദഗതി, ഓര്‍ഡിനന്‍സായി പുറപ്പെടുവിക്കാന്‍ ഗവര്‍ണറോട് ശിപാര്‍ശ ചെയ്യും. പൊലീസ് ആക്ടില്‍ 118-എ എന്ന വകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് മന്ത്രിസഭാ ശിപാര്‍ശ.

സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നിലവിലുള്ള നിയമം അപര്യാപ്തമാണെന്ന് കണ്ടതിനാലാണു പുതിയ വകുപ്പ് കൂട്ടിച്ചേര്‍ക്കുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയുള്ള ഭീഷണി, അപമാനിക്കൽ, അപകീർത്തിപ്പെടുത്തൽ എന്ന ഉദ്ദേശിച്ചുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കൽ, പ്രചരിപ്പിക്കൽ എന്നിവ ഇനി കുറ്റകൃത്യമാകും. ശിക്ഷയായി അഞ്ചുവര്‍ഷം വരെ തടവോ 10,000 രൂപ വരെ പിഴയോ, അല്ലെങ്കില്‍ രണ്ടും കൂടിയോ വിധിക്കുന്നതിനുള്ള വ്യവസ്ഥയാണ് കൂട്ടിച്ചേര്‍ക്കുന്ന വകുപ്പിലുള്ളത്.

2000-ലെ ഐടി ആക്ടിലെ 66-എ വകുപ്പും 2011-ലെ കേരള പൊലീസ് ആക്ടിലെ 118 (ഡി) വകുപ്പും അഭിപ്രായസ്വാതന്ത്ര്യത്തിനു എതിരാണെന്നു കണ്ട് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ഇതിനു പകരം മറ്റു നിയമവ്യവസ്ഥകളൊന്നും കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിട്ടില്ല. ഈ സാഹചര്യത്തില്‍ സമൂഹമാധ്യമങ്ങള്‍ വഴി നടക്കുന്ന കുറ്റകൃത്യങ്ങള്‍ ഫലപ്രദമായി നേരിടാന്‍ പൊലീസിന് കഴിയാത്ത സാഹചര്യമുണ്ട്. ഇതു കണക്കിലെടുത്താണു തീരുമാനം.

സർക്കാർ ജീവനക്കാരുടെ ശമ്പളം ഇനി പിടി‌ക്കില്ല

സർക്കാർ ജീവനക്കാരുടെ ശമ്പളം പിടി‌ക്കുന്ന നടപടി ഇനിയില്ല. കോവിഡ് മഹാമാരി സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും മൊത്ത ശമ്പളത്തിന്റെ 20 ശതമാനമാണ് (ആറു ദിവസത്തെ ശമ്പളം) ഏപ്രില്‍ മുതല്‍ പിടിച്ചുവച്ചത്. ഈ തുക 2021 ഏപ്രില്‍ ഒന്നിന് പി.എഫില്‍ ലയിപ്പിക്കും.

പിടിച്ച തുക ഉടനെ പണമായി തിരിച്ചുനല്‍കുകയാണെങ്കിൽ 2500 കോടി രൂപയുടെ അധിക ബാധ്യതയാണ് സർക്കാരിനുണ്ടാകുക. അത് ഒഴിവാക്കാനാണ് പി.എഫില്‍ ലയിപ്പിക്കുന്നത്. ഇത് ജൂണ്‍ ഒന്നിനു ശേഷം പിന്‍വലിക്കാന്‍ അനുമതി നല്‍കും. ലയിപ്പിക്കുന്ന തീയതി മുതല്‍ പി.എഫ് നിരക്കില്‍ പലിശ നല്‍കും. പെന്‍ഷന്‍കാരുള്‍പ്പെടെ പി.എഫ് ഇല്ലാത്തവര്‍ക്ക് ജൂണ്‍ ഒന്നു മുതല്‍ ഓരോ മാസത്തെയും തുക തുല്യ തവണകളായി നല്‍കും.

15 പുതിയ സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍

സംസ്ഥാനത്ത് 15 പുതിയ സൈബര്‍ പൊലീസ് സ്റ്റേഷനുകള്‍ രൂപീകരിക്കും. തിരുവനന്തപുരം റൂറല്‍, കൊല്ലം സിറ്റി, കൊല്ലം റൂറല്‍, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം റൂറല്‍, തൃശൂര്‍ റൂറല്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് റൂറല്‍, കണ്ണൂര്‍, വയനാട്, കാസര്‍ഗോഡ് പൊലീസ് ജില്ലകളിലാണ് സ്റ്റേഷനുകള്‍ തുറക്കുന്നത്.

വാട്ടര്‍ മെട്രോയ്ക്ക് പ്രത്യേക കമ്പനി

കൊച്ചി വാട്ടര്‍ മെട്രോ പദ്ധതിയുടെ പ്രവര്‍ത്തനത്തിനും നടത്തിപ്പിനുമായി പ്രത്യേക ഉദ്ദേശ കമ്പനി രൂപീകരിക്കും. സര്‍ക്കാരിന് 74 ശതമാനം ഓഹരിയും കെ.എം.ആര്‍.എല്ലിന് 26 ശതമാനം സ്വെറ്റ് ഇക്വിറ്റിയുമുള്ള കമ്പനിയാണ് രൂപീകരിക്കുക.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Kerala government cabinet meeting decisions

Next Story
പ്രചരണം സോഷ്യൽ മീഡിയ വഴി മതി; തദ്ദേശ തിരഞ്ഞെടുപ്പ് മാർഗ നിർദേശങ്ങളായിELECTION CAMPAIGN,LOCAL BODY ELECTION,LOCAL BODY POLLS,തദ്ദേശതെരഞ്ഞെടുപ്പ്,തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം,കൊട്ടിക്കലാശം
The moderation of comments is automated and not cleared manually by malayalam.indianexpress.com