തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നൽകുന്ന കേന്ദ്ര സർക്കാർ നിലപാടിനെതിരെ സംസ്ഥാന സർക്കാർ ഹെെക്കോടതിയെ സമീപിച്ചു. കേന്ദ്ര സർക്കാർ നടപടികൾ സ്റ്റേ ചെയ്യണമെന്നാണ് സംസ്ഥാന സർക്കാർ നൽകിയ ഹർജിയിൽ ആവശ്യപ്പെടുന്നത്. അമ്പത് വർഷത്തേക്കാണ് തിരുവനന്തപുരം വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിനു നൽകുന്നത്.

തിരുവനന്തപുരം വിമാനത്താവളസ്വകാര്യവല്‍കരണ വിഷയത്തില്‍ വ്യോമയാനമന്ത്രി ഹര്‍ദീപ് എസ്.പൂരിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകിയിട്ടുണ്ട്. മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് എളമരം കരീമാണ് നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം വിമാനത്താവള നടത്തിപ്പ് സ്വകാര്യ കമ്പനിക്ക് പാട്ടത്തിനു നൽകിയ കേന്ദ്ര നിലപാടിനെ ശക്തമായി എതിർത്ത് സംസ്ഥാന സർക്കാർ നേരത്തെ രംഗത്തെത്തിയിരുന്നു. വിമാനത്താവളം വിട്ടുകൊടുക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞു.

വിമാനത്താവളം അദാനിക്ക് നൽകാൻ അനുവദിക്കില്ല. സ്വകാര്യവൽക്കരിച്ചാൽ സംസ്ഥാന സർക്കാർ വിമാനത്താവളവുമായി സഹകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. വിമാനത്താവളം ആര് ഏറ്റെടുത്താലും സർക്കാർ സഹകരണമില്ലാതെ നടത്താനാവില്ലെന്നും മുഖ്യമന്ത്രി ഇന്നലെ നടന്ന സർവകക്ഷി യോഗത്തിൽ പറഞ്ഞു. വിമാനത്താവള വിഷയത്തിൽ സംസ്ഥാന സർക്കാരെടുക്കുന്ന എല്ലാ തീരുമാനങ്ങൾക്കും പ്രതിപക്ഷം പൂർണ പിന്തുണ അറിയിച്ചു. വിമാനത്താവളം സ്വകാര്യവൽക്കരിക്കുന്നതിനെതിരെ കോൺഗ്രസും നേരത്തെ രംഗത്തെത്തിയിരുന്നു.

Read Also: പാലാരിവട്ടം പാലം ഉടൻ പൊളിച്ചുപണിയണം; കേസ് ഉടൻ തീർപ്പാക്കണമെന്നു ആവശ്യപ്പെട്ട് സർക്കാർ കോടതിയിൽ

വിമാനത്താവളത്തിന്റെ നടത്തിപ്പും മേല്‍നോട്ടവും അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാന്‍ കേന്ദ്രമന്ത്രിസഭ എടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് സര്‍വകക്ഷി യോഗം ആവശ്യപ്പെട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച സര്‍വകക്ഷിയോഗത്തിൽ ബിജെപിയൊഴികെ എല്ലാ കക്ഷികളും വിമാനത്താവള സ്വകാര്യവല്‍ക്കരണത്തെ എതിര്‍ത്തു. നിയമ നടപടികള്‍ തുടരുന്നതിനൊപ്പം ഒറ്റക്കെട്ടായി ഈ വിഷയത്തില്‍ മുന്നോട്ടുപോകാന്‍ യോഗം തീരുമാനിച്ചു.

വിമാനത്താവളം വിട്ടുകൊടുക്കാനാകില്ല. എല്ലാവരും ഒറ്റക്കെട്ടാണ്. ബിജെപിയുടേത് സാങ്കേതിക പ്രതിഷേധം മാത്രമാണ്. കാര്യങ്ങള്‍ മനസിലാക്കിയാൽ അവരും പിന്‍മാറും. ഒന്നിച്ചു നിന്നാല്‍ നമുക്ക് ഈ തീരുമാനത്തെ മാറ്റിയെടുക്കാം. നിയമസഭയില്‍ ഒന്നിച്ച് നിലപാടെടുക്കാം. തലസ്ഥാന നഗരിയുടെ പ്രൗഡിക്കനുസരിച്ചുള്ള വിമാനത്താവളമാക്കി മാറ്റാം. നിയമസഭയില്‍ സ്വീകരിക്കേണ്ട നിലപാടുകള്‍ സ്‌പീക്കർ, പ്രതിപക്ഷ നേതാവ് എന്നിവരുമായി ആലോചിച്ച് തീരുമാനിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്ന എല്ലാ നടപടികള്‍ക്കും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ഒട്ടക്കെട്ടായി നിന്ന് നിയമസഭയില്‍ പ്രമേയം കൊണ്ടുവരുന്ന കാര്യത്തിലും അദ്ദേഹം പിന്തുണ നല്‍കി. അതീവ പ്രാധാന്യമുള്ള വിഷയത്തില്‍ ഉടന്‍ യോഗം വിളിച്ചതിന് കക്ഷിനേതാക്കള്‍ സര്‍ക്കാരിനെ അഭിനന്ദിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook