തിരുവനന്തപുരം: മദ്യപിച്ച് വാഹനമോടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചതിനെതിരെ സംസ്ഥാന സര്‍ക്കാര്‍. ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ കോടതിയെ സമീപിക്കും. മുഖ്യമന്ത്രിയുടെ നിര്‍ദേശാനുസരണമാണ് സര്‍ക്കാര്‍ അപ്പീല്‍ നല്‍കുന്നത്. ഇന്ന് തന്നെ ജില്ലാ കോടതിയിൽ സർക്കാർ അപ്പീൽ നൽകുമെന്നാണ് സൂചന. മദ്യപിച്ചത് കണ്ടെത്താനായിട്ടില്ലെങ്കിലും നരഹത്യാ കുറ്റം നിലനിൽക്കുമെന്നാണ് സർക്കാർ വാദം. ഇക്കാര്യത്തിൽ മജിസ്ട്രേറ്റ് കോടതിക്ക് ജാമ്യം അനുവദിക്കാൻ സാധിക്കില്ലെന്നും സർക്കാർ കോടതിയെ അറിയിക്കും.
ജാമ്യത്തിനെതിരെ അപ്പീല്‍ നല്‍കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് ഇന്നലെ തന്നെ അറിയിച്ചിരുന്നു. ജാമ്യം റദ്ദാക്കണമെന്ന് അപ്പീലില്‍ ആവശ്യപ്പെടും. സര്‍ക്കാരിനെതിരെ ആക്ഷേപങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി നേരിട്ട് വിഷയത്തില്‍ ഇടപെടുന്നത്. ഇന്നലെയാണ് ശ്രീറാം വെങ്കിട്ടരാമന് ജാമ്യം അനുവദിച്ചത്. കേരളത്തിൽ നിന്ന് പുറത്തുപോകരുത് എന്ന വ്യവസ്ഥയോടെയാണ് ജാമ്യം അനുവദിച്ചത്. മെഡിക്കൽ കോളേജിലാണ് ശ്രീറാം വെങ്കിട്ടരാമൻ ഇപ്പോൾ ഉള്ളത്.
തിരുവനന്തപുരം സിജെഎം കോടതിയാണ് ശ്രീറാമിന് ജാമ്യം അനുവദിച്ചത്. ശ്രീറാം മദ്യപിച്ചിരുന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് സാധിച്ചില്ല. അഭിഭാഷകരായ വി.എസ്.ഭാസുരേന്ദ്രൻ നായർ, ആർ.പ്രവീൺ കുമാർ എന്നിവരാണ് പ്രതിക്കുവേണ്ടി ജാമ്യാപേക്ഷ സമർപ്പിച്ചത്. താൻ മദ്യപിച്ചിരുന്നില്ലെന്നും തനിക്കെതിരായ കേസിന് പിന്നിൽ രാഷ്ട്രീയ, മാധ്യമ സമ്മർദ്ദമാണെന്നുമാണ് ശ്രീറാം ഉന്നയിക്കുന്ന പ്രധാന വാദം. ശ്രീറാമിനെ കസ്റ്റഡിയിൽ വേണമെന്ന പൊലീസ് ആവശ്യം കോടതി തള്ളി.
സംഭവത്തില്‍ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെ സഹയാത്രിക വഫ ഫിറോസ് നൽകിയ രഹസ്യ മൊഴി പുറത്തുവന്നു. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാമായിരുന്നുവെന്നും ശ്രീറാം മദ്യപിച്ചിരുന്നുവെന്നും വഫ. അമിതവേഗതയിലായിരുന്നു വാഹനമോടിച്ചതെന്നും മൊഴിയിൽ വഫ ഫിറോസ് വ്യക്തമാക്കുന്നു.