തിരുവനന്തപുരം: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട വയനാട് സ്വദേശി ഹവീല്‍ദാര്‍ വി.വി.വസന്തകുമാറിന്റെ കുടുംബത്തിന് സംസ്ഥാന സര്‍ക്കാര്‍ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ ഭാര്യ ഷീനയുടെ ജോലി സ്ഥിരപ്പെടുത്താനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വസന്തകുമാറിന്റെ അമ്മയ്ക്ക് 10 ലക്ഷം രൂപയും ഭാര്യയ്ക്ക് 15 ലക്ഷം രൂപയുമാണ് നല്‍കുക. അദ്ദേഹത്തിന്റെ കുടുംബത്തിന് പുതിയ വീട് നിര്‍മ്മിച്ചു നല്‍കാനും രണ്ടു മക്കളുടേയും പഠന ചെലവ് വഹിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചു. വയനാട് വെറ്റിനറി സർവകലാശാലയിലെ താത്കാലിക ജീവനക്കാരിയാണ് വസന്തകുമാറിന്റെ ഭാര്യ ഷീന. ഈ ജോലി സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

ഫെബ്രുവരി 14നാണ് പുല്‍വാമ ജില്ലയില്‍ നടന്ന ഭീകരാക്രമണത്തില്‍ വസന്തകുമാര്‍ ഉള്‍പ്പെടെ 40 സിആര്‍പിഎഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടത്. ആക്രമണത്തിന് പിന്നാലെ 17 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ജെയ്‌ഷെ മുഹമ്മതിന്റെ മൂന്ന് കമാന്‍ഡര്‍മാരെയും സൈന്യം വധിച്ചു.

ജെയ്‌ഷെ മുഹമ്മദിന്റെ കശ്മീര്‍ താഴ്‌വരയിലെ കമാന്‍ഡര്‍ കമ്രാന്‍ ആണ് കൊല്ലപ്പെട്ട ഭീകരരില്‍ ഒരാള്‍. ഇയാള്‍ പാക്കിസ്ഥാന്‍ സ്വദേശിയാണ്. പുല്‍വാമയില്‍ ചാവേറാക്രമണത്തിനുളള പദ്ധതി തയാറാക്കിയത് ഇയാളെന്നാണ് കരുതുന്നത്. പാക്കിസ്ഥാന്‍ സ്വദേശിയായ റാഷിദ്, കശ്മീര്‍ സ്വദേശിയായ ഹിലാല്‍ അഹമ്മദ് എന്നിവരാണ് കൊല്ലപ്പെട്ട മറ്റു ഭീകരര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.