തിരുവനന്തപുരം: നിയമപരമായി വിവാഹിതരാവുന്ന ട്രാന്‍സ്‌ജെന്റർ ദമ്പതികള്‍ക്ക് 30,000 രൂപ വീതം വിവാഹ ധനസഹായം നല്‍കാൻ സർക്കാർ തീരുമാനം. 3 ലക്ഷം രൂപ ഇതിനായി അനുവദിച്ച് ഉത്തരവായതായി ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു.

ശസ്ത്രക്രിയയിലൂടെ പൂര്‍ണമായി സ്ത്രീയോ പുരുഷനോ ആയി മാറിയ ശേഷം, നിയമപരമായി വിവാഹം ചെയ്യുന്നവർക്കാണ് സഹായം ലഭിക്കുക. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ വിവാഹ ധനസഹായം അനുവദിക്കും. ട്രാൻസ്ജെന്റർ വിഭാഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുളള ശ്രമത്തിന്റെ ഭാഗമാണ് ഈ ധനസഹായമെന്ന് മന്ത്രി പറഞ്ഞു.

ഇന്ത്യയില്‍ ആദ്യമായി സ്‌പെഷ്യല്‍ മാരേജ് ആക്ട് പ്രകാരം 2 ട്രാന്‍സ്‌ജെന്റർ വ്യക്തികള്‍ വിവാഹിതരായത് കേരളത്തിലാണ്. നേരത്തെ കേരളം പ്രഖ്യാപിച്ച ട്രാൻസ്ജെന്റർ പോളിസി പ്രകാരം,  ശസ്ത്രക്രിയയ്ക്ക് വിധേയരായി സ്ത്രീയോ പുരുഷനോ ആയി മാറിയവർക്ക്  വിവാഹ ധനസഹായം ഉള്‍പ്പെടുത്തിയിരുന്നില്ല. ഇത് ബോധ്യമായതിനെ തുടര്‍ന്നാണ് ഈ വിഭാഗക്കാര്‍ക്ക് വിവാഹ ധനസഹായം കൂടി നല്‍കാന്‍ സർക്കാർ തീരുമാനിച്ചത്.

വിവാഹ ധനസഹായത്തിന് അപേക്ഷിക്കുന്ന ട്രാന്‍സ്‌ജെന്റർ വ്യക്തികള്‍ക്ക് നിര്‍ബന്ധമായും ട്രാന്‍സ്‌ജെന്റർ തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരിക്കണം. നിയമപരമായി വിവാഹിതരായ ശേഷം ആറുമാസത്തിനുശേഷം ഒരു വര്‍ഷത്തിനുളളിലും ധനസഹായത്തിനുള അപേക്ഷ സമര്‍പ്പിച്ചിരിക്കണം. വിവാഹ സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് അപേക്ഷയോടൊപ്പം ഹാജരാക്കണം. അപേക്ഷയോടൊപ്പം നിലവില്‍ ദമ്പതികള്‍ ഒന്നിച്ചു താമസിച്ചുവരുന്നതായി ബന്ധപ്പെട്ട ജനപ്രതിനിധിയുടെ (വാര്‍ഡ് മെമ്പര്‍/കൗണ്‍സിലര്‍) സാക്ഷ്യപത്രം ഹാജരാക്കണം. അപേക്ഷകരില്‍ ഒരാള്‍ മാത്രം ട്രാന്‍സ്‌ജെന്റർ വ്യക്തിയാണെങ്കിലും ധനസഹായത്തിന് അര്‍ഹതയുണ്ടായിരിക്കും. വിവാഹ ധനസഹായം ഒരിക്കല്‍ മാത്രമേ ലഭിക്കൂ.  നിലവിലുളള വിവാഹബന്ധം വേര്‍പെടുത്തി, പുനര്‍വിവാഹം കഴിക്കുന്ന ട്രാന്‍സ്‌ജെന്ററിന് ധനസഹായം ലഭിക്കില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.