തിരുവനന്തപുരം: മഹാപ്രളയത്തിലും ഉരുള്‍പൊട്ടലിലും തകര്‍ന്ന സംസ്ഥാനത്തെ റോഡുകളുുടെ റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി 400 കോടി രൂപ അനുവദിച്ചു. 2018ലേയും 2019ലേയും പ്രളയകാലത്ത് കേരളത്തിലെ പൊതുമരാമത്ത് വകുപ്പിന് 17000 കോടി രൂപയുടെ നാശനഷ്ടം സംഭവിച്ചാതായാണ് കേന്ദ്രസംഘത്തിന്റെ വിലയിരുത്തൽ. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ധനസഹായം ലഭിക്കുന്നതിനായി ലോകബാങ്ക്, ജര്‍മ്മന്‍ ബാങ്ക് എന്നീ സാമ്പത്തിക സ്ഥാപനങ്ങളുമായി ചര്‍ച്ചകള്‍ പൂര്‍ത്തീകരിച്ച് വരികയാണ്. പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന കാലയളവ് വരെയാണ് അറ്റകുറ്റപ്പണികള്‍ക്ക് ഈ തുക അനുവദിച്ചിരിക്കുന്നതെന്ന് മന്ത്രി ജി.സുധാകരൻ അറിയിച്ചു.

Also Read: പിറവം പള്ളി: പൂട്ടുപൊളിച്ച് പൊലീസ് പള്ളിക്കുള്ളിൽ, യാക്കോബായ വിഭാഗത്തെ അറസ്റ്റ് ചെയ്ത് നീക്കി

റിപ്പയര്‍ ആന്റ് മെയിന്റനന്‍സില്‍ ഉള്‍പ്പെടുത്തി ആദ്യ ഗഡുവായി 2019 ആഗസ്റ്റ് മാസം 127 കോടി രൂപ നല്‍കിയിരുന്നു. ഇതോടൊപ്പമാണ് രണ്ടാം ഗഡുവായി സെപ്റ്റംബര്‍ മാസം 273 കോടി രൂപ അറ്റകുറ്റപ്പണികള്‍ക്കായി അനുവദിച്ചിരിക്കുന്നത്. 140 നിയോജകമണ്ഡലങ്ങളിലേയും കേടുപാടു സംഭവിച്ച റോഡുകള്‍ക്ക് ആനുപാതികമായാണ് ഫണ്ട് അനുവദിച്ചിട്ടുളളതെന്നും, കേരളത്തിലെ പൊതുമരാമത്ത് റോഡുകളില്‍ മുപ്പത് ശതമാനത്തോളം പ്രളയംമൂലം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഏതെങ്കിലും മണ്ഡലത്തില്‍ അധിക തുക ആവശ്യമുണ്ടെങ്കില്‍ ചീഫ് എഞ്ചിനീയര്‍ മുഖേന ലഭിക്കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഫണ്ട് അനുവദിക്കുന്നതാണെന്നും പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി റിപ്പയര്‍ ആന്റ് മെയിന്റനന്‍സ് നടത്തുന്നതു പോലെ കേടായ ഭാഗം പൂര്‍ണമായും ഗതാഗത യോഗ്യമാക്കുന്ന തരത്തിൽ ടാറിംഗ് നടത്തുമെന്നും ടാര്‍ ഒഴിച്ച് കുഴി അടയ്ക്കുന്ന പ്രക്രിയ ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. ഒക്‌ടോബര്‍ 31-ന് മുമ്പായി കേരളത്തിലെ മുഴുവന്‍ റോഡുകളും കേടുപാടുകള്‍ ഇല്ലാതാക്കി ഗതാഗത യോഗ്യമാക്കണമെന്നും ഇതിനായി ചീഫ് എഞ്ചിനീയര്‍ മുതല്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ വരെയുള്ള മുഴുവന്‍ ഉദ്യോഗസ്ഥര്‍ മേല്‍നോട്ടം വഹിക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Also Read: വട്ടിയൂര്‍ക്കാവില്‍ കുമ്മനം വേണം; സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ ബിജെപിയില്‍ ആശയക്കുഴപ്പം

മഴ മൂലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിന് തടസ്സം നേരിടുന്നപക്ഷം ആവശ്യമെങ്കില്‍ സമയം നീട്ടി നല്‍കുന്നതാണെന്നും, കേരളത്തല്‍ി ഇന്നുവരെ നല്‍കിയതില്‍ വച്ച് ഏറ്റവും കൂടുതല്‍ തുകയാണ് അറ്റകുറ്റപ്പണികള്‍ക്കായി സര്‍ക്കാര്‍ നല്‍കിയിട്ടുള്ളതെന്നും അറ്റകുറ്റപ്പണികളുടെ പുരോഗതി നേരിട്ട് പരിശോധിക്കുമെന്നും മന്ത്രി ജി.സുധാകരന്‍ അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.