scorecardresearch
Latest News
മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്ദന്‍ അന്തരിച്ചു

കേരളത്തില്‍ പ്രവാസികളെ ക്വാറന്റൈന്‍ ചെയ്യാന്‍ സ്റ്റേഡിയങ്ങളും

വിവിധ ജില്ലകളില്‍ അധികൃതര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നേരത്തെ ഓരോ വീടിലും മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു

air india, ai flight hit by bird, plane bird collision, pune to delhi air india flight, ai 853 pune to delhi flight, delhi domestic airport, indian express

തിരുവനന്തപുരം: പ്രവാസികളെ സ്വീകരിക്കാനൊരുങ്ങി കേരളം. ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളത്തിൽ 80,000 പ്രവാസികളാണ് തിരിച്ചെത്താൻ സാധ്യതയെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളെ പരിശോധിക്കാൻ രണ്ട് ലക്ഷം കിറ്റുകൾ തയ്യാറാക്കിയതായും മുഖ്യമന്ത്രി അറിയിച്ചു. രണ്ടരലക്ഷം കിടക്കകൾ പ്രവാസികൾക്കായി സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുണ്ട്.

കേന്ദ്ര ഗവണ്‍മെന്റ് വിദേശ രാജ്യങ്ങളില്‍നിന്ന് വളരെ കുറച്ചുപേരെ മാത്രമേ ആദ്യ ഘട്ടത്തില്‍ കൊണ്ടുവരുന്നുള്ളൂവെന്ന് മുഖ്യമന്ത്രി പറഞ്ഞു. “കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം വിമാനത്താവളങ്ങളിലായി ആദ്യത്തെ അഞ്ചുദിവസം എത്തിച്ചേരുക 2250 പേരാണ്. ഇന്ത്യാ ഗവണ്‍മെന്റ് ആകെ കേരളത്തിലേക്ക് കൊണ്ടുവരുന്നത് 80,000 പേരെയാണ് എന്നും വിവരമുണ്ട്. എന്നാല്‍, അടിയന്തരമായി നാട്ടിലെത്തിക്കേണ്ടവരുടെ മുന്‍ഗണന നാം കണക്കാക്കിയതനുസരിച്ച് 1,69,136 പേരുണ്ട്. തിരിച്ചുവരാന്‍ രജിസ്റ്റര്‍ ചെയ്തവരാകട്ടെ 4.42 ലക്ഷം പേരാണ്,” അദ്ദേഹം പറഞ്ഞു.

മുൻഗണനാക്രമത്തിൽ ഒന്നരലക്ഷത്തിൽ അധികം ആളുകളുടെ കണക്കാണ് സംസ്ഥാനം കേന്ദ്രത്തെ അറിയിച്ചത്. എന്നാൽ,  ഇത് കേന്ദ്രം പൂർണമായി അംഗീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ വിമാനത്താവളം വഴി പ്രവാസികൾ എത്തുന്നതിനു കേന്ദ്രം ഇതുവരെ അനുമതി നൽകിയിട്ടില്ലെന്നും അതിനുള്ള കാരണം വ്യക്തമാക്കിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. അടുത്ത ആഴ്‌ച മുതൽ കൂടുതൽ വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് ലഭിക്കുന്ന വിവരം. അടുത്ത് ആഴ്‌ച 20,000 ത്തോളം പ്രവാസികൾ തിരിച്ചെത്താനാണ് സാധ്യതയെന്നും മുഖ്യമന്ത്രി പറഞ്ഞു.

“സംസ്ഥാനത്ത് എല്ലാ ജില്ലകളിലും രണ്ടരലക്ഷം കിടക്കകള്‍ക്കുള്ള സൗകര്യം കണ്ടെത്തിയിട്ടുണ്ട്. അതില്‍ 1.63 ലക്ഷം കിടക്കകള്‍ ഇപ്പോള്‍ തന്നെ ഉപയോഗിക്കാന്‍ പര്യാപ്തമാണ്. ബാക്കിയുള്ളവ പൂര്‍ണ സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. വികേന്ദ്രീകൃതമായ ക്വാറന്റൈന്‍ സംവിധാനമാണ് ഉണ്ടാവുക. ഒഴിഞ്ഞുകിടക്കുന്ന വീടുകളും വേണ്ടി വന്നാല്‍ ക്വാറന്റൈനാക്കാന്‍ ഉദ്ദേശിക്കുന്നുണ്ട്,” മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിന്റെ പട്ടിക കേന്ദ്രം സ്വീകരിച്ചിട്ടില്ല

വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യാക്കാരെ തിരിച്ചു കൊണ്ടുവരുന്ന യജ്ഞത്തില്‍ ആദ്യത്തെ രണ്ട് വിമാനങ്ങള്‍ യുഎഇയില്‍ നിന്നും കേരളത്തിലേക്കാണ് വരുന്നത്. ജോലി നഷ്ടപ്പെട്ടവര്‍, ദുരിതത്തിലായ തൊഴിലാളികള്‍, ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, സന്ദര്‍ശക വിസയിലെത്തിയവര്‍ എന്നിവരെയാണ് മുന്‍ഗണനാക്രമത്തില്‍ രാജ്യത്തേക്ക് തിരിച്ചെത്തിക്കാനായിരുന്നു കേരളത്തിന്റെ പദ്ധതി.

എന്നാല്‍, കേന്ദ്രം അത് അനുവദിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. “സംസ്ഥാനം ഔദ്യോഗിക വെബ്‌സൈറ്റിലൂടെ ശേഖരിച്ച വിവരങ്ങള്‍ കേന്ദ്ര ഗവണ്‍മെന്റിനും ബന്ധപ്പെട്ട എംബസികള്‍ക്കും കൈമാറേണ്ടതുണ്ട്. എന്നാല്‍, വിവരങ്ങള്‍ കൈമാറാനുള്ള സംവിധാനം ഇതുവരെ വിദേശ മന്ത്രാലയവും എംബസികളും ലഭ്യമാക്കിയിട്ടില്ല. ഈ കാര്യം നേരത്തേ തന്നെ ഔദ്യോഗിക തലത്തില്‍ അറിയിച്ചിട്ടുള്ളതാണ്. ഇപ്പോള്‍ പ്രധാനമന്ത്രിയോട് കത്തിലൂടെ ആവശ്യപ്പെടുകയും ചെയ്തു. മുന്‍ഗണനാ വിഭാഗങ്ങളില്‍പെട്ടവരെ എത്രയുംവേഗം സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് നാട്ടിലെത്തിക്കണം എന്ന് കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു,” മുഖ്യമന്ത്രി പറഞ്ഞു.

Read Also: ശമ്പളം മാറ്റിവയ്‌ക്കൽ; ആരോഗ്യപ്രവർത്തകർക്ക് ഇളവില്ലെന്ന് കോടതി

നഗര, ഗ്രാമഭേദമില്ലാതെ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍

അതേസമയം, കോവിഡ്-19 ബാധിത പ്രദേശങ്ങളില്‍ നിന്നും കേരളത്തിലേക്ക് തിരിച്ചെത്തുന്ന മലയാളികളെ സ്വീകരിക്കാന്‍ സംസ്ഥാനത്ത് ഒരുക്കങ്ങൾ പൂർത്തിയായി. അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള തിരുവനന്തപുരം, എറണാകുളം, മലപ്പുറം, കണ്ണൂര്‍ ജില്ലകളെ കൂടാതെ മറ്റു ജില്ലകളിലും പ്രവാസികളെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കുകയാണ്. നഗര, ഗ്രാമ വ്യത്യാസമില്ലാതെയാണ് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നത്.

വിമാനത്താവളങ്ങളോടനുബന്ധിച്ചുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ മാത്രമല്ല വിദേശത്തുനിന്ന് എത്തുന്നവരെ താമസിപ്പിക്കുകയെന്നും അവരുടെ ജില്ലയിലെ സ്വന്തം പ്രദേശങ്ങള്‍ക്ക് അടുത്തുള്ള ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ ഇതിനായി ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങള്‍ വഴിയും പ്രവാസികളെ കൊണ്ടുവരുമ്പോഴുള്ള സജ്ജീകരണമാണ് സംസ്ഥാനം ഒരുക്കിയിരുന്നത് എന്നാല്‍, കണ്ണൂര്‍ വിമാനത്താവളത്തെ അതില്‍നിന്ന് ഒഴിവാക്കിയെന്നും കാരണം വ്യക്തമാക്കിയിട്ടുമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. “രജിസ്റ്റര്‍ ചെയ്ത കേരളീയരില്‍ 69,179 പേര്‍ കണ്ണൂരില്‍ ഇറങ്ങണമെന്നാണ് താല്‍പര്യപ്പെട്ടിട്ടുള്ളത്. മറ്റിടങ്ങളില്‍ ഇറങ്ങിയാല്‍ അവരുടെ യാത്ര പ്രശ്‌നമാകും,” മുഖ്യമന്ത്രി പറഞ്ഞു.

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ ജില്ലയില്‍ സജ്ജമായെന്ന് ജില്ലാ ഭരണകൂട അധികൃതര്‍ അറിയിച്ചു. പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനുള്ള സൗകര്യങ്ങള്‍ ആറു താലൂക്കുകളിലായി ഒരുക്കിയിട്ടുണ്ട്. 11,217 പേര്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും 6,471 പേര്‍ക്ക് സ്വന്തം ചെലവില്‍ ഹോട്ടലുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനും സൗകര്യങ്ങള്‍ ഒരുക്കി. സര്‍ക്കാര്‍ മാര്‍ഗനിര്‍ദ്ദേശങ്ങളനുസരിച്ച് ഇവര്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

Read Also: മദ്യം സംസ്ഥാനങ്ങളുടെ ചാകരയാകുന്നത് എങ്ങനെ?

ജില്ലയിലെ വിവിധ ഹോസ്റ്റലുകള്‍, ഹോട്ടലുകള്‍, ഓഡിറ്റോറിയങ്ങള്‍ തുടങ്ങിയവ താമസസൗകര്യത്തിനായി ഏറ്റെടുത്തിട്ടുണ്ട്. 261 സ്വകാര്യ ഹോട്ടലുകളെയാണ് സ്വന്തം ചെലവില്‍ താമസസൗകര്യത്തിനായി കണ്ടെത്തിയിട്ടുള്ളത്. അപ്രതീക്ഷിതമായി കൂടുതല്‍പേര്‍ വന്നാല്‍ നിരീക്ഷണത്തില്‍ പാര്‍പ്പിക്കുന്നതിന് വിവിധ സ്ഥലങ്ങളിലായി കണ്ടെത്തിയ 178 ഹാളുകള്‍ ഉപയോഗിക്കാനാകും.

അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രോഗപരിശോധനയ്ക്കുള്ള സൗകര്യങ്ങളടക്കമുണ്ടാകും. പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ ഇവിടെനിന്നും ആംബുലന്‍സില്‍ ആശുപത്രികളിലേക്ക് മാറ്റും. നിരീക്ഷണത്തിലുള്ളവര്‍ക്ക് ആരോഗ്യ പരിശോധനയ്ക്കും ചികിത്സയ്ക്കുമുള്ള സൗകര്യങ്ങളുമുണ്ടാകും. തിരുവനന്തപുരത്ത് പ്രവാസികളെ താമസിപ്പിക്കുന്നതിന് സ്റ്റേഡിയങ്ങളില്‍ സൗകര്യമൊരുക്കുമെന്ന് ജില്ലാ ഭരണകൂടം പറഞ്ഞു.

എറണാകുളത്തും പ്രവാസികളെ സ്വീകരിക്കാന്‍ ജില്ലാഭരണകൂടം ഒരുങ്ങി. വിമാനത്താവളം, തുറമുഖം, എന്നിവിടങ്ങളില്‍ ഇതിനായുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നതോടെ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവരെ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങളും പൂര്‍ത്തിയാക്കും.

തിരിച്ചെത്തുന്നവര്‍ക്ക് ക്വാറന്റീന്‍ അടക്കം വിവിധ സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി ജില്ലാ കലക്‌ടർ എസ്. സുഹാസിന്റെ അദ്ധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. പ്രവാസികളെ സംബന്ധിച്ചുളള സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ ജില്ലയില്‍ നടപ്പാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ അതിവേഗം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്ന് യോഗം വിലയിരുത്തി. ഈ മാസം ഏഴ് മുതലാണ് പ്രവാസികള്‍ എത്തിതുടങ്ങുന്നത്. ആദ്യഘട്ടത്തില്‍ നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 2150 പ്രവാസികളാണ് എത്തുന്നത്.

ആദ്യ ദിവസം അബുദാബി , ദോഹ എന്നിവിടങ്ങളില്‍ നിന്നും 200 പേര്‍ വീതം മടങ്ങിയെത്തും. എട്ടാം തീയതി ബഹറിനില്‍ നിന്നും 200 പേരും ഒന്‍പതിന് കുവൈറ്റ്, മസ്‌ക്കറ്റ് എന്നിവിടങ്ങളില്‍ നിന്നും യഥാക്രമം 200, 250 പേര്‍ വീതവും എത്തിച്ചേരും. പത്താം തീയതി കോലാലംപൂരില്‍ നിന്നും 250 പേരും 11ന് ദുബായ, ദമാം എന്നിവിടങ്ങളില്‍ നിന്നും 200 പേര്‍ വീതവും എത്തും. 12ാം തീയതി ക്വലാലംപൂരില്‍ നിന്നും 250 പേരും 13ന് ജിദ്ദയില്‍ നിന്ന് 200 പേരുമാണ് ജില്ലയില്‍ എത്തുകയെന്ന് അധികൃതര്‍ പറഞ്ഞു.

വിവിധ ജില്ലകളില്‍ അധികൃതര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴി നേരത്തെ ഓരോ വീടിലും മടങ്ങിവരാന്‍ താല്‍പര്യപ്പെടുന്ന പ്രവാസികളുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. ആശാ വര്‍ക്കര്‍മാര്‍, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അംഗങ്ങള്‍ എന്നിവര്‍ വഴിയാണ് സര്‍ക്കാര്‍ നേരത്തെ സര്‍വേ പൂര്‍ത്തിയാക്കിയത്.

മെയ് ഏഴിന് സൗദി അറേബ്യ, ദുബൈ എന്നിവിടങ്ങളില്‍ നിന്ന് രണ്ട് വിമാനങ്ങളിലായി 400 പേര്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് പറഞ്ഞു. ഇതില്‍ കരിപ്പൂരിലെ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നവരെ സ്വീകരിക്കാനും ആവശ്യമായ ആരോഗ്യ സുരക്ഷ ഉറപ്പാക്കാനുമുള്ള സംവിധാനങ്ങളെല്ലാം സജ്ജമാക്കിയിട്ടുണ്ട്.

“ആരോഗ്യ ജാഗ്രതയും യാത്രക്കാരുടെ സാമൂഹ്യ അകലവും ഉറപ്പാക്കിയുള്ള ക്രമീകരണങ്ങളാണ് വിമാനത്തിലും വിമാനത്താവളത്തിലുമുണ്ടാവുക. പ്രത്യേക വിമാനങ്ങളില്‍ എത്തുന്നവരെ പുറത്തിറങ്ങുന്നതോടെ കര്‍ശനമായ ആരോഗ്യ പരിശോധനയ്ക്ക് വിധേയരാക്കും. പ്രകടമായ ആരോഗ്യ പ്രശ്നങ്ങളുള്ളവരെ നേരിട്ട് ആശുപത്രികളിലെ ഐസൊലേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. മറ്റുള്ളവര്‍ക്ക് പ്രത്യേക നിരീക്ഷണത്തിനുള്ള സൗകര്യങ്ങളും ഒരുക്കും,” അദ്ദേഹം പറഞ്ഞു.

“94 ഗ്രാമ പഞ്ചായത്തുകളിലും 12 നഗരസഭകളിലുമായി 200 കോവിഡ് കെയര്‍ സെന്ററുകളാണ് നിലവില്‍ ജില്ലയില്‍ സജ്ജമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സ്വകാര്യ കെട്ടിടങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളും ഹോസ്റ്റലുകളും സ്വകാര്യ ഹോട്ടലുകളും ഇതിലുള്‍പ്പെടും. 2,051 സിംഗിള്‍ റൂമുകളും 3,048 ഡബിള്‍ റൂമുകളും 715 മറ്റ് റൂമുകളുമാണ് ഈ കേന്ദ്രങ്ങളില്‍ ആകെയുള്ളത്. 200 കേന്ദ്രങ്ങളിലായി 11,778 പേരെ താമസിപ്പിക്കാനുള്ള സൗകര്യങ്ങളാണ് നിലവിലുള്ളത്. ആവശ്യമാവുന്ന മുറയ്ക്ക് കൂടുതല്‍ കോവിഡ് കെയര്‍ സെന്ററുകള്‍ ഒരുക്കാനും നടപടികളായിട്ടുണ്ട്.” തിരിച്ചെത്തുന്നവര്‍ക്കെല്ലാം ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്ര ദിവസത്തെ പ്രത്യേക നിരീക്ഷണം നിര്‍ബന്ധമാണെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.

Read Also: കോവിഡ്-19: വരും ദിവസങ്ങളിൽ കേസുകളുടെ എണ്ണം വലിയ തോതിൽ കൂടാൻ സാധ്യത

കല്ല്യാണ മണ്ഡപങ്ങളും ഒഴിഞ്ഞു കിടക്കുന്ന വീടുകളും ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍

തിരിച്ചെത്തുന്ന പ്രവാസികള്‍ക്ക് നിരീക്ഷണത്തില്‍ കഴിയുന്നതിനായി സംസ്ഥാനത്തെ പഞ്ചായത്തുകളുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങള്‍ ഏറ്റെടുത്തു തുടങ്ങി.

പഞ്ചായത്ത് പരിധിയിലെ സ്‌കൂളുകള്‍, കോളെജുകള്‍, കല്യാണമണ്ഡപങ്ങള്‍, ഹോസ്റ്റലുകള്‍, ഓഡിറ്റോറിയങ്ങള്‍, ഹോട്ടലുകള്‍, ലോഡ്ജുകള്‍, പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളുകള്‍, ഹോസ്പിറ്റലുകള്‍, അഗതി മന്ദിരങ്ങള്‍, വിവിധ സമുദായങ്ങളുടെ ഹാളുകള്‍ തുടങ്ങിയവ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കും. നിരീക്ഷണത്തില്‍ കഴിയുന്നവര്‍ക്ക് അറ്റാച്ച്ഡ് ബാത്ത്റൂം ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്.

പഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, പൊതുമരാമത്ത് വകുപ്പ് എന്നിവയുടെ കീഴിലുള്ള താമസസൗകര്യമുള്ള എല്ലാ കെട്ടിടങ്ങളും കോവിഡ് കെയര്‍ സെന്ററുകളായി മാറ്റും. കൂടാതെ, വീടുകളും ലോഡ്ജുകളുമാണ് ഈ ആവശ്യത്തിനായി കണ്ടെത്തിയിട്ടുണ്ട്. ആഴ്ചകള്‍ക്ക് മുമ്പേ തന്നെ ഇവയെല്ലാം അണുവിമുക്തമാക്കി സജ്ജീകരിച്ചിട്ടുണ്ട്.

Read Also: ഇതര സംസ്ഥാനങ്ങളിൽ നിന്നു മടക്കം: രജിസ്ട്രേഷൻ ജാഗ്രതാ പോർട്ടലില്‍ മാത്രം

പ്രവാസികള്‍ തിരിച്ചെത്തുന്ന സാഹചര്യത്തില്‍ അവരെ നിരീക്ഷണത്തിലാക്കാനുളള മുഴുവന്‍ ഒരുക്കങ്ങളും തൃശൂരില്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ കളക്ടര്‍ എസ് ഷാനവാസ് പറഞ്ഞു. വിദേശരാജ്യങ്ങളില്‍ നിന്നും ആദ്യആഴ്ച എത്തുന്നവരില്‍ 500 പേര്‍ തൃശൂരിലേക്കെത്തുമെന്നാണ് പ്രതീക്ഷയെന്ന് അദ്ദേഹം പറഞ്ഞു. “ഇത്തരക്കാരെ നിരീക്ഷണത്തിലാക്കുന്നതിന് വിവിധയിടങ്ങളിലായി മുറികള്‍ ഒരുങ്ങി കഴിഞ്ഞു. ഓരോ കെട്ടിടത്തിനും ചുമതലക്കാരാനായ ഒരു ഓഫീസര്‍, ഒരു മെഡിക്കല്‍ ഓഫീസര്‍, വളണ്ടിയര്‍മാര്‍, ആയൂര്‍വേദ ഡോക്ടര്‍മാരുടെ സംഘം എന്നിവരെ ചുമതലപ്പെടുത്തി. അതത് തഹസില്‍ദാര്‍മാര്‍ക്കാണ് കമാണ്ടിംഗ് ഓഫീസറുടെ ചുമതല. പ്രവാസി മലയാളികളുടെ വരവ് ഏകോപിപ്പിക്കാന്‍ ഡെപ്യൂട്ടി കളക്ടറുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥസംഘം പ്രവര്‍ത്തനനിരതമാണ്,” അദ്ദേഹം പറഞ്ഞു.

ക്വാറന്റൈനില്‍ കഴിയുന്ന പ്രവാസികളില്‍ ആന്റി ബോഡി ടെസ്റ്റ് നടത്തും

കേന്ദ്ര സര്‍ക്കാര്‍ നിലവില്‍ പ്രഖ്യാപിച്ച രീതിയില്‍ വിമാനങ്ങള്‍ വന്നാല്‍ നേരത്തെ പറഞ്ഞതുപോലെ ആരെയും നേരെ വീടുകളിലേക്ക് അയക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ചുരുങ്ങിയത് ഏഴു ദിവസം ക്വാറന്റൈന്‍ വേണ്ടി വരും. വിമാനയാത്രക്കാര്‍ സര്‍ക്കാര്‍ ഒരുക്കുന്ന ക്വറന്റൈനില്‍ കഴിയണം. ഏഴാം ദിവസം പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റിവ് ആയവരെ മാത്രമേ വീടുകളിലേക്ക് അയക്കാനാകൂ. പിസിആര്‍ ടെസ്റ്റിന്റെ ഫലം പിറ്റേന്ന് കിട്ടും.” പോസിറ്റീവ് ഫലം വന്നാല്‍ ചികിത്സയ്ക്ക് ആശുപത്രികളിലേക്ക് അയക്കും. വീടുകളില്‍ പോകുന്നവര്‍ക്ക് തുടര്‍ന്നും ഒരാഴ്ച ക്വാറന്റൈന്‍ വീട്ടില്‍ തുടരേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

വിദേശത്തുനിന്ന് വരുന്നവര്‍ക്ക് ക്വാറന്റൈനില്‍ കഴിയുമ്പോള്‍ ആന്റി ബോഡി ടെസ്റ്റ് വ്യാപകമായി നടത്തും. രണ്ടുലക്ഷം ആന്റി ബോഡി ടെസ്റ്റ് കിറ്റിന് കേരളം ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. കൊച്ചി തുറമുഖം വഴിയും പ്രവാസികളെ കൊണ്ടുവരുന്നുണ്ട്. മാലിദ്വീപില്‍നിന്ന് രണ്ടും യുഎഇയില്‍നിന്ന് ഒന്നും കപ്പലുകള്‍ ഉടന്‍ വരുമെന്നാണ് അറിയുന്നത്. അതിനാല്‍ തുറമുഖത്തും ആവശ്യമായ സജ്ജീകരണം ഒരുക്കും. ഇതുസംബന്ധിച്ച് കൊച്ചി തുറമുഖ ട്രസ്റ്റുമായി ബന്ധപ്പെട്ട് ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പത്താം തിയതി മാലി ദ്വീപില്‍ നിന്നും കപ്പല്‍ വരുന്നുണ്ടെന്നും ഇമിഗ്രേഷന്‍ പോലുള്ള നിയമപരമായ കാര്യങ്ങള്‍ പോര്‍ട്ട് ട്രസ്റ്റില്‍ നോക്കുമെന്നും കൊച്ചിയില്‍ കപ്പലിലെത്തുന്ന ആരോഗ്യ പരിശോധനയും ക്വാറന്റൈന്‍ കാര്യങ്ങള്‍ ജില്ലാ ഭരണകൂടമാണ് ചെയ്യേണ്ടതെന്നും കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ കെ എ ബീന പറഞ്ഞു. വിശദമായ ചര്‍ച്ച എറണാകുളം കളക്ടര്‍ നടത്തുന്നുണ്ടെന്നും അത് പൂര്‍ത്തിയായശേഷമേ തുറമുഖം വഴിയെത്തുന്ന പ്രവാസികളെ കൈകാര്യം ചെയ്യുന്നതിനുള്ള അന്തിമ തീരുമാനം ആകുകയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Kerala government all set to receive and quarantine non resident keralites