കൊച്ചി: ശബരിമല വിഷയത്തില്‍ നിരീക്ഷക സമിതി റിപ്പോര്‍ട്ടിനെതിരെ കേരള സര്‍ക്കാര്‍ ഹൈക്കോടതിയില്‍. നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും കോടതിയലക്ഷ്യമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. ശബരിമലയിലെ അക്രമ സംഭവങ്ങളില്‍ സമിതി മൗനം പാലിക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍.

യുവതികള്‍ക്ക് സുരക്ഷ നല്‍കേണ്ടതില്ലെന്ന റിപ്പോര്‍ട്ട് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് സര്‍ക്കാര്‍ പറഞ്ഞു. മറ്റ് ഭക്തരുടെ ദര്‍ശനത്തെ ബാധിക്കുമെന്ന നിരീക്ഷണം കോടതിയലക്ഷ്യമാണെന്നും വിധിയുടെ ലംഘനമാണെന്നുമാണ് സര്‍ക്കാരിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നത്.

നിരീക്ഷണ സമിതി സ്വന്തം ചുമതലകളില്‍ നിന്നും ഒഴിഞ്ഞു മാറുകയാണെന്നും പൊലീസിനും ദേവസ്വം ബോര്‍ഡിനും നിര്‍ദ്ദേശം നല്‍കേണ്ട സമിതി ആ ചുമതല മറക്കുകയാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു.

കഴിഞ്ഞ ദിവസമായിരുന്നു നിരീക്ഷക സമിതി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. യുവതികള്‍ക്ക് പ്രത്യേക സുരക്ഷ നല്‍കേണ്ടെന്നായിരുന്നു സമിതിയുടെ റിപ്പോര്‍ട്ട്. ഒന്നോ രണ്ടോ സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കുന്നത് മറ്റ് ഭക്തരുടെ അവകാശ ലംഘനമാകരുതെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതിനെതിരെയാണ് ഇപ്പോള്‍ സര്‍ക്കാര്‍ രംഗത്തെത്തിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.