തിരുവനന്തപുരം: മുൻ ഡിജിപി ടിപി സെൻകുമാറും എഡിജിപി ടോമിൻ തച്ചങ്കരിയും തമ്മിലുള്ള തർക്കത്തിൽ തച്ചങ്കരിക്കൊപ്പം നിലപാടുറപ്പിച്ച് സംസ്ഥാന സർക്കാർ. സെൻകുമാർ പൊലീസ് ആസ്ഥാനത്ത് വച്ച് എഡിജിപിയെ കൈയ്യേറ്റം ചെയ്യാൻ ശ്രമിച്ചുവെന്നും ഇതിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.

“ട്രാൻസ്പോർട്ട് കോഴക്കേസിൽ 19 പേരുടെ മൊഴി സർക്കാർ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ അന്വേഷണം മുന്നോട്ട് പോവുകയാണ്. തച്ചങ്കരിക്ക് പുതിയ നിയമനം നൽകിയത് സർക്കാരിന്റെ വിവേചനാധികാരം ഉപയോഗിച്ചാണ്. പുതിയ സ്ഥാനം യാതൊരു തരത്തിലും അന്വേഷണത്തെ ബാധിക്കില്ല” സർക്കാർ സമർപ്പിച്ച സത്യവാങ്ങ്മൂലത്തിൽ വ്യക്തമാക്കി.

“ടോമിൻ ജെ തച്ചങ്കരിക്കെതിരായ കേസിൽ അന്വേഷണം വേഗത്തിലാക്കാൻ വിജിലൻസ് കമ്മിഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഈ കേസിൽ വിചാരണ വേഗത്തിലാക്കും. പക്ഷെ പൊലീസ് ആസ്ഥാനത്ത് മുൻ ഡിജിപി ടിപി സെൻകുമാർ ഐജിയുടെ സാന്നിദ്ധ്യത്തിലാണ് എഡിജിപി ടോമിൻ ജെ തച്ചങ്കരിയെ ആക്രമിച്ചത്”, എന്നും സത്യവാങ്ങ്മൂലത്തിൽ പറയുന്നു.

അതേസമയം പൊലീസ് അസ്ഥാനത്ത് ഫയലുകൾ നഷ്ടപ്പെട്ടെന്ന മുൻ ഡിജിപി ടിപി സെൻകുമാറിന്റെ പരാതി നിലവിലെ ഡിജിപി ലോക്നാഥ് ബെഹ്റ തള്ളി. “ഇങ്ങിനെയൊരു സംഭവം ഇല്ല. ടി ബ്രാഞ്ചിൽ നിന്നും ഒരു ഫയലും നഷ്ടമായിട്ടില്ല”, എന്നും ഡിജിപി നൽകിയ സത്യവാങ്ങ്മൂലത്തിൽ വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ