തിരുവനന്തപുരം: സംസ്ഥാനത്തെ അരി ക്ഷാമം പരിഹരിക്കാൻ ബംഗാളിൽ നിന്ന് എത്തിച്ച അരി ജനങ്ങൾക്ക് വിതരണം ചെയ്യുന്നതിന് സർക്കാർ വിപുലമായ സംവിധാനമൊരുക്കി. കേരളത്തിൽ നിലവിൽ അരിവില 50 രൂപ കടന്ന സാഹചര്യത്തിലാണ് ബംഗാളിൽ നിന്ന് സുവർണ്ണ അരി 800 മെട്രിക് ടൺ കേരളത്തിൽ എത്തിച്ചത്. 27 രൂപ കിലോയ്ക്ക് വരുമെങ്കിലും രണ്ട് രൂപ സർക്കാർ വഹിച്ച് വിപണിയിൽ 25 രൂപയ്ക്ക് അരി വിൽക്കും.
തിരഞ്ഞെടുത്ത 500 കൺസ്യൂമർ ഫെഡ് സ്റ്റോറുകളിലൂടെയും ത്രിവേണി സ്റ്റോറുകളിലൂടെയുമാണ് അരി കേരളത്തിൽ വിതരണം ചെയ്യുന്നത്. മാർച്ച് 6 മുതൽ അരി വിതരണം ചെയ്യും. മാർച്ച് 10 ന് ബംഗാളിൽ നിന്ന് 1700 മെട്രിക് ടൺ അരി കൂടി കേരളത്തിൽ എത്തിക്കും.
തിരുവനന്തപുരം (40), എറണാകുളം (40), കോഴിക്കോട് (40), കണ്ണൂര്‍ (40), പാലക്കാട് (40), തൃശൂര്‍ (40), കൊല്ലം (40), മലപ്പുറം (30), ആലപ്പുഴ (30), പത്തനംതിട്ട (30), ഇടുക്കി (30), കോട്ടയം (30), വയനാട് (30), കാസര്‍ഗോഡ് (30) എന്നിങ്ങനെയാണ് ഓരോ ജില്ലകളിലെയും അരി ലഭ്യമാകുന്ന സ്റ്റോറുകളുടെ എണ്ണം.
ആദിവാസി, മത്സ്യതൊഴിലാളി മേഖലയ്ക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കിയാണ് അരി വിതരണ കേന്ദ്രങ്ങൾ തിരഞ്ഞെടുത്തത്. മാര്‍ച്ച് 6 നകം ഓരോ ഇടത്തും 1.5 മെട്രിക് ടൺ വീതം അരി എത്തിക്കും. മാര്‍ച്ച് 10നകം 3.5 മെട്രിക് ടൺ വീതവും അരി നല്‍കും. ഈ രീതിയില്‍ അരിയുടെ വിപണി വില നിയന്ത്രണ വിധേയമാകുന്നത് വരെ തുടര്‍ച്ചയായി അരി വിതരണം ചെയ്യും. ഒരു കുടുംബത്തിന് തുടക്കത്തില്‍ 5 കിലോ അരി വീതവും തുടര്‍ന്നുള്ള ആഴ്ചകളില്‍ 10 കിലോ അരി വീതവും നൽകാനാണ് സർക്കാർ ശ്രമം.