തിരുവനന്തപുരം: സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം കഴിഞ്ഞ സാമ്പത്തിക വർഷം നടത്തിയ പരിശോധനകളിൽ കണ്ടെത്തിയ വെട്ടിപ്പുകളുടെ പിഴ ഇനത്തിൽ സംസ്ഥാന സർക്കാരിന് വൻ നേട്ടമുണ്ടാക്കിയതായി ചരക്ക് സേവന നികുതി വകുപ്പ് പുറത്തുവിട്ട കണക്കുകൾ.
മുൻസാമ്പത്തിക വർഷത്തിനെക്കാൾ (2020-2021) മൂന്നിരട്ടിയലിധകം സ്വർണം കഴിഞ്ഞ സാമ്പത്തിക വർഷം പിടിച്ചെടുക്കുകയും മൂന്നിരട്ടി കേസുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. മാത്രമല്ല, പിഴയിനിത്തിലും നികുതിയിനത്തിലും ഇവരിൽ നിന്നും ഈടാക്കിയ തുകയിലും ഏകദേശം ഇരട്ടിയോളം വർദ്ധനയും ഉണ്ടായി.
കഴിഞ്ഞ സാമ്പത്തിക വർഷം സംസ്ഥാന ജി എസ് ടി വകുപ്പ് പിടിച്ചെടുത്തത് 350.71കിലോ സ്വർണമായിരുന്നു. 2021-22 സാമ്പത്തിക വർഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിലാണ് നികുതി വെട്ടിച്ച് കടത്തിക്കൊണ്ട് വന്ന സ്വർണമാണ് സംസ്ഥാന നികുതി വകുപ്പ് പിടിച്ചെടുത്ത്. മതിയായ രേഖകൾ ഇല്ലാതെയും, അപൂർണവും തെറ്റായതുമായ രേഖകൾ ഉപയോഗിച്ചു കടത്തിയ സ്വർണ്ണാഭരണങ്ങളാണ് പിടികൂടിയത്.
ഇതുവഴി നികുതി, പിഴ ഇനങ്ങളിലായി 14.62 കോടി രൂപ സർക്കാരിന് ലഭിച്ചു. സ്വർണ്ണ വ്യാപാര മേഖലയിലെ നികുതി വെട്ടിപ്പ് തടയുന്നതിന്റെ ഭാഗമായി ഇന്റലിജൻസ് വിഭാഗം നടത്തിയ പ്രവർത്തനത്തിന്റെ ഫലമായാണ് ഇത്രയും സ്വർണ്ണം പിടിച്ചെടുത്തത്.
വാഹന പരിശോധനയിലൂടെയും, ജ്വല്ലറികൾ, ഹാൾ മാർക്കിങ് സ്ഥാപനങ്ങൾ, സ്വർണ്ണാഭരണ നിർമാണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിലും ബസ് സ്റ്റാൻഡ്, റെയിൽവേ സ്റ്റേഷൻ എന്നിവയുടെ സമീപവും നടത്തിയ പരിശോധനകളിലാണ് സ്വർണം പിടികൂടിയത്.
സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വർഷം രജിസ്റ്റർ ചെയ്ത 306കേസുകളിലായാണ് 350.71 കിലോ സ്വർണ്ണം പിടികൂടിയത്. സ്വർണ്ണാഭരണങ്ങൾ, ഉരുക്കിയ സ്വർണ്ണം, സ്വർണ്ണ ബിസ്‌കറ്റുകൾ തുടങ്ങിയ സ്വർണ്ണമാണ് പിടിച്ചെടുത്തത്.
2020-21 സാമ്പത്തിക വർഷം 133 കേസുകളിൽ 87.37 കിലോ സ്വർണ്ണം പിടികൂടി 8.98 കോടി രൂപ വരുമാനം ഉണ്ടാക്കിയ സ്ഥാനത്താണ് കഴിഞ്ഞ സാമ്പത്തിക വർഷം 350.71 കിലോഗ്രാം സ്വർണ്ണം പിടികൂടുകയും 14.62 കോടി വരുമാനം നേടുകയും ചെയ്തതായി ചരക്ക് സേവന നികുതി വകുപ്പിന്റെ കണക്കുകൾ പറയുന്നു.
സംസ്ഥാനത്ത് നടക്കുന്ന ചരക്ക് സേവന നികുതി വെട്ടിപ്പുകൾ തടയാനായി ചരക്ക് സേവന നികുതി വകുപ്പ് ഇന്റലിജൻസ് വിഭാഗം നടത്തുന്ന വാഹന പരിശോധനകൾ, ടെസ്റ്റ് പർച്ചേസുകൾ, കട പരിശോധനകൾ എന്നിവ കൂടുതൽ ഊർജ്ജിതമാക്കുമെന്ന് സംസ്ഥാന ചരക്ക് സേവന നികുതി കമ്മീഷണർ പറഞ്ഞു.