കോഴിക്കോട്: സംസ്ഥാനത്ത് ഓരോ സ്വര്‍ണക്കള്ളക്കടത്ത് പിടിക്കപ്പെടുമ്പോഴും അന്വേഷണ ഏജന്‍സികളുടെയും മാധ്യമങ്ങളുടെയും കണ്ണെത്തുന്നത് കൊടുവള്ളിയിലേക്കാണ്. വടക്കന്‍ കേരളത്തിലെ സ്വര്‍ണവില്‍പ്പനയുടെ കേന്ദ്രമായ കൊടുവള്ളി സ്വര്‍ണക്കള്ളക്കടത്തിന്റെ കേരളത്തിലെ ഹബ്ബായാണ് പലരും വിശേഷിപ്പിക്കുന്നത്.

യുഎഇ കോണ്‍സുലേറ്റിന്റെ പേരില്‍ തിരുവനന്തപുരം വിമാനത്താവളം വഴി നടത്തിയ സ്വര്‍ണക്കള്ളക്കടത്ത് പിടിക്കപ്പെട്ടതോടെയാണ് കോഴിക്കോട് ജില്ലയിലെ കൊടുവള്ളിയെന്ന പ്രദേശം വീണ്ടും വാര്‍ത്തകളില്‍ നിറയുന്നത്. കേസില്‍ എന്‍ഐഎ അറസ്റ്റ് ചെയ്ത സരിത്ത്, സ്വപ്‌ന സുരേഷ്, സന്ദീപ് നായർ,  ഉള്‍പ്പട്ടയുള്ള പ്രതികള്‍ക്കു കൊടുവള്ളി സ്വദേശിയുമായി ബന്ധമുണ്ടെന്നാണ് കസ്റ്റംസ് വൃത്തങ്ങളെ ഉദ്ധരിച്ച് പുറത്തുവരുന്ന വാര്‍ത്തകള്‍.

സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി, പ്രത്യേകിച്ച് കരിപ്പൂര്‍ വഴി നടക്കുന്ന സ്വര്‍ണക്കള്ളക്കടത്ത് സംഭവങ്ങളില്‍ പലതിലും കൊടുവള്ളി ബന്ധമുണ്ടെന്നതു വസ്തുതയാണ്. മിക്കദിവസങ്ങളിലും കരിപ്പൂരില്‍ സ്വര്‍ണവേട്ട നടക്കുന്നുണ്ട്. അടുത്തിടെ, വന്ദേഭാരത് ദൗത്യത്തിന്റെ ഭാഗമായി കരിപ്പൂരിലെത്തിയ വിമാനത്തില്‍നിന്ന് ഒന്നരക്കോടി രൂപയുടെ സ്വര്‍ണം പിടികൂടിയിരുന്നു. പ്രതികളിലൊരാള്‍ കൊടുവള്ളി സ്വദേശിയായിരുന്നു.

സ്വര്‍ണക്കടത്തില്‍ പിടിക്കപ്പെടുന്നവര്‍ കൊടുവള്ളി  പ്രദേശത്തെ എവിടെയുള്ളവരായാല്‍ പോലും എപ്പോഴും ആരോപണത്തിന്റെ മുന നീളുന്നത് കൊടുവള്ളിയെന്ന സ്വർണനഗരിയിലേക്കും ഇവിടുത്തെ  ജ്വല്ലറികളിലേക്കുമാണ്. സ്വര്‍ണക്കടത്തുമായി കൊടുവള്ളിയിലെ പലർക്കും ബന്ധമുണ്ടെന്നത് വസ്തുതയാണെങ്കിലും ജ്വല്ലറി ഉടമകള്‍ക്കു ബന്ധമൊന്നുമില്ലെന്നു ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.

കേരളത്തിന്റെ സ്വർണനഗരി

കേരളത്തിന്റെ സ്വര്‍ണനഗരിയെന്നാണ് കോഴിക്കോട് നഗരത്തില്‍നിന്ന് 22 കിലോ മീറ്റര്‍ അകലെയുള്ള കൊടുവള്ളി വിശേഷിപ്പിക്കപ്പെടുന്നത്. വയനാട്ടിലേക്കുള്ള ദേശീയപാതയില്‍ സ്ഥിതി ചെയ്യുന്ന ഈ പട്ടണത്തില്‍ ഒരു കിലോ മീറ്റര്‍ ചുറ്റളവില്‍ 80 ജ്വല്ലറികളാണുള്ളത്. ഇതില്‍ ഭൂരിഭാഗവും നീണ്ടകാലമായി പ്രവർത്തിക്കുന്നവയാണ്. പഴയ സ്വര്‍ണാഭരണങ്ങള്‍ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്ന ചെറുകിട ജ്വല്ലറികളാണ് കൊടുവള്ളിയിലേറെയും. വലിയ ജ്വല്ലറികൾ അഞ്ചോ ആറോ മാത്രം. ഇതിലൊന്ന് ഗോള്‍ഡ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അംഗങ്ങളുടെ കൂട്ടായ്മയില്‍ പ്രവര്‍ത്തിക്കുന്ന കെജിഎം ഗോള്‍ഡാണ്.

125 വര്‍ഷത്തെ ചരിത്രം അവകാശപ്പെടാന്‍ കഴിയുന്നതാണു കൊടുവള്ളിയിലെ സ്വര്‍ണവ്യാപാര രംഗം. ആദ്യകാലത്ത് രണ്ടോ മൂന്നോ സ്വര്‍ണ വ്യാപാരക്കടകളാണ് കൊടുവള്ളിയിലുണ്ടായിരുന്നത്. 1980-90 കാലഘട്ടത്തില്‍ ഇവിടുത്തെ ജ്വല്ലറികളുടെ എണ്ണം തൊണ്ണൂറിലെത്തി. പിന്നീടുള്ള 10 വര്‍ഷമായിരുന്നു കൊടുവള്ളിയിലെ സ്വര്‍ണവ്യാപാരത്തിന്റെ പ്രതാപകാലം. കോവിഡ് സാഹചര്യത്തില്‍ കൊടുവള്ളിയിലെ കച്ചവടം 25-30 ശതമാനമായി കുറഞ്ഞതായി കെജിഎം ഗോള്‍ഡ് ഡയരക്ടര്‍ കൂടിയായ സുരേന്ദ്രന്‍ പറയുന്നു. പരമ്പരാഗതമായി ജ്വല്ലറി ഉടമയായ അദ്ദേഹം 48 വര്‍ഷമായി ഈ രംഗത്ത് പ്രവര്‍ത്തിക്കുകയാണ്.

അന്യസംസ്ഥാനങ്ങളില്‍നിന്നുള്ളവര്‍ ഉള്‍പ്പെടെയുള്ള നിരവധി സ്വര്‍ണപ്പണിക്കാര്‍ ധാരാളമുള്ള കൊടുവള്ളിയില്‍ സ്വര്‍ണക്കട്ടി ആഭരണങ്ങളാക്കി മാറ്റാന്‍ ആവശ്യമായ യന്ത്രങ്ങള്‍, കളറിങ്, പോളിഷിങ് തുടങ്ങിയ മുഴുവന്‍ അടിസ്ഥാന സൗകര്യങ്ങളും ലഭ്യമാണ്. ഇതാണ് കൊടുവള്ളി വടക്കന്‍ കേരളത്തിന്റെ സ്വര്‍ണാഭരണ നിർമാണ ഹബ്ബായി മാറാന്‍ പ്രധാന കാരണം. ഈ ചുറ്റുപാടിന്റെ ഭാഗമായാണു കൊടുവള്ളിയിൽ ജ്വല്ലറികളും വർധിച്ചതെന്ന് ഈ മേഖലയിലുള്ളവർ പറയുന്നു. മലബാറിലെ മിക്ക സ്ഥലങ്ങളിലേക്കും കൊടുവളളിയിൽനിന്ന് സ്വര്‍ണവും സ്വര്‍ണാഭരണങ്ങളും വില്‍ക്കുന്നു.

Two customs officers removed from Service, രണ്ടു കസ്റ്റംസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍നിന്നു നീക്കി,Gold Smuggling cases against customs officers, കസ്റ്റംസ് ഉദ്യോഗസ്ഥർക്കെതിരെ സ്വർണക്കടത്ത് കേസ്, Customs superintendent removed from service,കസ്റ്റംസ് സൂപ്രണ്ടിനെ സര്‍വീസില്‍നിന്നു നീക്കി, Customs inspector removed from service, ,കസ്റ്റംസ് ഇൻസ്പെക്ടറെ സര്‍വീസില്‍നിന്നു നീക്കി, Gold Smuggling case against customs superintendent, ,കസ്റ്റംസ് സൂപ്രണ്ടിനെതിരെ സ്വർണക്കടത്ത് കേസ്, Gold Smuggling case against customs inspector, കസ്റ്റംസ് ഇൻസ്പെക്ടർക്കെതിരെ സ്വർണക്കടത്ത് കേസ്, malayalam news, മലയാളം വാർത്തകൾ, latest malayalam news, kerala news, കേരള വാർത്തകൾ, today malayalam news, ഇന്നത്തെ മലയാളം വാർത്തകൾ, latest malayalam news today, മലയാളം ഓൺലൈൻ വാർത്തകൾ, malayalam online news, online malayalam news, today breaking news malayalam, ie malayalam, ഐഇ മലയാളം

സ്വര്‍ണക്കടത്തിന്റെ രീതി

സംസ്ഥാനത്തെ വിമാനത്താവളങ്ങളില്‍ ഒരു വര്‍ഷം ഏകദേശം 500 കിലോ സ്വര്‍ണമാണു കസ്റ്റംസ് ഉള്‍പ്പെടെയുള്ള ഏജന്‍സികള്‍ പിടികൂടുന്നത്. മുന്‍പ് അടിവസ്ത്രത്തിലും മലദ്വാരത്തിലും ഒളിപ്പിച്ച് സ്വര്‍ണക്കട്ടികള്‍ കൊണ്ടുവരുന്നതായിരുന്നു കടത്തുകാരുടെ രീതി. പിടിക്കപ്പെടുന്നത് വര്‍ധിച്ചതോട കടത്തുകാര്‍ പുതുവഴികള്‍ തേടാന്‍ തുടങ്ങി. ഇസ്തിരിപ്പെട്ടി ഉള്‍പ്പെടെയുള്ള ഗൃഹോപകരണങ്ങളിലും വാതില്‍ പിടികള്‍ക്കുള്ളിലും സ്വര്‍ണം കടത്താന്‍ തുടങ്ങി. മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്തുന്നതാണ് കുറച്ചുകാലമായുള്ള രീതി. എങ്കിലും മറ്റു രീതികളിലുള്ള കടത്ത് കുറവല്ല. സ്വര്‍ണക്കടത്തിനായി സ്ത്രീകളെയും കുട്ടികളെയും സംഘം ഉപയോഗപ്പെടുത്തുന്നു.

സ്വർണക്കടത്തിൽ ലഭിക്കുന്ന ലാഭത്തിൽനിന്ന് 40 ശതമാനമെങ്കിലും ചെലവിനത്തിൽ പോകുമെന്നാണ് ജ്വല്ലറി മേഖലയിലുള്ള നിരീക്ഷണം. കാരണം,ഗള്‍ഫില്‍ പല കൈമറിഞ്ഞാണ് സ്വര്‍ണം ഉരുക്കാൻ തന്നെ എത്തുന്നത്. ഉരുക്കി വിവിധ രൂപത്തിലാക്കുന്ന സ്വര്‍ണം വീണ്ടും പലരിലൂടെയാണ് കാരിയര്‍ക്കു ലഭിക്കുന്നത്. പിടിക്കപ്പെടാതെ വിമാനത്താവളത്തിനു പുറത്തെത്തിയാല്‍ ഇതേപോലെ പലരിലൂടെ കൈമാറി ലക്ഷ്യസ്ഥാനത്തെത്തുന്നു. കടത്ത് ശൃംഖലയിലുള്ളവര്‍ക്ക് ഒരിക്കലും പരസ്പരം അറിയാന്‍ കഴിയില്ല.

നിയമം കൂടുതൽ കർക്കശമാക്കുക മാത്രമേസ്വർണക്കടത്ത് തടയാൻ വഴിയുള്ളൂവെന്നാണ് ജ്വല്ലറി ഉടമകൾ പറയുന്നത്. 10 ലക്ഷം രൂപയ്ക്കു മുകളിൽ വില വരുന്ന സ്വർണം കൊണ്ടുവരുന്നവരെ അറസ്റ്റ് ചെയ്യാൻ സംവിധാനമുണ്ടാകണം. അതുപോലെ സ്വർണ ഇറക്കുമതി ചുങ്കം കുറയ്ക്കുകയും ചെയ്താൽ കള്ളക്കടത്ത് നിലയ്ക്കുമെന്ന് ജ്വല്ലറി ഉടമകൾ ചൂണ്ടിക്കാട്ടുന്നു.

കേരളത്തിലെ വിമാനത്താവളങ്ങള്‍ വഴി കടത്തുന്ന സ്വര്‍ണത്തിന്റെ ഭൂരിഭാഗവും സംസ്ഥാനത്തിന്റെ പുറത്തേക്കാണ് പോകുന്നതെന്നാണ് ജ്വല്ലറി മേഖലയിലുള്ളവര്‍ പറയുന്നത്. കടത്ത് സംഘം ലാഭമുണ്ടാക്കുന്നത് ഇതിലൂടെയാണെന്നും മറ്റുസംസ്ഥാനങ്ങളില്‍ സ്വര്‍ണവില കേരളത്തിലേക്കാള്‍ കൂടുതലാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തില്‍ പഴയ സ്വര്‍ണത്തിന്റെ വില്‍പ്പനയാണ് കൂടുതല്‍ നടക്കുന്നത്. വീട് പണി ഉൾപ്പെടെയുള്ള ജീവിതത്തിലെ നിരവധി ആവശ്യങ്ങൾക്കായി കൈവശമുള്ള സ്വർണം വിൽക്കുന്നതാണ് മലയാളികളുടെ രീതി.

എന്നാല്‍ മറ്റു സംസ്ഥാനങ്ങളിൽ പുതിയ ആഭരണങ്ങളുടെ കച്ചവടമാണ് കൂടുതൽ. ഇവിടങ്ങളിലുള്ളവർക്കു സ്വർണമെന്നത് വൈകാരികമായ ഒരു കാര്യമായതിനാൽ പരമ്പരാഗതമായി കൈമാറ്റം ചെയ്യുന്നതാണ് രീതി. ഇതുകാരണം അവിടങ്ങളിൽ പഴയ ആഭരണങ്ങളുടെ വില്‍പ്പന കുറവാണ്.

കായംകുളം പൊലീസ്, പത്ത് കോടി, നിരോധിത നോട്ട്, പട്രോളിംഗ്, പാലക്കാട് സ്വദേശികൾ പിടിയിൽ,

സ്വര്‍ണക്കടത്ത്, കുഴല്‍പ്പണം: ഇഴചേര്‍ന്ന ശൃംഖല

കൊടുവള്ളിയിലെ ജ്വല്ലറികളിൽ മുന്‍പ് ജോലി ചെയ്തിരുന്നവരും ഇവരുമായും ബന്ധപ്പെട്ടവരും സ്വര്‍ണക്കടത്തിലുണ്ടെന്നാണ് പൊലീസ് ഉള്‍പ്പെടെയുള്ളവരില്‍നിന്നുള്ള വിവരം. സ്വര്‍ണക്കടത്തിലേക്കെന്നപോലെ കുഴല്‍പ്പണ കേസുകളിലും കൊടുവള്ളിക്കാരുടെ പേരുകള്‍ ഉയരാറുണ്ട്. ഇവ രണ്ടും പരസ്പര ബന്ധമുള്ളതാണെന്ന് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരു ജ്വല്ലറി ഉടമ പറഞ്ഞു. ഗൾഫിൽനിന്ന് കേരളത്തിലെത്തിക്കുന്ന സ്വർണം തുടർന്ന് കര്‍ണാടകം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലേക്ക് കടത്തുന്നുണ്ട്. ഇങ്ങനെയുള്ള ഇടപാടിന്റെ തുകയുമായി കര്‍ണാടകത്തില്‍നിന്ന് വരുമ്പോഴാണ് വയനാട്ടിലെ മുത്തങ്ങ ചെക്ക് പോസ്റ്റ് പോലുള്ള സ്ഥലങ്ങളില്‍ ചിലര്‍ പിടിയിലാകുന്നതെന്നാണ് വിവരം.

ഗള്‍ഫില്‍നിന്ന് നാട്ടിലേക്ക് കുഴല്‍പ്പണക്കാര്‍ മുഖേനെ തുക അയ്ക്കുന്നവര്‍ ധാരാളമുണ്ട്. കുഴല്‍പ്പണ സംഘം അവിടെനിന്ന് വാങ്ങുന്ന തുക നാട്ടിലെ ഏജന്റാണു പണമയയ്ക്കുന്ന ആളുടെ വീട്ടില്‍ എത്തിച്ചുനല്‍കുക. ഇതിനു സമാന്തരമായാണ് സ്വര്‍ണക്കടത്ത് ശൃംഖല പ്രവര്‍ത്തിക്കുന്നത്. കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണത്തിനു ലഭിക്കുന്ന തുക ഉപയോഗിച്ച് കുഴല്‍പ്പണ ഇടപാടുകള്‍ നടക്കുന്നു. അതായത് വിദേശത്തുള്ള കുഴല്‍പ്പണം ഇങ്ങോട്ടോ ഇവിടുത്ത സ്വര്‍ണക്കടത്ത് ഇടപാടിന്റെ തുക വിദേശത്തോക്കോ പോകാതെയുള്ള എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ശൃംഖല.

അന്വേഷണത്തിന് പൊലീസും

അതിനിടെ, തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസില്‍ കൊടുവള്ളി ബന്ധം കണ്ടെത്താന്‍ പൊലീസ് രഹസ്യാന്വേഷണ വിഭാഗവും ആരംഭിച്ചിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ അഭ്യൂഹങ്ങള്‍ക്കപ്പുറം വിശ്വസനീയമായ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണു രഹസ്യാന്വേണ വിഭാഗത്തില്‍നിന്നുള്ള വിവരം. സംസ്ഥാനത്തെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന കണ്ണികളുടെ പട്ടിക തിരുവനന്തപുരം കേസ് അന്വേഷിക്കുന്ന എന്‍ഐഎക്കു പൊലീസ് കൈമാറിയിരുന്നു. സംസ്ഥാനത്തേക്കു കടത്തുന്ന സ്വര്‍ണം ഉപയോഗിച്ചുള്ള പണം തീവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുവെന്ന വിവരം പൊലീസ് റിപ്പോര്‍ട്ടിലുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.