കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ദേശീയ അന്വേഷണ ഏജന്‍സിയുടെ പരിശോധന. കോഴിക്കോട്, മലപ്പുറം ജില്ലകളിലെ അഞ്ചിടങ്ങളില്‍ നടത്തിയ പരിശോധനയില്‍ നിരവധി ഇലക്ട്രോണിക് വസ്തുക്കളും രേഖകളും പിടിച്ചെടുത്തതായി എന്‍ഐഎ അറിയിച്ചു.

കേസില്‍ കുറ്റാരോപിതരായ മുഹമ്മദ് അസ്ലം, അബ്ദുള്‍ ലത്തീഫ്, നസറുദ്ദീന്‍ ഷാ, പി. റംസാന്‍, മുഹമ്മദ് മന്‍സൂര്‍ എന്നിവരുടെ വീടുകളിലാണു പരിശോധന നടത്തിയത്. ഇവര്‍, ഇതിനകം അറസ്റ്റിലായ പ്രതികളുമായി ഗൂഢാലോചന നടത്തുകയും യുഎഇ കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ അയച്ച കാര്‍ഗോ വഴി സ്വര്‍ണം കടത്താനും വിനിമയം ചെയ്യാനും സൗകര്യമൊരുക്കിയെന്നുമാണ് എന്‍ഐഎയുടെ ആരോപണം.

Also Read: തെളിവില്ല, ആരോപണങ്ങൾ വ്യാജം; ജാമ്യഹർജിയുമായി ശിവശങ്കർ ഹൈക്കോടതിയിൽ

കോണ്‍സുലേറ്റ് ജനറലിന്റെ പേരില്‍ വന്ന ബാഗേജില്‍ കടത്തിയ 14.82 കോടി രൂപ വില വരുന്ന 30 കിലോ സ്വര്‍ണം ജൂലൈ അഞ്ചിനാണു തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയത്. കേസില്‍ ഇതുവരെ 21 പ്രതികളെയാണ് അറസ്റ്റ് ചെയ്തത്.

അതിനിടെ, മുഖ്യമന്ത്രി പിണറായി വിജയനെതിരെ മൊഴി നൽകാൻ എൻഫോഴ്‌സ്‌മെന്റ് നിർബന്ധിക്കുന്നതായി സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് പറയുന്ന ശബ്‌ദ സന്ദേശം കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ ഇഡി നിർബന്ധിച്ചതായും, രേഖപ്പെടുത്തിയ തന്റെ മൊഴി വായിച്ചു നോക്കാൻ അനുവദിച്ചില്ലെന്നും പറയുന്ന ശബ്‌ദസന്ദേശം ‘ദി ക്യൂ’ എന്ന വെബ്‌സൈറ്റാണ് പുറത്തുവിട്ടത്. മുഖ്യമന്ത്രിക്ക് എതിരെ മൊഴി നൽകിയാൽ കേസിൽ മാപ്പുസാക്ഷിയാക്കാമെന്നു വാഗ്‌ദാനം ചെയ്‌തതായും ശബ്‌ദരേഖയിൽ പറയുന്നു.

ശബ്‌ദരേഖ തന്റേതാണെന്ന് സ്വപ്‌ന നേരത്തെ സമ്മതിച്ചിട്ടുണ്ട്. എന്നാൽ എപ്പോഴാണ് ഇത് റെക്കോര്‍ഡ് ചെയ്‌തതെന്ന് ഓര്‍മയില്ലെന്നാണ് സ്വപ്‌ന പറഞ്ഞതെന്ന് ജയിൽ ഡിജിപി ഇന്നലെ വ്യക്തമാക്കിയിരുന്നു. പുറത്തുവന്ന ശബ്ദസന്ദേശം സ്വപ്‌നയുടേതാണോ എന്ന് സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങും അറിയിച്ചിരുന്നു. ശബ്ദസന്ദേശം ജയിലിൽനിന്നുള്ളതല്ലെന്നാണ് ജയിൽ അധികൃതരുടെ നിലപാട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.