കോഴിക്കോട്: സംസ്ഥാനത്ത് ഭീതി വിതച്ച് 16 പേരുടെ ജീവനെടുത്ത നിപ്പ വൈറസിന്റെ ഭീതി അകലുന്നു. രോഗബാധിതരായ രണ്ട് പേരുടെ രക്തത്തിലും നിപ്പ വൈറസ് സാന്നിദ്ധ്യം കണ്ടെത്താത്ത സാഹചര്യത്തിൽ ഇപ്പോൾ ആരും നിപ്പ ബാധിച്ച് ചികിത്സയിലില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

രോഗം ഉണ്ടായിരുന്ന രണ്ടുപേരും ഡിസ്ചാർജിനു മുന്പുള്ള അവസാനവട്ട പരിശോധനയിലാണെന്നാണ് ആരോഗ്യവകുപ്പിന്റെ വിശദീകരണം. ഇനി രോഗത്തിന് വേണ്ടിയുള്ള നിരീക്ഷണത്തിനോടൊപ്പം രോഗത്തിന്റെ ദുരിതമനുഭവിച്ചവർക്കുള്ള സഹായം എത്തിക്കുന്നതിനുള്ള ശ്രമങ്ങളും സർക്കാർ ആരംഭിച്ചതായി ആരോഗ്യവകുപ്പ് വ്യക്തമാക്കി.

”നിലവിൽ മെഡിക്കൽ കോളേജിൽ ഏഴു പേരാണ് ചികിൽസയിലുളളത്. ഇതിൽ രണ്ടുപേർക്ക് നിപ്പയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പക്ഷേ അവരുടെ നില മെച്ചപ്പെടുന്നുണ്ട്. പെട്ടെന്നു തന്നെ അവർ ആരോഗ്യം വീണ്ടെടുക്കും. എങ്കിലും അവരെ ഡിസ്ചാർജ് ചെയ്‌തിട്ടില്ല,” കോഴിക്കോട് ജില്ലാ മെഡിക്കൽ ഓഫിസർ വി.ജയശ്രീ പറഞ്ഞു. ബാക്കിയുളള അഞ്ചുപേർക്ക് നിപ്പയുടെ രോഗലക്ഷണങ്ങളുണ്ട്. പക്ഷേ അവരുടെ സാംപിളുകൾ പരിശോധനയ്ക്ക് അയച്ചുവെങ്കിലും നെഗറ്റീവായിരുന്നു ഫലം. അവരിപ്പോൾ ചികിൽസയിലാണെന്നും ജയശ്രീ പറഞ്ഞു.

”നിപ്പ പൂർണമായും വിട്ടൊഴിഞ്ഞെന്ന് ഉറപ്പു വരുത്താൻ ജൂലൈ രണ്ടാം വാരം നിരീക്ഷണം തുടരും. ജൂലൈ വരെ നിപ്പബാധിതരെ കണ്ടെത്താനായില്ലെങ്കിൽ വൈറസിൽനിന്നും സംസ്ഥാനം പൂർണമായും സുരക്ഷിതമായെന്നു ഉറപ്പിക്കാം”, അധികൃതർ പറഞ്ഞു.

രോഗ ബാധിതർക്ക് ചികിത്സക്കായി ചിലവായ തുക സർക്കാർ നൽകും. സാധാരണ ജീവിതത്തിലേക്ക് തിരിച്ചു വരാൻ ശ്രമിക്കുന്ന രോഗം ബാധിച്ചവരെയും ബന്ധുക്കളെയും രോഗം ഭേദമായവരെയും സഹായിക്കാനുള്ള ദൗത്യം മുഴുവൻ ജനങ്ങളും ഏറ്റെടുക്കണമെന്നും ആരോഗ്യവകുപ്പ് ആവശ്യപ്പെട്ടു.

ഈ മാസം 10 ന് കോഴിക്കോട് വീണ്ടും സർവ്വകക്ഷിയോഗം ചേരും. ഇതുവരെ  266 പേരുടെ രക്തം പരിശോധിച്ചതിൽ 248 പേരുടെ പരിശോധനയിലും വൈറസിനെ കണ്ടെത്തിയിട്ടില്ല. രോഗബാധിതരുമായി സമ്പർക്കം നടത്തിയ രണ്ടായിരത്തിലേറെ പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കുന്നുണ്ട്.

വൈറസിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങളും ഊർജിതമാണ്. കേന്ദ്രത്തിൽ നിന്നുള്ള 3 സംഘം കോഴിക്കോട് ജില്ലയിൽ ക്യാംപ് ചെയ്യുന്നുണ്ട്. ഭീതി ഒഴിയുമ്പോഴും ജൂൺ 30 വരെ കനത്ത ജാഗ്രത തുടരാനാണ് ആരോഗ്യവകുപ്പ് നൽകുന്ന നിർദ്ദേശം.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ