Kannur Airport Opening: കണ്ണൂർ: വടക്കേ മലബാറിന്റെ രണ്ടാമത്തെ വിമാനത്താവളത്തിന് വേണ്ടിയുളള വർഷങ്ങളോളം നീണ്ട കാത്തിരിപ്പിനാണ് ഇന്ന് അവസാനമായിരിക്കുന്നത്. കേരള മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി സുരേഷ് പ്രഭുവും സംയുക്തമായി കണ്ണൂർ വിമാനത്താവളത്തിന്റെ പ്രവർത്തനം ഉദ്ഘാടനം ചെയ്തിരിക്കുന്നു. ഇതോടെ രാജ്യത്ത് നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുളള ആദ്യ സംസ്ഥാനമായി കേരളം മാറി. കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളാണ് മറ്റുളളവ.
കണ്ണൂർ നഗരത്തിൽ നിന്നും 25 കിലോമീറ്റർ അകലെയുളള മട്ടന്നൂരിൽ 2000 ഏക്കറോളം സ്ഥലത്താണ് പൊതു – സ്വകാര്യ പങ്കാളിത്തത്തിലാണ് വിമാനത്താവളം നിർമ്മിച്ചിരിക്കുന്നത്. 1892 കോടി രൂപ ഇതിനായി ചിലവഴിച്ചു. ദേശീയ- അന്തർദേശീയ യാത്രക്കാർക്കായി ഒരു ഇന്റഗ്രേറ്റഡ് ടെർമിനലാണ് വിമാനത്താവളത്തിലുളളത്. ആറ് എയ്റോബ്രിഡ്‌ജുകളുളള വിമാനത്താവളത്തിന്റെ റൺവേയ്ക്ക് 3050 മീറ്ററാണ് നീളം. തിരക്കേറിയ സമയങ്ങളിൽ 2000 യാതക്കാർക്ക് വരെ മണിക്കൂറിൽ ഇവിടെ നിന്നും യാത്ര ചെയ്യാനാവും.
Read More: Kannur Airport opening: ബേങ്കീഞ്ഞാലരമണിക്കൂറ്

കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ യാത്രക്കാർക്ക് പുറമെ കർണ്ണാടകത്തിലെ കുടകിൽ നിന്നുളളവർക്കും ഉപയോഗപ്രദമാകുന്നതാണ് വിമാനത്താവളം. ഗൾഫിൽ ജോലി ചെയ്യുന്ന പതിനായിരക്കണക്കിന് മലയാളികൾക്കാണ് വിമാനത്താവളം അനുഗ്രഹമാവുക. ഇപ്പോൾ എയർ ഇന്ത്യ, ഗോ എയർ വിമാനങ്ങളാണ് സർവ്വീസുകൾ നടത്തുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ ആഭ്യന്തര സർവ്വീസ് അടക്കം നടത്താൻ തയ്യാറായി എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പറന്ന ആദ്യ വിമാനത്തിലെ യാത്രക്കാരുടെ ആഘോഷം@CMOKerala @vijayanpinarayi @sureshpprabhu @airportCNN #kannurairportinauguration #KannurInternationalAirport #KannurAirport pic.twitter.com/aMQBUrwOuA
— IE Malayalam (@IeMalayalam) December 9, 2018
എയർപോർട്ട് പരിസരത്ത് നടന്ന ഉദ്ഘാടന ചടങ്ങ് കാണാൻ ലക്ഷത്തിലേറെ ജനങ്ങളാണ് എത്തിയത്. അബുദാബിയിലേക്കുളള എയർ ഇന്ത്യയുടെ ആദ്യ വിമാനത്തിന് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭുവും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു. ആദ്യ വിമാനത്തിലെ യാത്രക്കാർക്ക് മന്ത്രിമാർ നേരിട്ടാണ് ബോർഡിങ് പാസുകൾ നൽകിയത്.
എയർപോർട്ട് പദ്ധതി രാജ്യത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ഏത് വിധത്തിലാണ് ഗുണകരമാവുകയെന്നതാണ് തന്റെ പ്രസംഗത്തിലൂടെ കേന്ദ്രമന്ത്രി സുരേഷ് പ്രഭു വിവരിച്ചത്. “കേരളത്തിലെ വ്യോമയാന മേഖലയ്ക്ക് ഇത് വലിയൊരു അനുഗ്രഹമാണ്. ലോകോത്തര അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്ന കേരളത്തിന് വികസിക്കാനുളള വലിയ സാധ്യതയുണ്ട്. ഇന്ത്യയിലെ വരും തലമുറ വിമാനത്താവളങ്ങൾ എങ്ങിനെയായിരിക്കുമെന്നതിന്റെ അടയാളമാണ് കണ്ണൂർ വിമാനത്താവളം,” എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിന്റെ സുഗന്ധ വ്യഞ്ജന കയറ്റുമതിക്കും സമുദ്രോത്പന്ന കയറ്റുമതിക്കും വിമാനത്താവളത്തിന്റെ പ്രവർത്തനം വലിയ കുതിപ്പ് നൽകുമെന്ന് കേന്ദ്രമന്ത്രി പ്രതീക്ഷ നൽകി.

മുൻ മുഖ്യമന്ത്രി അന്തരിച്ച സിപിഎം നേതാവ് ഇകെ നായനാരെ പ്രശംസിച്ചാണ് പിണറായി വിജയൻ സംസാരിച്ചത്. കണ്ണൂർ വിമാനത്താവളത്തിന് വേണ്ടിയുളള ആദ്യ നീക്കം നടത്തിയത് അദ്ദേഹമാണ്. അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി സിഎം ഇബ്രാഹിമിനേയും അദ്ദേഹം പുകഴ്ത്തി. വിമാനത്താവളം യാഥാർത്ഥ്യമായതിന് പിന്നിൽ കണ്ണൂരിലെ ജനങ്ങളുടെ പ്രയത്നമാണെന്ന് അദ്ദേഹം പറഞ്ഞു.
Read More: Kannur Airport opening: കണ്ണൂരിലിറങ്ങിയ വിമാനവും ക്യാപ്റ്റൻ കൃഷ്ണൻനായരുടെ സ്വപ്നവും
ആദ്യം പദ്ധതിയെ എതിർക്കുകയാണ് യുഡിഎഫ് ചെയ്തതെന്ന് പേരെടുത്ത് പറയാതെ മുഖ്യമന്ത്രി വിമർശിച്ചചു. പിന്നീട് 2001-2006 കാലത്ത് സർക്കാർ പദ്ധതിക്ക് വേണ്ടി ഒന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
“2001-06 കാലത്ത് എന്തുകൊണ്ടാണ് അവർ എല്ലാ ജോലികളും നിർത്തിവച്ച് ഒന്നും ചെയ്യാതെ ഇരുന്നതെന്ന് എനിക്കിപ്പോഴും മനസിലായിട്ടില്ല. വിഎസ് അച്യുതാനന്ദൻ സർക്കാരിന്റെ കാലത്താണ് പദ്ധതിക്ക് വേണ്ടിയുളള പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നത്. ഭൂമിയേറ്റെടുക്കൽ പൂർത്തീകരിക്കാൻ അച്യുതാനന്ദൻ സർക്കാർ പ്രയത്നിച്ചു,” പിണറായി വിജയൻ പറഞ്ഞു.
എയർപോർട്ടിന്റെ പണി പൂർത്തിയാക്കാതെയാണ് ഉമ്മൻ ചാണ്ടി സർക്കാർ വിമാനത്താവളം ഉദ്ഘാടനം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
‘ഇത് അഭിമാന നിമിഷം’
കണ്ണൂരിൽ നിന്ന് അബുദാബിയിലേക്ക് പോകുന്ന ആദ്യ വിമാനത്തിലെ യാത്രക്കാരനാകാനാണ് കണ്ണൂർ മയ്യിൽ സ്വദേശിയായ പിവി മനോജ്(45) നാട്ടിലേക്ക് വന്നത്. ദുബൈയിൽ ഇന്റീരിയർ ഡിസൈൻ ബിസിനസ് നടത്തുന്ന മനോജിനെ യാത്രയാക്കാൻ ഭാര്യ ഷിമയും വിമാനത്താവളത്തിൽ എത്തിയിരുന്നു.
“ആദ്യ മണിക്കൂറിൽ തന്നെ ടിക്കറ്റുകൾ വിറ്റുതീർന്നു. പക്ഷെ ആദ്യ 15 മിനിറ്റിനുളളിൽ തന്നെ ടിക്കറ്റെടുക്കാൻ മനോജേട്ടന് കഴിഞ്ഞു. കുറച്ച് ദിവസം മുൻപാണ് അദ്ദേഹം കോഴിക്കോട് എയർപോർട്ടിൽ വന്നിറങ്ങിയത്. കണ്ണൂർ എയർപോർട്ടിൽ നിന്നുളള ആദ്യ വിമാനത്തിൽ യാത്ര ചെയ്യണം എന്നത് അദ്ദേഹത്തിന്റെ കുറേക്കാലത്തെ മോഹമായിരുന്നു,” ഷിമ ഇന്ത്യൻ എക്‌സ്‌പ്രസിനോട് പറഞ്ഞു.
Read More: വിമാനത്തിനകത്ത് കൈകൊട്ടി പാട്ടുപാടി കണ്ണൂർ യാത്രക്കാർ; വീഡിയോ കാണാം
“സ്വന്തം നാട്ടിൽ ഒരു എയർപോർട്ട് ഉണ്ടാവുന്നത് വലിയ കാര്യമാണ്. എനിക്കഭിമാനമുണ്ട്. ഞാൻ വളരെയേറെ സന്തോഷവതിയാണ്,” അവർ കൂട്ടിച്ചേർത്തു.
കോഴിക്കോട് വിമാനത്താവളത്തിലേക്ക് വീട്ടിൽ നിന്നും കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും യാത്ര ചെയ്താണ് ഇവർ എത്തിയിരുന്നത്. ചില സമയങ്ങളിൽ ഇത് അഞ്ച് മണിക്കൂർ വരെയാകും. എന്നാൽ കണ്ണൂർ വിമാനത്താവളത്തിലേക്ക് ഇവർക്ക് അര മണിക്കൂർ സമയം പോലും യാത്രയ്ക്ക് വേണ്ട.
മക്കൾക്കൊപ്പമാണ് 48 കാരിയായ ഫാത്തിമ ഷെരീഫ് ഭർത്താവിനെ യാത്രയാക്കാൻ കണ്ണൂർ വിമാനത്താവളത്തിൽ എത്തിയത്. അബുദാബിയിലേക്കുളള ആദ്യ വിമാനത്തിൽ യാത്ര ചെയ്യാൻ ഭാഗ്യം ലഭിച്ച മറ്റൊരാളാണ് ഇവരുടെ ഭർത്താവ് മുഹമ്മദ് ഷരീഫ്. ദുബൈയിൽ ലൈറ്റ്സ് ഷോപ്പ് ഷോറൂമിലാണ് ഷരീഫിന് ജോലി.

“എയർപോർട്ടിൽ എല്ലാ സൗകര്യങ്ങളും ഉണ്ട്. ഇത് വളരെ മുൻപേ വരേണ്ടതായിരുന്നു. എന്നാലും സാരമില്ല. ഒടുവിൽ ഞങ്ങൾക്ക് സ്വന്തമായി എയർപോർട്ട് ലഭിച്ചല്ലോ,” അവർ പറഞ്ഞു.