/indian-express-malayalam/media/media_files/uploads/2023/01/alfaham.jpg)
തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനയ്ക്കായി പ്രത്യേക ടാസ്‌ക് ഫോഴ്സ് (ഇന്റലിജന്‍സ്) രൂപീകരിച്ചു. ഭക്ഷ്യസുരക്ഷാ ഡെപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലുള്ള ടാസ്‌ക് ഫോഴ്സില്‍ അസിസ്റ്റന്റ് കമ്മിഷണര്‍, രണ്ട് ഭക്ഷ്യസുരക്ഷാ ഓഫീസര്‍മാര്‍, ക്ലാര്‍ക്ക് എന്നിവരാണുള്ളതെന്നു ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു.
ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര ഘട്ടങ്ങളില്‍ അന്വേഷിച്ച് ആവശ്യമായ തുടര്‍നടപടികള്‍ എടുക്കുന്നതിനും കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് ചെയ്യുന്നതിനുമാണു ടാസ്‌ക് ഫോഴ്സ് രൂപീകരിച്ചത്. മായം ചേര്‍ത്ത ഭക്ഷ്യവസ്തുക്കള്‍ വിപണിയിലെത്തുന്നതിനു മുമ്പായി തടയുന്നതും രഹസ്യ സ്വഭാവത്തോടുകൂടി അന്വേഷിച്ച് റിപ്പോര്‍ട്ട് ചെയ്യുന്നതും ടാസ്‌ക് ഫോഴ്സിന്റെ ഉത്തരവാദിത്തമാണ്.
ചുമതലകള്‍
- ഭക്ഷ്യവിഷബാധ, ഭക്ഷ്യവസ്തുക്കളിലെ മായം ചേര്‍ക്കല്‍, അവയുടെ ഉത്പാദക കേന്ദ്രങ്ങള്‍, വിപണന മാര്‍ഗങ്ങള്‍ എന്നിവ സംബന്ധിച്ച് പഠിച്ച് അവ ഉണ്ടാകാതിരിക്കാനുള്ള മാര്‍ഗങ്ങള്‍ നിര്‍ദേശിച്ച് റിപ്പോര്‍ട്ട് നല്‍കല്‍
- ഭക്ഷ്യവിഷബാധയുണ്ടായാല്‍ പെട്ടെന്നു നിയന്ത്രിക്കാനുള്ള ഇടപെടല്‍, അന്വേഷണം, റിപ്പോര്‍ട്ട് ചെയ്യല്‍, പ്രവര്‍ത്തനം ഏകോപിപ്പിക്കല്‍ എന്നിവ
- ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്കു നിര്‍ദേശം നല്‍കല്‍, നിലവാരമില്ലാത്ത ഭക്ഷ്യ എണ്ണ, നെയ്യ് എന്നിവ ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ കണ്ടെത്തി നടപടി സ്വീകരിക്കല്‍, അനുവദനീയമല്ലാത്ത കൃത്രിമ നിറങ്ങള്‍ ഉപയോഗിക്കുന്ന സ്ഥാപനങ്ങള്‍ കണ്ടെത്തി നടപടിക്കു നിര്‍ദ്ദേശം നല്‍കല്‍, വ്യാജ ഓര്‍ഗാനിക് ഉത്പന്നങ്ങളുടെ നിര്‍മാണ യൂണിറ്റുകള്‍, വില്‍പ്പന എന്നിവ കണ്ടെത്തി നടപടി സ്വീകരിക്കല്‍, ഹെല്‍ത്ത് സപ്ലിമെന്റ്, ഫുഡ് സപ്ലിമെന്റ് എന്നിവയുടെ നിര്‍മ്മാണ രീതികളെകുറിച്ചുള്ള അന്വേഷണം തുടങ്ങി ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളില്‍ ആവശ്യമായ നടപടികള്‍ എടുക്കുകയും ആവശ്യമായ വിവരങ്ങള്‍ കമ്മിഷണര്‍ക്കു റിപ്പോര്‍ട്ട് നല്‍കുകയും ചെയ്യല്‍, സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ഭക്ഷണത്തെക്കുറിച്ചുള്ള പരാതികളില്‍ ആവശ്യമായ അന്വേഷണവും നടപടിയും റിപ്പോര്‍ട്ടും നല്‍കല്‍, കമ്മിഷണര്‍ നിര്‍ദേശിക്കുന്ന മറ്റു ചുമതലകള്‍ വഹിക്കല്‍ എന്നിവ.
ഭക്ഷ്യവിഷബാധ പോലുള്ള അടിയന്തിര സാഹചര്യത്തില്‍ ടാസ്‌ക്ഫോഴ്സ് അതിന്റെ അന്വേഷണം, തുടര്‍ നടപടികള്‍, റിപ്പോര്‍ട്ടിങ് എന്നിവ നടത്തണം. ജീവനക്കാര്‍ അവരവരുടെ പ്രവര്‍ത്തനം രഹസ്യസ്വഭാവത്തോടെയായിരിക്കണം നിറവേറ്റേണ്ടത്. ഭക്ഷ്യവിഷബാധയുടെ റിപ്പോര്‍ട്ടും പ്രത്യേക അന്വേഷണം നടത്തുന്ന റിപ്പോര്‍ട്ടും കാലതാമസം വരുത്താതെ കമ്മിഷണര്‍ ഓഫീസില്‍ അയയ്ക്കണം. ആറു മാസത്തിലൊരിക്കല്‍ പ്രവര്‍ത്തനങ്ങള്‍ വിലിയിരുത്തുകയും ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുമെന്നും മന്ത്രി അറിയിച്ചു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.