മാനന്തവാടി: ശക്തമായ കാട്ടുതീയില്‍ കര്‍ണാടക ബന്ദിപ്പൂര്‍ വനം അമ്പത് ശതമാനത്തിലേറെ കത്തിയമർന്നതായി കണക്കാക്കപ്പെടുന്നു. ആള്‍നാശം വരെയുണ്ടാക്കിയ തീ ഇതുവരെയും നിയന്ത്രണവിധേയമാക്കാന്‍ കര്‍ണാടക വനപാലകര്‍ക്കു കഴിഞ്ഞിട്ടില്ല. വയനാടിനോട് ചേര്‍ന്നുള്ള തമിഴ്‌നാട് മുതുമല വനത്തിലേക്കും തീപടര്‍ന്നതായാണു കേരള വനപാലകരില്‍നിന്നു ലഭിക്കുന്ന വിവരം. അവിടെയും കാട്ടുതീ രൂക്ഷമായാല്‍ വയനാടന്‍ വനങ്ങള്‍ കൂടുതല്‍ ഭീഷണിയിലാകും.
ബന്ദിപ്പൂര്‍ വനത്തില്‍നിന്നു വയനാടന്‍ വനത്തിലേക്കു തീപ്പടരുന്നത് ഒഴിവാക്കാനുള്ള കഠിനശ്രമത്തിലാണു കേരള വനപാലകര്‍. അതിര്‍ത്തി കടന്ന് കര്‍ണാടകവനത്തില്‍ കടന്ന് ഫയര്‍ബെല്‍റ്റുകള്‍ ഒരുക്കിയും തല്ലിക്കെടുത്തിയും വയനാട്ടിലേക്കു കാട്ടുതീ പ്രവഹിക്കുന്നതു തടയാനാണു വനപാലകരുടെ ശ്രമം. ഇത് ഏറെക്കുറെ വിജയിച്ചിട്ടുണ്ട്. വയനാട് വന്യജീവി സങ്കേതത്തിന്റെ വടക്ക്-കിഴക്ക് ഭാഗത്തെ അതിര്‍ത്തിപ്രദേശങ്ങളായ ബേളൂര്‍, ഗൂളിക്കല്‍, ഭദ്ദക്കുളത്തി, നെല്ലിക്കല്‍ മേഖലകളില്‍ കര്‍ണാടക വനത്തില്‍പ്രവേശിച്ച് 100 കിലോ മീറ്ററിലേറെയാണു ഫയര്‍ ബെല്‍റ്റ് ഒരുക്കിയത്.
ഉണങ്ങിയ പുല്ല് 10 മീറ്റര്‍ വീതിയില്‍ ചെത്തിക്കൂട്ടിയാണു ഫയര്‍ബെല്‍റ്റ് ഒരുക്കുന്നത്. ഇങ്ങനെ വരുമ്പോള്‍ അതിര്‍ത്തിക്ക് ഇപ്പുറത്തേക്കു തീപടരുന്നത് ഒഴിവാക്കാനാവും. വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷിന്റെ നേതൃത്വത്തില്‍ 168 അംഗ വനപാലക സംഘമാണു മൂന്നുദിവസമായി വനത്തില്‍ 24 മണിക്കൂറും ജോലിയിലേർപ്പെട്ടിരിക്കുന്നത്. തീ പടരുന്നത് ഒഴിവാക്കാന്‍ ചെറുസംഘങ്ങളായി തിരിഞ്ഞ് തെരച്ചിലും നടത്തുന്നുണ്ട്. ഇവര്‍ക്കു സഹായത്തിനായി വനംവകുപ്പ് ഓഫീസുകള്‍ രാത്രിയിലും പ്രവര്‍ത്തിക്കുകയാണ്.
Read More:വയനാട് വനാതിർത്തിയിൽ കാട്ടുതീ പടരുന്നു; ചെന്പ്രമല നിന്നു കത്തി
Read More: മൂക്കുന്നിമല തീ അണയാതെ മൂന്നാംനാൾ, തീ അണയ്ക്കാൻ വ്യോമസേനയുടെ മൂന്ന് ഹെലികോപ്ടറുകള്‍ രംഗത്ത്
ബന്ദിപ്പൂര്‍ വനം കത്തുന്ന സാഹചര്യത്തില്‍ വയനാട്ടിലേക്കുള്ള വന്യജീവികളുടെ വരവ് അമ്പതം ശതമാനം വര്‍ധിച്ചതായാണു വനപാലകര്‍ പറയുന്നത്. കാട്ടില്‍ എവിടെ നോക്കിയാലും ആനക്കൂട്ടങ്ങളുടെ സാന്നിധ്യമാണ്. കടുവകളും കൂടുതല്‍ പ്രത്യക്ഷപ്പെടാനിടയുണ്ടെന്നു വയനാട് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പറഞ്ഞു. ഈ സാഹചര്യം വയനാടിനെ കൂടുതല്‍ പ്രതിസന്ധിയിലാക്കും.
കുറിച്യാട് റെയ്ഞ്ചില്‍പ്പെട്ട ചെതലയം വളാഞ്ചേരിക്കുന്നില്‍ ഇന്നലെയുണ്ടായ കാട്ടാന ആക്രമണത്തില്‍ കര്‍ഷകന്‍ കൊട്ടിശേരിക്കുടി കുര്യാക്കോസി(82)നു ഗുരുതര പരുക്കേറ്റു. വലതു കാലിനും കൈകള്‍ക്കും തലയ്ക്കും പരുക്കേറ്റ കുര്യാക്കോസിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്കു രണ്ടോടെ കൃഷിയിടത്തോട് ചേര്‍ന്ന വനത്തില്‍ വിറക് ശേഖരിക്കുന്നതിനിടെയായിരുന്നു ആനയുടെ ആക്രമണം.
ബന്ദിപ്പൂര്‍ കാട്ടുതീ മനുഷ്യജീവനെടുത്തത് ആശങ്കയോടെയാണു വയനാട്ടിലെ വനപാലകര്‍ കാണുന്നത്. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കര്‍ണാടക ഫോറസ്റ്റ് വാച്ചറാണു മരിച്ചത്. ഒരാളെ കാണാതായി. റെയ്ഞ്ചര്‍ ഉള്‍പ്പെടെ ആറുപേര്‍ക്കു ഗുരുതര പൊള്ളലേറ്റതായും വിവരമുണ്ട്.