തിരുവനന്തപുരം: കേരളത്തിൽ കുപ്പിവെളളത്തിന്റെ വില 13 രൂപയാക്കി നിജപ്പെടുത്താൻ ഭക്ഷ്യവകുപ്പിന്റെ നീക്കം. ഇത് അവശ്യ ഭക്ഷണ സാധനങ്ങളുടെ വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് വില കുറയ്ക്കാൻ വിജ്ഞാപനം ഇറക്കാൻ തീരുമാനിച്ചത്. ഇന്ന് കേരളത്തിലെ കുപ്പിവെളള കമ്പനി ഉടമകളുടെയും വിതരണക്കാരുടെയും ചില്ലറ വിൽപ്പനക്കാരുടെയും യോഗം ഭക്ഷ്യ മന്ത്രി പി തിലോത്തമന്റെ അദ്ധ്യക്ഷതയിൽ ചേർന്നിരുന്നു.
“നേരത്തേ കേരളത്തിലെ കുപ്പിവെളള കമ്പനി ഉടമകൾ സർക്കാരിന് പരാതി നൽകിയിരുന്നു. 12 രൂപയാക്കി വില കുറച്ചിട്ടും ഉയർന്ന വിലയാണ് വിപണിയിൽ ഈടാക്കുന്നതെന്ന പരാതിയാണ് ഇവർ ഭക്ഷ്യമന്ത്രിയുടെ മുന്നിൽ വച്ചത്. ഇതിൽ വ്യാപാരി വ്യവസായികളുടെ സംഘടനകളുടെ തീരുമാനം കൂടി ആരാഞ്ഞാണ് ഈ തീരുമാനം സ്വീകരിച്ചിരിക്കുന്നത്,” ഭക്ഷ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇആർ ജോഷി ഐഇ മലയാളത്തോട് പറഞ്ഞു.
വൻകിട കുത്തക കമ്പനികൾ വിപണിയിൽ 20 രൂപയ്ക്കാണ് കുപ്പിവെളളം വിൽക്കുന്നത്. ഇത് ലിറ്ററിന് 8.50 രൂപ നിരക്കിൽ വിതരണം ചെയ്യാൻ സാധിക്കുമെന്ന് കുപ്പിവെളള കമ്പനി ഉടമകൾ പറഞ്ഞു. എന്നാൽ വ്യാപാരികൾ വൻകിട കമ്പനികളുടെ വെളളം മാത്രമാണ് വിറ്റത്. ഇതോടെയാണ് പരാതി മന്ത്രിയുടെ ഓഫീസിലേക്ക് എത്തിയത്.
അവശ്യ ഭക്ഷണ സാധനങ്ങളുടെ പട്ടികയിൽ കുപ്പിവെളളം ഉൾപ്പെടുത്തിയാൽ ഇതോടെ വൻകിട കമ്പനികളും വില കുറയ്ക്കാൻ നിർബന്ധിതരാകും. അങ്ങിനെ വന്നാൽ കുപ്പിവെള്ളം കുറഞ്ഞ നിരക്കിൽ വിപണിയിൽ വിൽക്കാൻ സാധിക്കുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
വ്യാപാരി വ്യവസായി ഏകോപന സമിതി പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. ഇവരോട് യോഗത്തിനിടെ മന്ത്രി ഫോണിൽ ബന്ധപ്പെട്ട് അഭിപ്രായം തേടിയതായി ജോഷി പറഞ്ഞു. സർക്കാർ തീരുമാനം അംഗീകരിക്കാമെന്നാണ് ഇവർ പറഞ്ഞതെന്നും ജോഷി കൂട്ടിച്ചേർത്തു.
ഈ വിജ്ഞാപനം ആദ്യം നിയമ വകുപ്പിന്റെ പരിഗണനയ്ക്ക് അയക്കും. പിന്നീടിത് മുഖ്യമന്ത്രിക്കയക്കും. മന്ത്രിസഭാ യോഗത്തിൽ ഇത് സർക്കാർ തീരുമാനമായി പുറത്തുവരുമെന്ന് ജോഷി പറഞ്ഞു. ചിലപ്പോൾ വൻകിട കമ്പനികൾ കേസിന് പോയേക്കും. അങ്ങിനെ വന്നാൽ തീരുമാനം നടപ്പിലാക്കാൻ സമയമെടുത്തേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.