തിരുവനന്തപുരം: കേരളത്തിലെ പ്രളയ നഷ്ടം വിലയിരുത്തിയ ലോകബാങ്ക്- എഡിബി സഖ്യം സംസ്ഥാന സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കേരളത്തി​​ന്റെ പുനർനിർമാണത്തിന്​ 25000 കോടി രൂപ വേണ്ടിവരുമെന്ന്​ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ​കഴിഞ്ഞ 12 ദിവസത്തോളമായി പ്രളയം ബാധിച്ച പത്തോളം ജില്ലകൾ സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറിക്ക് നല്‍കി. ​ലോകബാങ്കിന്റെ ഇന്ത്യയിലെ തലവന്‍ നിഷാം അബ്ദു, ഏഷ്യന്‍ ഡവലപ്മെന്റ് ബാങ്കിന്റെ (എ.ഡി.ബി) മേധാവി കെനിഷി യോക്കോയാമ എന്നിവരുടെ നേതൃത്വത്തിലാണ് നഷ്ടം വിലയിരുത്തിയത്.

റിപ്പോർട്ട്​ കേന്ദ്ര ധനമന്ത്രാലയത്തിനും സമർപ്പിക്കുമെന്ന്​ ലോകബാങ്ക്​-എ.ഡി.ബി സംഘം അറിയിച്ചു. ജില്ലകളിലെ കലക്​ടർമാരുമായും മറ്റ്​ വകുപ്പ്​ തലവൻമാരുമായും നടത്തിയ ചർച്ചകൾക്കും പഠനത്തിനും ശേഷമാണ്​ ​സംഘം റിപ്പോർട്ട്​ തയാറാക്കിയത്​. തകർന്ന റോഡുകളുടെയും കുടിവെള്ള സംവിധാനങ്ങളുടെയും കാര്യക്ഷമമായ പുനർനിർമാണത്തിനാണ്​ കൂടുതൽ പ്രധാന്യം നൽകുകയെന്ന്​ സംഘം അറിയിച്ചിട്ടുണ്ട്​. ഏതെല്ലാം മേഖലകളിൽ എത്രത്തോളം സഹായം നൽകണമെന്ന കാര്യത്തിൽ തീരുമാനം എടുത്ത്​ നിർദേശം സമർപ്പിക്കേണ്ടത്​​ സർക്കാരാണ്​.

പ്രളയത്തില്‍ തകര്‍ന്ന റോഡുകളും, പാലങ്ങളും പുനര്‍ നിര്‍മ്മിക്കല്‍, കുടിവെള്ള പദ്ധതികള്‍, വൈദ്യുത വിതരണം എന്നിവ പുനസ്ഥാപിക്കല്‍ തുടങ്ങിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി വായ്പ നല്‍കാമെന്ന് നേരത്തേ ലോകബാങ്ക് വ്യക്തമാക്കിയിട്ടുണ്ട്. മധ്യകാല വായ്പകള്‍ നല്‍കാന്‍ തയ്യാറാണെന്ന് ലോകബാങ്ക് അറിയിച്ചിരുന്നു. വായ്പാ നടപടികള്‍ ലളിതമാക്കുമെന്നും ലോക ബാങ്ക് അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ