അങ്ങാടിപ്പുറം: പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ അതിജീവനത്തിനായി നാട് ഒന്നാകെ കക്ഷിരാഷ്ട്രീയ ഭേദമന്യേ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ കോടികള്‍ നല്ല മനസുളളവര്‍ സംഭാവന ചെയ്തു കഴിഞ്ഞു. ഇതിനിടെ ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായവുമായി എത്തിയവര്‍ക്ക് കമ്മല്‍ ഊരി നല്‍കിയിരിക്കുകയാണ് വീട്ടമ്മ. സിപിഎം വൈലോങ്ങര കമ്മിറ്റിയുടെ ദുരിതാശ്വാസ പിരിവിലേക്കാണ് മേച്ചേരിപറമ്പിലെ കോട്ടേക്കാട് ഇന്ദിരയുടെ സഹായഹസ്തം. ബക്കറ്റുമായി പ്രവര്‍ത്തകര്‍ എത്തിയപ്പോള്‍ പ്രളയമേഖലയിലെ ദുരിതാശ്വാസത്തിനാണെന്ന് അറിഞ്ഞതും ഇവര്‍ കമ്മല്‍ ഊരി നല്‍കുകയായിരുന്നു.

പിരിവുകളുമായി സഹകരിക്കരുതെന്ന പ്രചാരണങ്ങളും സജീവമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാത്രമേ സംഭാവന നല്‍കാവൂ എന്നാണ് പലരും പ്രചരിപ്പിക്കുന്നത്. എന്നാല്‍ ദുരിതാശ്വാസ ക്യാംപുകളിലെ ആവശ്യങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ സഹായനിധിയില്‍ നിന്നും ഇപ്പോള്‍ പണം ലഭ്യമാകില്ല എന്നത് വസ്തതുതയാണ്. അതുകൊണ്ട് തന്നെ പല സന്നദ്ധ സംഘടനകളും പാര്‍ട്ടികളും പിരിവ് നടത്തി ക്യാംപുകളില്‍ ഭക്ഷണവും വെള്ളവും ആവശ്യമായ മറ്റ് സാധനങ്ങളും എത്തിക്കുന്നുണ്ട്.

ഇതിനിടെയാണ് അങ്ങാടിപ്പുറത്തെ വീട്ടമ്മയുടെ ഉദാര സംഭാവന ശ്രദ്ധേയമായത്. ഇത്തരത്തില്‍ ആയിരങ്ങളാണ് അതിജീവനം തേടുന്നവരെ സഹായിക്കാന്‍ അകമഴിഞ്ഞ് സഹായിക്കുന്നത്. 20000 കോടി രൂപയുടെ നഷ്ടമുണ്ടായി എന്നാണ് സര്‍ക്കാരിന്റെ പ്രാഥമിക കണക്ക്. നഷ്ടത്തിന്റെ തോത് ഇനിയും ഉയരാനാണ് സാധ്യത. ചെറുതും വലുതുമായ സഹായങ്ങള്‍ എത്തിക്കൊണ്ടിരിക്കുകയാണ്. ഗള്‍ഫ് നാടുകളില്‍ നിന്നും വന്‍തോതില്‍ സഹായം ലഭിക്കുന്നുണ്ട്. യുഎഇ, ഖത്തര്‍ ഭരണകൂടത്തിന് പുറമെ, ഗള്‍ഫിലെ ഇന്ത്യന്‍ സമൂഹവും സഹായവുമായി രംഗത്തുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.