തിരുവനന്തപുരം: മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഭാര്യമാര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന്‍, മന്ത്രിമാരായ എ.കെ. ബാലന്‍റെ ഭാര്യ ഡോ. പി.കെ. ജമീല, ജി സുധാകരന്‍റെ ഭാര്യ ഡോ. ജൂബിലി നവപ്രഭ, കടകംപള്ളി സുരേന്ദ്രന്‍റെ ഭാര്യ എസ്. സുലേഖ, സി. രവീന്ദ്രനാഥിന്‍റെ ഭാര്യ വിജയം എം.കെ, കെ. രാജുവിന്‍റെ ഭാര്യ ബി. ഷീബ, എ.കെ. ശശീന്ദ്രന്‍റെ ഭാര്യ എന്‍.ടി. അനിതകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് 3,23,371 രൂപയുടെ ചെക്കാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. വൈകിട്ട് മൂന്നിന് മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയാണ് ഇവര്‍ പണം കൈമാറിയത്.

പ്രളയത്തിൽ മുങ്ങിയ സംസ്ഥാനത്തെ പുതിയ കേരളമാക്കി പുനർനിർമ്മിക്കാൻ ഒരുമാസത്തെ ശമ്പളം നൽകണമെന്ന് നേരത്തേ മുഖ്യമന്ത്രി ആഹ്വാനം ചെയ്തിരുന്നു. ഒരുമാസത്തെ പെൻഷൻ തുകയാണ് ഏഴ് മന്ത്രിമാരുടെ പത്നിമാർ കൂട്ടായി മുഖ്യമന്ത്രിയുടെ ആഫീസിലെത്തി കൈമാറിയത്. ഏഴുപേരുടെയും പേരും പെൻഷനുമെഴുതിയ ലിസ്റ്റും ചെക്കുമാണ് ഇവർ മുഖ്യമന്ത്രിക്ക് കൈമാറിയത്. മുഖ്യമന്ത്രിയുടെ തിരക്ക് മൂലം രാവിലെ നിശ്ചയിച്ചിരുന്ന പരിപാടി രണ്ടുതവണ മാറ്റിവെക്കേണ്ടിവന്നുവെങ്കിലും വൈകിട്ട് മൂന്നിന് ലഭിച്ച അവസരത്തിൽ വളരെ അഭിമാനത്തോടെയാണ് മന്ത്രിപത്നിമാർ തുക കൈമാറിയത്.

മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് മന്ത്രിമാരുടെ കുടുംബവും ഏറ്റെടുക്കണമെന്നും തങ്ങൾക്കാവുന്ന സഹായം കൂട്ടായി നൽകുന്നത് മറ്റുള്ളവർക്കും മാതൃകയാകുമെന്ന ആശയം തോന്നിയത് വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ പത്നി ഷീബയ്ക്കാണ്. ആദ്യം അത് സുഹൃത്തും പൊതുമരാമത്ത് വകുപ്പ് മന്ത്രി സുധാകരന്റെ പത്നിയുമായ ജൂബിലി നവപ്രഭയോട് പറഞ്ഞു. വളരെ ആവേശത്തോടെയാണ് ജൂബിലി അത് ഏറ്റെടുത്തത്. അതോടെ മുഖ്യമന്ത്രി പിണറായി വിജയന്റെ പത്നി കമല വിജയനുമായി സംസാരിച്ചു. പിന്നീട് മറ്റുളളവരും ഈ ദൗത്യത്തില്‍ പങ്കുചേര്‍ന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.