തിരുവനന്തപുരം: പ്രളയം നാശം വിതച്ച കേരളത്തില്‍ നദികളും കിണറുകളും വലിയ തോതില്‍ വറ്റുന്നു. എല്ലാ നദികളുടേയും ജലനിരപ്പ് താഴുന്ന അസാധാരണ പ്രതിഭാസമാണ് സംസ്ഥാനത്ത് നിലവിലുളളതെന്ന് മന്ത്രി മാത്യു ടി.തോമസ് പറഞ്ഞു. ഡാമുകളിലേക്കുളള നീരൊഴുക്കും വലിയ രീതിയില്‍ കുറഞ്ഞു. നദികളിലെ വെള്ളം പലയിടത്തും അസാധാരണമായ വിധത്തില്‍ താഴ്ന്നുകഴിഞ്ഞു. പ്രളയമുണ്ടായി ആഴ്ചകള്‍ പിന്നിടുമ്പോഴാണ് കേരളത്തില്‍ സമീപകാലത്തെങ്ങും അനുഭവപ്പെടാത്ത നീര്‍ത്താഴ്ച നദികളില്‍ പ്രകടമായത്.

ജലനിരപ്പ് താഴുന്നതിനെ കുറിച്ച് പഠനം നടത്താന്‍ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആന്റ് മാനേജ്‌മെന്റിനോട് (സിഡബ്ല്യുആര്‍ഡിഎം) ആവശ്യപ്പെട്ടതായി മാത്യു ടി.തോമസ് പറഞ്ഞു. ഭൂതലത്തില്‍ വിള്ളലുകള്‍ വീണിട്ടുള്ള മേഖലകളിലും ചെളി അടിഞ്ഞുകൂടി ഉണങ്ങിയ ദുര്‍ബല പ്രദേശങ്ങളിലും പ്രളയാനന്തരം എന്തെല്ലാം മാറ്റങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് പഠിക്കും. പ്രളയാനന്തര വരള്‍ച്ച ഭൂചലന സാധ്യതയിലേക്കും വഴിതുറക്കുന്നു. ജലജീവികളുടെ വംശനാശമാണ് മറ്റൊരു ഭീഷണി. ശക്തമായ കുത്തൊഴുക്ക് ജലഘടനയില്‍ ഉണ്ടാക്കിയ ആഘാതം സൂക്ഷ്മജീവികളുടെ ആവാസ വ്യവസ്ഥ തകര്‍ത്തിട്ടുണ്ട്.

ജലത്തില്‍ ഉപ്പിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍ കായല്‍, നദി എന്നിവിടങ്ങളില്‍ വളരുന്ന മത്സ്യങ്ങളുടെ പ്രജനനത്തേയും ബാധിക്കും. പുതിയതരം രോഗാണുക്കളുടെ വളര്‍ച്ചയ്ക്കും ഭൗമഘടനയിലെ മാറ്റം കാരണമാകുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേരളത്തിന്റെ മിക്ക നദികളിലും ഉരുള്‍പൊട്ടലിന്റെ അവശേഷിപ്പായി അടിഞ്ഞുകൂടിയ ചെളി ഇപ്പോള്‍ത്തന്നെ നദികളെ മൂടിത്തുടങ്ങിയിട്ടുണ്ട്. അതേസമയം സാധാരണയിൽ അധികമായി ഒരു വരൾച്ചയ്ക്ക്‌ ഈ വർഷം സാധ്യത ഞാൻ കാണുന്നില്ലെന്ന് മുരളി തുമ്മാരക്കുടി പറഞ്ഞു. കേരളത്തിലെ പുഴകളിലേക്ക് വെള്ളം ഒഴുകിവരുന്ന സ്ഥലങ്ങളിൽ ഉള്ള കിണറുകളിലും കുളങ്ങളിലും കാണുന്ന ജലനിരപ്പ് ഏത് പുഴയിലേക്കാണോ വെള്ളം ഒഴുകിയെത്തുന്നത് അതിലെ ജലനിരപ്പും ആയി ബന്ധപ്പെട്ടാണ് കിടക്കുന്നത്. പുഴയിലെ ജലനിരപ്പ് താഴുമ്പോൾ നമ്മുടെ കിണറിലെയും കുളത്തിലേയും ജലനിരപ്പും താഴുമെന്നും മുരളി തുമ്മാരക്കുടി പറയുന്നു.

‘ഈ തവണത്തെ മഴക്ക് വളരെ പ്രധാനമായ ഒരു കാര്യം സംഭവിച്ചിട്ടുണ്ട്. അതിവേഗതയിൽ കല്ലും മണലും ഉൾപ്പെട്ട വെള്ളം ആണ് പുഴയിലൂടെ കുത്തി ഒഴുകി വന്നത്. ഇങ്ങനെ വരുന്ന വെള്ളം പുഴയുടെ തന്നെ അടിത്തട്ടിൽ മണ്ണൊലിപ്പ് ഉണ്ടാക്കും, പുഴയുടെ ആഴം കൂടും. ഒറ്റയടിക്ക് നോക്കുമ്പോൾ പുഴ പഴയ പുഴയാണെന്നും അതിലെ ജലനിരപ്പ് കുറഞ്ഞു എന്നും നമുക്ക് തോന്നും. പുഴകളിൽ പാലങ്ങൾ ഉണ്ടെങ്കിൽ അതിന്റെ പില്ലറിൽ നോക്കിയാൽ, അല്ലെങ്കിൽ പുഴയിലേക്ക് കെട്ടിയിറക്കിയ സ്റ്റെപ്പുകൾ ഉണ്ടെങ്കിൽ, പുഴയുടെ നിരപ്പ് താഴുന്നത് മനസിലാക്കാം. നമ്മുടെ കിണറുകളിലേയും കുളത്തിലെയും ജലനിരപ്പ് പുഴയിലെ ജലനിരപ്പിന്റെ കുറവിന് ആനുപാതികമായി താഴുകയും ചെയ്യും. ഇതാണ് ഇപ്പോൾ സംഭവിച്ചുകൊണ്ടിരിക്കുന്നത്’, തുമ്മാരക്കുടി വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ