തിരുവനന്തപുരം: അശാസ്ത്രീയമായ വികസനമാണ് പ്രളയത്തിന് കാരണമെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്.അച്യുതാനന്ദന്‍. ഇന്നത്തെ നിയമസഭാ സമ്മേളനത്തിലാണ് വിഎസ് സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നത്. മാധവ് ഗാഡ്കിലിന്റെ റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായി സമീപിച്ചതിന്റെ അനന്തരഫലമാണ് പ്രളയമെന്നും വിഎസ് അഭിപ്രായപ്പെട്ടു.

മൂന്നാറിലെ അടക്കം കൈയ്യേറ്റങ്ങള്‍ എല്ലാം ഒഴിപ്പിക്കണമെന്നും ക്വാറികള്‍ക്ക് നിയമപരമായി നല്‍കിയ ഇളവുകള്‍ പിന്‍വലിച്ചാകണം അതിന് തുടക്കം കുറിക്കേണ്ടതെന്നും വിഎസ് പറഞ്ഞു. അനധികൃത കൈയ്യേറ്റങ്ങള്‍ ഒഴിപ്പിച്ചു കൊണ്ടായിരിക്കണം നവകേരള നിര്‍മ്മിതിക്കായുള്ള മാസ്റ്റര്‍ പ്ലാന്‍ രൂപീകരിക്കേണ്ടതെന്നും വിഎസ്. കുന്നിടിച്ചതും, കൈയ്യേറ്റങ്ങളും ദുരന്തത്തിന്റെ തീവ്രത കൂട്ടിയെന്നും അദ്ദേഹം പറഞ്ഞു.

അശാസ്ത്രീയമായ വികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം വിലകൊടുക്കേണ്ടി വരുന്നത് പശ്ചിമഘട്ടം അടക്കമുള്ള നമ്മുടെ ഭൂപ്രകൃതിയാണ്. വികസനം വേണ്ടെന്ന് ആരും പറയില്ല, പക്ഷേ കൃത്യമായ ആസൂത്രണത്തിന്റേയും മാസ്റ്റര്‍ പ്ലാനിന്റേയും അടിസ്ഥാനത്തിലല്ലാതെ വ്യക്തിഗത വികസന പദ്ധതികള്‍ നടപ്പിലാക്കരുത്. വികസനം തടസ്സപ്പെടുത്താത്ത പ്രകൃതി സംരക്ഷണമല്ല, പ്രകൃതിയെ നശിപ്പിക്കാത്ത വികസനമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ മുദ്രാവാക്യം. ചിലര്‍ക്കു മുന്നില്‍ നിയമം വഴിമാറുന്ന സ്ഥിതി ഉണ്ടായിക്കൂട. വികസനം ഒരിടത്തും പരിസ്ഥിതി സംരക്ഷണം മറ്റൊരിടത്തും ആസൂത്രണം ചെയ്യുന്ന വൈരൂധ്യം അവസാനിപ്പിക്കണം. വികസനം, ജനങ്ങള്‍ക്കുമേല്‍ നിരന്തരമായി വീഴാന്‍ പാടില്ല. ഇത്തരം നിര്‍ദേശങ്ങളെ വികസന വിരുദ്ധമെന്നും കേവല പരിസ്ഥതിവാദമെന്നും പറഞ്ഞ് കളിയാക്കുന്നവര്‍ക്ക് വേറെ ലക്ഷ്യങ്ങളാണ് ഉണ്ടാവുകയെന്നും വിഎസ് ചൂണ്ടിക്കാണിച്ചു.

നവ കേരള സൃഷ്ടിക്കായി നമുക്കാദ്യം വേണ്ടത് സമഗ്രമായ മാസ്റ്റര്‍ പ്ലാനാണ്. അല്ലാതെ വ്യക്തിഗത പദ്ധതികളല്ല. ആ മാസ്റ്റര്‍ പ്ലാനിന് രൂപം നല്‍കാന്‍ കേരളത്തിലെ യുവജനങ്ങളുടേയും കേരളത്തിനകത്തും പുറത്തുമുള്ള വിധഗ്‌ധരുടേയും വിപുലമായ സഹായം തേടണം. നമ്മുടെ ഡോക്ടര്‍മാരും എൻജിനീയര്‍മാരും നിയമജ്ഞന്മാരും അധ്യാപകരും ബ്യൂറോക്രാറ്റ്സുകളും സാമൂഹ്യ പ്രവര്‍ത്തകരും അടക്കം ഉള്‍പ്പെടുന്ന വിപുലമായ ഒരു കര്‍മസേനയ്ക്ക് രൂപം നല്‍കണം. ആ കര്‍മസേനയ്ക്ക് ഒരു ടേംസ് ഓഫ് റഫറന്‍സ് തയ്യാറാക്കണം. അവിടെ മാറ്റി നിര്‍ത്തലുകളില്ല.

കേരളം കണ്ട മഹത്തായ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുന്നിട്ടു നിന്നത് തീരദേശ മത്സ്യതൊഴിലാളികളാവുന്നു എന്നത് നാം തിരിച്ചറിയണം. എല്ലാ വികസന പ്രവര്‍ത്തനങ്ങളും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളും ആ മാസ്റ്റര്‍ പ്ലാനിന്റെ അടിസ്ഥാനത്തിലായിരിക്കണം. ബോധവത്കരണ കാര്യത്തില്‍ കേരളം മുന്‍പന്തിയില്‍ ആണ്. വ്യക്തമായ പദ്ധതികളോടെ മാര്‍ഗ നിർദ്ദേശങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് ആശിക്കാമെന്നും അദ്ദേഹം പറയുന്നു.

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവരും ഏര്‍പ്പെട്ടിരിക്കുന്നവരുമായ എല്ലാപേരെയും നാം ഈ സന്ദര്‍ഭത്തില്‍ അനുമോദിക്കേണ്ടതുണ്ട്. കേന്ദ്ര സര്‍ക്കാരില്‍ നിന്നും സഹകരണവും ഉണ്ടെന്നും കൂടുതല്‍ സഹായം വാഗ്‌ദാനം ചെയ്തിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞിട്ടുണ്ട്. എന്നാല്‍ പോലും, കൂടുതല്‍ സഹായത്തിനായി കൂട്ടായി സമ്മര്‍ദം ചെലുത്താന്‍ മറ്റെല്ലാ പരിഗണനയും മാറ്റിവച്ച് നാം പരിശ്രമിക്കുകയും വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രളയക്കെടുതി ചര്‍ച്ച ചെയ്യാനായി വിളിച്ചു ചേര്‍ത്ത പ്രത്യേക നിയമസഭാ യോഗം പുരോഗമിക്കുകയാണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.