തിരുവനന്തപുരം: പ്രളയക്കെടുതി ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന പ്രത്യേക നിയമ സഭാ സമ്മേളനം പുരോഗമിക്കുന്നു. സഭയില്‍ പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറിയത്  കെ പി സിസി  വൈസ് പ്രസിഡന്റാ കൂടിയായ പറവൂർ എം എൽ​ എ  വി.ഡി.സതീശനാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിച്ചതിന് പിന്നാലെ കടുത്ത വിമര്‍ശനങ്ങളുമായാണ് വി.ഡി.സതീശന്‍ രംഗത്തെത്തിയത്.

പ്രളയം ഭരണാധികാരികളുടെ ആസൂത്രണമില്ലായ്മ സൃഷ്ടിച്ച മഹാദുരന്തമെന്ന് ചരിത്രം വിധിയെഴുതുമെന്ന് വി.ഡി.സതീശന്‍ പറഞ്ഞു. സര്‍ക്കാര്‍ ദുരിതബാധിതര്‍ക്ക് പ്രഖ്യാപിച്ച 10000 രൂപയുടെ നഷ്ട പരിഹാരം എത്രയും പെട്ടെന്ന് വിതരണം ചെയ്യണം. സര്‍ക്കാര്‍ പ്രഖ്യാപിച്ച ഭക്ഷ്യധാന്യങ്ങളുടെ കിറ്റ് നൂറിലൊരാള്‍ക്ക് പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. എല്ലാ വീടുകളിലും കിറ്റ് എത്തിക്കാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, പ്രളയം മനുഷ്യനിര്‍മ്മിതമായ ദുരന്തമാണെന്നും ഇനി ഇതുപോലൊരു ദുരന്തം ആവര്‍ത്തിക്കാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു. മഴ തകര്‍ത്ത് പെയ്യുമ്പോള്‍ നദികള്‍ നിറയാന്‍ കാത്തുനിന്ന് എല്ലാ ഡാമുകളും ഒന്നിച്ച് തുറന്ന് ഈ മഹാ പ്രളയം സൃഷ്ടിച്ചത് ആരാണെന്നും വി.ഡസതീശന്‍ ചോദിച്ചു.

പ്രളയമുണ്ടായ ആദ്യത്തെ രണ്ട് ദിവസം രക്ഷാപ്രവര്‍ത്തനം നടന്നില്ലെന്നും സര്‍ക്കാര്‍ നോക്കി നില്‍ക്കുകയായിരുന്നുവെന്നും വി.ഡി.സതീശന്‍ ആരോപിച്ചു. വെള്ളം ഇറങ്ങിയതിന് ശേഷമാണ് രക്ഷാപ്രവര്‍ത്തനം നടന്നതെന്നും അദ്ദേഹം പറഞ്ഞു. ആംബുലന്‍സ് കിട്ടാതെ രണ്ട് മൃതദേഹങ്ങള്‍ ബസില്‍ കൊണ്ടു പോകേണ്ട അവസ്ഥ വരെ ഉണ്ടായെന്നും സതീശന്‍ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ സേവനത്തെ അഭിനന്ദിച്ച എംഎല്‍എ അവരുടെ പ്രവര്‍ത്തനത്തില്‍ മറ്റുള്ളവര്‍ അഭിമാനിക്കേണ്ടതില്ലെന്നും പറഞ്ഞു.

മഴ പെയ്തതുകൊണ്ടാണ് പ്രളയമുണ്ടായതെന്ന മുഖ്യമന്ത്രിയുടെ നിലപാട് മുല്ലപ്പെരിയാര്‍ കേസില്‍ കേരളത്തിന്റെ നടുവൊടിക്കുന്നതാണെന്നും സതീഷന്‍ ആരോപിച്ചു. ഇതിനിടെ സഭയില്‍ ബഹളമുണ്ടായി. സതീശന്റെ പ്രസംഗത്തിനിടെ ഭരണകക്ഷി എംഎല്‍എമാര്‍ ശബ്ദമുയര്‍ത്തിയതോടെ ഇരുവിഭാഗങ്ങള്‍ തമ്മിൽ വാക്പോരിലേക്ക് എത്തുകയായിരുന്നു. താന്‍ പ്രസംഗിക്കുന്നതിനിടെ മന്ത്രി എം.എം.മണി തന്നെ പരിഹസിക്കുന്ന ചേഷ്ട കാണിച്ചെന്നും സതീശന്‍ ആരോപിച്ചു.

മണി മന്ത്രിയായപ്പോള്‍ താന്‍ നെറ്റി ചുളിച്ചിരുന്നുവെന്നും അത് ഇപ്പോള്‍ ശരിയായെന്നും വി.ഡി.സതീശന്‍ പറഞ്ഞു. വൈദ്യുതി വകുപ്പ് മന്ത്രിയും ജലവിഭവ വകുപ്പ് മന്ത്രിയും ഡാം തുറക്കുന്നതിനെ കുറിച്ച് പരസ്പര വിരുദ്ധമായ കാര്യങ്ങളാണ് പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.