തിരുവനന്തപുരം: പ്രളയത്തില്‍ നിന്നും കേരളത്തെ കൈപിടിച്ച് കയറ്റിയ മത്സ്യത്തൊഴിലാളികളോട് നന്ദി പറഞ്ഞ് തിരുവനന്തപുരം കലക്ടര്‍ വാസുകി ഐഎഎസ്. ഇന്നലെ നടന്ന മത്സ്യത്തൊഴിലാളികളെ ആദരിക്കല്‍ ചടങ്ങിലായിരുന്നു വാസുകിയുടെ വികാരഭരിതമായ പ്രസംഗം.

മത്സ്യത്തൊഴിലാളികളോട് തനിക്ക് പ്രത്യേക സ്‌നേഹവും ബന്ധവുമുണ്ടായിരുന്നു. ഇപ്പോഴത് പലയിരട്ടി കൂടിയിരിക്കുകയാണ്. മാത്രമല്ല ഒരുപാട് അഭിമാനവുമുണ്ട്. താന്‍ വരുന്ന നാട്ടിലെ സംസ്‌കാരം അനുസരിച്ച് കൈകൂപ്പിയാണ് നന്ദി പറയുക എന്നു പറഞ്ഞ വാസുകി കൈകള്‍ കൂപ്പി മത്സ്യത്തൊഴിലാളികളോട് നന്ദി പറഞ്ഞു. ഇത് തന്റെ മാത്രം നന്ദിയല്ലെന്നും നിങ്ങള്‍ പോയി സേവനം ചെയ്ത ഓരോ ജില്ലയിലെ കലക്ടര്‍മാരും സര്‍ക്കാരും പറയുന്നതാണെന്നും അവര്‍ വ്യക്തമാക്കി.

തന്‍റെ വ്യക്തിപരമായ അനുഭവം പങ്കുവയ്ക്കാതെ അവസാനിപ്പിക്കാനാകില്ലെന്ന് പറഞ്ഞു കൊണ്ട് അവര്‍ പ്രളയകാലത്ത് എങ്ങനെയാണ് മത്സ്യത്തൊഴിലാളികള്‍ തന്റെ മനസ് സ്പര്‍ശിച്ചതെന്ന് പറഞ്ഞു. പത്തനംതിട്ടയില്‍ നിന്നും സഹായ അഭ്യര്‍ത്ഥന വന്നപ്പോള്‍ തനിക്ക് പരിചയമുള്ള മത്സ്യത്തൊഴിലാളികളേയും അച്ചന്മാരേയും വിളിച്ചു. എന്നാല്‍ അവര്‍ അപ്പോഴേക്കും രക്ഷാപ്രവര്‍ത്തനത്തിന് പോകാന്‍ തയ്യാറായി നില്‍ക്കുകയായിരുന്നുവെന്നും വാഹനങ്ങള്‍ അറേഞ്ച് ചെയ്താല്‍ മതിയെന്നായിരുന്നു അവര്‍ പറഞ്ഞതെന്നും വാസുകി പറഞ്ഞു.

ആലപ്പുഴയില്‍ നിന്നും സഹായ അഭ്യര്‍ത്ഥന എത്തിയപ്പോഴേക്കും താന്‍ ഏറെക്കുറെ നിസ്സഹായയായിരുന്നുവെന്നും എന്നാല്‍ ബിഷപ്പ് ഹൗസില്‍ നിന്നും ലഭിച്ച സന്ദേശം എത്ര മത്സ്യത്തൊഴിലാളികളെ വേണമെന്ന് പറഞ്ഞാല്‍ മതിയെന്നായിരുന്നുവെന്നും അവര്‍ പറഞ്ഞു. ആ വാക്ക് തനിക്ക് നല്‍കിയ ആത്മവിശ്വാസം പറഞ്ഞ് അറിയിക്കാനാകാത്തത് ആണെന്നും വാസുകി കൂട്ടിച്ചേര്‍ത്തു.

ബൈബിളില്‍ പറയുന്നുണ്ട്, പ്രളയത്തില്‍ നോഹ ലോകത്തെ രക്ഷപ്പെടുത്തിയതിനെ കുറിച്ച്. ഇവിടെ പ്രളയമുണ്ടായപ്പോള്‍ ഓരോ മത്സ്യത്തൊഴിലാളിയും നോഹയായിരുന്നു. നമ്മള്‍ ഓരോരുത്തരേയും അവര്‍ രക്ഷിച്ചു,” വാസുകി പറഞ്ഞു. പൊലീസിനും മോട്ടോ വെഹിക്കിള്‍ വിഭാഗത്തിനും ഒരുമിച്ച് നിന്ന എല്ലാവര്‍ക്കും നന്ദി പറയുന്നതായും അവര്‍ അറിയിച്ചു. കൂടാതെ കേരളത്തിലെ മീന്‍ കറിയെ കുറിച്ചായിരുന്നു ഇതുവരേയും പറഞ്ഞിരുന്നതെങ്കില്‍ ഇനി കേരളത്തിലെ സൈന്യമായ മത്സ്യത്തൊഴിലാളികളെ കുറിച്ചായിരിക്കും സംസാരിക്കുകയെന്നും അവര്‍ പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.