കൊച്ചി: പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി കേരളത്തിന് യുഎഇ പ്രഖ്യാപിച്ച 700 കോടി ധനസഹായം സ്വീകരിക്കുന്നതിൽ അനിശ്ചിതത്വം. രാജ്യത്ത് ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് വിദേശസഹായം തേടുന്നത് ഇന്ത്യ നേരത്തെ അവസാനിപ്പിച്ചതിനാലാണിത്.
കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് നിലവില്‍ രാജ്യാന്തര സഹായം ആവശ്യമില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിദേശ സഹായം തേടുന്നത് 2007-ല്‍ അന്നത്തെ യുപിഎ സർക്കാരാണ് അവസാനിപ്പിച്ചത്. ഈ സാഹചര്യത്തിൽ കേന്ദ്രം കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുമോയെന്ന് വ്യക്തമല്ല.
ഇതോടെ കേന്ദ്ര നിലപാട് ഈ കാര്യത്തിൽ നിർണ്ണായകമായി. കഴിഞ്ഞ ദിവസം നൂറ് ദശലക്ഷം ഡോളർ കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ നൽകാൻ ഉദ്ദേശിക്കുന്നതായി യുഎഇ ഭരണാധികാരികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു.
ഇന്നലെയാണ് ഇക്കാര്യം പുറംലോകം അറിഞ്ഞത്. നിലവിലെ സാഹചര്യം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെ നേരിടാൻ സാധിക്കുമെന്നാണ് കേന്ദ്രം നിലപാട് സ്വീകരിച്ചിരിക്കുന്നത്. യുഎന്നും ജപ്പാനും വാഗ്ദാനം ചെയ്ത സഹായങ്ങൾ സ്വീകരിക്കുന്നതിലും കേന്ദ്രം വിമുഖത കാട്ടിയിട്ടുണ്ട്.