കൊച്ചി: പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിന് സഹായം നൽകാൻ സന്നദ്ധത അറിയിച്ച് ഐക്യരാഷ്ട്ര സഭയും രംഗത്ത്. പ്രളയക്കെടുതിയിൽ അകപ്പെട്ട് ദുരിതത്തിലായവരുടെ പുനരധിവാസം അടക്കമുളള കാര്യങ്ങൾക്ക് സഹായം നൽകാനാണ് സന്നദ്ധത അറിയിച്ചിരിക്കുന്നത്.

ഇത് സംബന്ധിച്ച് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഏകോപനത്തിന്റെ മേൽനോട്ടം വഹിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഐക്യരാഷ്ട്രസഭ കത്തയച്ചു. ഇമെയിലിലൂടെയാണ് ഐക്യരാഷ്ട്രസഭ സഹായ സന്നദ്ധത അറിയിച്ചത്. ഐക്യരാഷ്ട്രസഭയുടെ ഇന്ത്യയിലെ റസിഡന്റ് കമ്മിഷണറാണ് ഇമെയിലയച്ചത്.

മുഖ്യമന്ത്രി അനുവദിക്കുന്ന പക്ഷം കേരളത്തിലെത്തി പുനരധിവാസ പ്രവർത്തനങ്ങളിൽ പങ്കാളികളാകാമെന്നാണ് അറിയിച്ചിരിക്കുന്നത്. ഐക്യരാഷ്ട്ര സഭയുടെ ഇടപെടൽ ആവശ്യപ്പെട്ട് ലോകത്താകമാനമുളള മലയാളികൾ ശ്രമങ്ങൾ ആരംഭിച്ചതിന് പിന്നാലെയാണ് അനുകൂലമായ ഇടപെടൽ. ഈ ആവശ്യം ഉന്നയിച്ച് ഇതിനോടകം രണ്ട് ലക്ഷത്തിലധികം ആളുകൾ ഐക്യരാഷ്ട്ര സഭയ്ക്ക് അയച്ച കത്തിൽ ഒപ്പുവച്ചിരുന്നു. Change.org വഴി അയച്ച കത്തിലാണ് ഈ ആവശ്യം ഉന്നയിച്ചിരുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ